Thursday, February 12, 2009

ചീട്ടു കളി മാഹാത്മ്യം - രണ്ടാം ഭാഗം 

ചീട്ടു കളി ക്ലബ്ബിന്‍റെ ആദ്യകാലത്ത് ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ വേര്‍തിരിവ്ഉണ്ടായിരുന്നു. സീനിയേര്‍സിന്‍റെ ദൃഷ്ടിയില്‍ മറ്റുള്ളവര്‍ തികച്ചും ശിശുക്കള്‍.കളിയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചു തുടങ്ങുന്നവര്‍. ക്ലബ്ബിന്‍റെ ജീവാത്മാവും പരമാത്മാവും ആയിരുന്ന സെക്രട്ടറി ചന്ദ്രന്‍ മാസ്റ്റര്‍ സീനിയര്‍ ടീമിന്‍റെ ലീഡര്‍ കൂടി ആയിരുന്നു. തേനൂരില്‍ നിന്നും വന്നിരുന്ന ബാലന്‍ നായര്‍,ഗോവിന്ദന്‍,ജനാര്‍ദ്ദനന്‍, അബ്ദുള്‍ സുബ്‌ഹാന്‍, പറളിയിലെ കുഞ്ഞുമോനുക്ക, സേതു നായര്‍, ദാസേട്ടന്‍, കാസ്സിം, ഡോക്ടര്‍ വിക്ടര്‍ എന്നിവരൊക്കെ സീനിയര്‍ വിഭാഗത്തില്‍ പെടും. ജൂനിയര്‍ കളിക്കാരാണ്അംഗസംഖ്യയില്‍ കൂടുതല്‍. ഫുട്ബോളോ,ബാഡ്മിന്‍റനോ കളിച്ച് ഇരുട്ടാവുമ്പോഴേ ജൂനിയേര്‍സ്ക്ലബ്ബിലെത്തു. വൈകീട്ട് ഏഴു മണി കഴിഞ്ഞാല്‍ ജൂനിയര്‍ ടീം ചീട്ടുകളി നിര്‍ത്തി കാരണവന്മാര്‍ക്ക്ബാറ്റണ്‍ കൈമാറണം. അവര്‍ 9 മണി കഴിഞ്ഞതിന്ന്ശേഷമേ കളി നിറുത്തുകയുള്ളു. ഈ പരിപാടിയില്‍ ഇളയ തലമുറക്ക്മുറുമുറുപ്പ്ധാരാളം ഉണ്ടായിരുന്നു.

ആദ്യ കാലങ്ങളില്‍ ക്ലബ്ബ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങളിലൊന്നും വൈദ്യുതി ഉണ്ടായിരുന്നില്ല. വെല്‍ഫയര്‍ കെട്ടിടത്തിന്ന്മുമ്പില്‍ ഒരു തെരുവു വിളക്ക് ഉണ്ട്. അതിന്‍റെ വെട്ടത്തില്‍ കളിക്കാന്‍ പറ്റും. എന്നാലും കമ്പിറാന്തല്‍ കൊളുത്തി വെച്ച് അകത്തേ കളിക്കാറുള്ളു. ഒരു ദിവസം കളി കഴിഞ്ഞ് ഞങ്ങള്‍ ഇറങ്ങാറായ സമയം. ചന്ദ്രന്‍ മാസ്റ്റര്‍ വന്ന് എന്നോട് " കുട്ടി, റാന്തലില്‍ മണ്ണെണ്ണ തീര്‍ന്നു. കുറച്ച് വാങ്ങി ഒഴിച്ചിട്ട് വരൂ ' എന്ന് പറഞ്ഞു. ഞാന്‍ ഒരു വിധേയനെ പോലെ അനുസരിക്കാന്‍ തയ്യാറായതാണ് .പെട്ടെന്ന് രാമകൃഷ്ണന്‍ എന്‍റെ കയ്യില്‍ നിന്നും റാന്തല്‍ വാങ്ങി. " ദാസേട്ടന്‍ അവരെ പോലെ ഒരു ഉദ്യോഗസ്ഥനാണ്. നിങ്ങള്‍ റാന്തല്‍ തൂക്കി പോവരുത്. ഞങ്ങള്‍ പോയി വാങ്ങി കൊടുക്കാം. നിങ്ങള്‍ വീട്ടിലേക്ക് പോവിന്‍ ' എന്നും പറഞ്ഞ്എന്നെ അയച്ചു.

പിറ്റേന്ന് ക്ലബ്ബിലെത്തിയപ്പോള്‍ ആകെ ഒരു പുകില്. ഞാന്‍ വലിയ എന്തോ തെറ്റ് ചെയ്തതു പോലെ. അന്വേഷിച്ചപ്പോള്‍ തലേന്ന് വിളക്ക് സ്വല്‍പ്പനേരം കത്തിയ ശേഷം മുനിഞ്ഞ് കത്താന്‍ തുടങ്ങി. പിന്നീട് അത് അണഞ്ഞു. കുലുക്കി നോക്കുമ്പോള്‍ നിറയെ എണ്ണ ഉണ്ട്. അവസാനം പരിശോദിച്ചപ്പോള്‍ അകത്ത് മുഴുവന്‍ വെള്ളം. പിന്നെ ഒന്നും ചെയ്യാനില്ല. കളി മുടങ്ങി. അതിന്‍റെ മുഷിച്ചിലാണ്. ഞാന്‍ കൂട്ടുകാരോട് വിവരം ചോദിച്ചു." ഞങ്ങള്‍ ഭാരതപുഴയില്‍ ഇറങ്ങി, റാന്തലില്‍ വെള്ളം നിറച്ച് ക്ലബ്ബില്‍ വെച്ചു.മൂട്ടില്‍ കുറച്ച് എണ്ണ ഉണ്ടായിരുന്നത് കത്തി കഴിഞ്ഞപ്പോള്‍ വിളക്ക് കെട്ടു കാണും '. എത്ര സിമ്പിളായ മറുപടി.പക്ഷെ അവര്‍ക്ക്തക്കതായ കാരണം ഉണ്ടായിരുന്നു. " ഇന്നലെ നമ്മള്‍ മണ്ണെണ്ണ വാങ്ങി കൊടുത്താല്‍ അത് നമ്മുടെ പണി ആവും.നമ്മള്‍ അവരുടെ കൂലിക്കാരൊന്നുമല്ലല്ലോ .ആവശ്യക്കാര്‍ പോയി വാങ്ങട്ടെ '. റാന്തല്‍ വിളക്കില്‍ വെള്ളം നിറച്ചു എന്ന ഈ അപരാധം മുപ്പതു കൊല്ലം കഴിഞ്ഞിട്ടും എന്‍റെ പേരില്‍ ആരോപിച്ചിരുന്നു.

സീനിയേര്‍സിന്‍റെ ഡംഭ് അവസാനിപ്പിക്കാന്‍ ഒരു അവസരം കൊല്ലങ്ങള്‍ക്ക് ശേഷം ലഭിച്ചു.ഞങ്ങളെ തോല്‍പ്പിക്കാന്‍ പോന്ന ഒരു ടീമും ഇല്ല , ഇനി ഉണ്ടാവുകയുമില്ല എന്ന മട്ടിലുള്ള ഒരു അവകാശ വാദം പലകുറി കേട്ടപ്പോള്‍ ആകെ ക്കൂടി ചൊറിഞ്ഞു വന്നു. അപ്പോഴേക്കും ഞാന്‍ സീനിയര്‍ ടീമില്‍ ഇടം പിടിച്ചിരുന്നു.ഇത് ഒന്ന് കലക്കണം എന്ന് ഒരു ഉള്‍വിളി ഉണ്ടായി.ഓഫീസില്‍ 56 വിളിച്ച് കളിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. ക്ലബ്ബിലുള്ളവര്‍ക്ക് അത് അറിയില്ല.എന്നാല്‍ ക്ലബ്ബില്‍ ചീട്ട് വിളിച്ചു കളിക്കുന്ന രീതി എനിക്ക് നന്നായി അറിയും.ഓഫീസിലെ കൂട്ടുകാരായ വരദരാജനോടും കുട്ടിയേട്ടനോടും ഞാന്‍ വിവരം പറഞ്ഞു. അവര്‍ക്കും ക്ലബ്ബില്‍ കളിക്കുന്ന രീതി അറിയും. നമുക്ക് ഒരു മത്സരത്തില്‍ ടീമായി കളിച്ചാലോ എന്ന് ഞാന്‍ ചോദിച്ചു. ഇരുവരും തയ്യാര്‍.

അടുത്ത തവണ സീനിയേര്‍സ് അഹങ്കാരം പറഞ്ഞപ്പോള്‍ ഞാന്‍ അവരെ കളിക്കാന്‍ വെല്ലു വിളിച്ചു. എന്‍റെ ഓഫീസിലെ പ്രഗത്ഭരല്ലാത്ത രണ്ടു കളിക്കാരെ കൊണ്ടുവരാം. എന്നിട്ട് ഞങ്ങള്‍ തോറ്റാല്‍ നിങ്ങള്‍ കേമന്മാര്‍. അല്ലാത്തപക്ഷം ഇനി മുതല്‍ വിമ്പ് പറയരുത്. അമിതമായ ആത്മവിശ്വാസം കാരണം, ഞങ്ങള്‍ തോറ്റ് തൊപ്പിയിട്ട് പോകുമ്പോള്‍ കരയരുത് എന്നായി അവര്‍.

എനിക്ക് അപ്പോള്‍ അലനെല്ലൂരിലേക്ക് ബാഡ്മിന്‍റന്‍ ടൂര്‍ണ്ണമെന്‍റിന്ന് പോയ കാര്യം ഓര്‍മ്മ വന്നു.വേനല്‍ കാലങ്ങളില്‍ പാടത്ത് ബാഡ്മിന്‍റന്‍ കളിക്കും. അതിലും ഞങ്ങളെ തോല്‍പ്പിക്കാന്‍ പോന്നവര്‍ ജനിച്ചിട്ടില്ല എന്ന ചിന്താഗതിക്കാരായിരുന്നു സീനിയേര്‍സ്. അങ്ങിനെയിരിക്കെ അലനെല്ലൂരില്‍ ഒരു ബാഡ്മിന്‍റന്‍ ടൂര്‍ണ്ണമെന്‍റ് നടക്കുന്ന വിവരം അറിഞ്ഞു.മാച്ചിന്ന് ടീമിനെ അയക്കണമെന്നായി. പ്രവേശന ഫീസും അപേക്ഷയും അയച്ചു. അന്നു മുതല്‍ കളിയെക്കുറിച്ചായി സംഭാഷണം.അലനല്ലൂര്‍ ഒരു ചെറിയ ഗ്രാമമാണ്. അവിടെ നല്ല കളിക്കാര്‍ ഉണ്ടാവാന്‍ സാദ്ധ്യതയില്ല. അവരെ നിലംപരിശ് ആക്കണം എന്നിത്യാദി വിടുവാക്കുകള്‍ കേട്ടുതുടങ്ങി.

അലനെല്ലൂരിലേക്ക് നല്ല ദൂരമുണ്ട്. കളിദിവസം രാവിലെ തന്നെ അങ്ങോട്ട് പോവാനായി വാഹനങ്ങള്‍ ഏര്‍പ്പാടാക്കി. കളിക്കാര്‍ക്ക്കാര്‍ ഒരെണ്ണം. മറ്റുള്ളവര്‍ക്ക് മൂന്ന്ജീപ്പുകള്‍. ഗ്രൌണ്ട് സപ്പോര്‍ട്ടിന്ന് ആളു വേണം.ഒട്ടും കുറയരുതല്ലോ.ഉച്ച കഴിഞ്ഞതും സംഘം യാത്രയായി. എനിക്ക് പോവാന്‍ സാധിച്ചില്ല. സന്ധ്യയോടെ തോറ്റ് തൊപ്പിയിട്ട് കക്ഷികള്‍ മടങ്ങിയെത്തി. ഒറ്റ പന്ത് തൊടാന്‍ നമ്മുടെ കളിക്കാര്‍ക്ക് കഴിഞ്ഞില്ല എന്ന് പിന്നീട് കളി കാണാന്‍ ചെന്ന കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു.ഇതും അതു മാതിരി ആവണേ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. കുട്ടിയേട്ടനോടും വരദരാജനോടും ഞാന്‍ ഒന്നേ പറഞ്ഞുള്ളു. കയ്യ് വിളിക്കുന്നത് ഓഫീസിലേതു പോലെ മതി. എതിരാളികള്‍ക്ക് അറിയില്ല. അവര്‍ വിളിക്കുന്നത് നമ്മള്‍ ശ്രദ്ധിച്ച് കളിച്ചാല്‍ മതി.

ഞായറാഴ്ച രാവിലെ പത്തു മണിക്ക് കളി. കുഞ്ഞുമോനുക്ക റഫറി. കളിയില്‍ ജയം കണക്കാക്കുന്നത് ബെസ്റ്റ് ഓഫ് ത്രീ രീതിയില്‍. രണ്ടെണ്ണം ജയിച്ച ടീം വിജയി.ആദ്യത്തെ കളി ഞങ്ങള്‍ ജയിച്ചു. നിങ്ങള്‍ എത്ര പൊങ്ങുമെന്ന് നോക്കട്ടെ എന്ന് കരുതി വിട്ടു തന്നതാണ്. ഇനി കാണിച്ചു തരാം എന്നായി എതിര്‍ ടീം. എന്നാല്‍ അതിലും അവര്‍ മുട്ടുകുത്തി. പേരിന്ന്ഒരു വട്ടം കൂടി കളിച്ചു നോക്കി. അതിലും ഞങ്ങളെ തോല്‍പ്പിക്കാനായില്ല. കളി കഴിഞ്ഞപ്പോള്‍ " ഇന്ന് ഒട്ടും കയ്യ് കേറീലാ' എന്ന് സേതു നായര്‍ പറഞ്ഞു.
" നിങ്ങള്‍ മിണ്ടാണ്ടിരിക്കിന്‍. കുട്ടികള്‍ എന്താ വിളിച്ചത് എന്ന് നിങ്ങക്ക് അറിഞ്ഞിട്ടു വേണ്ടേ ജയിക്കാന്‍ ' എന്നായി റഫറി. എന്നിട്ട് എന്നോട് "ഉണ്ണീ, ഇമ്മാതിരി വിളി ഞാന്‍ ആദ്യായിട്ട് കേള്‍ക്കുന്നതാ, എന്താ അതിന്‍റെ ഗുട്ടന്‍സ് ' എന്ന് ആരായുകയും ചെയ്തു.

ട്രാന്‍സ്മിഷന്‍ ഡിവിഷനില്‍ ജോലി ചെയ്യുന്ന കാലത്താണ്' ഉച്ച ഭക്ഷണം കഴിഞ്ഞ് ഉള്ള ഒഴിവു സമയത്ത് ചീട്ടുകളിയില്‍ ഏര്‍പ്പെട്ടു തുടങ്ങിയത്. അവിടെ നല്ല നല്ല കളിക്കാരുണ്ടായിരുന്നു. കുറച്ചു സമയമേ കിട്ടിയിരുന്നുള്ളു എങ്കിലും കളി വാശിയേറിയതായിരുന്നു.ഉച്ച കളിക്കുള്ള പ്രചോദനം കിട്ടിയത് അവിടെ നിന്നാണ്. ഇലക്ട്രിക്കല്‍ ഭാഗത്തേക്ക് മാറിയതോടെ ചീട്ടു കളിയുടെ ശുക്രദശ ആയി. എത്ര എത്ര കളിക്കാര്‍.എന്തെല്ലാം ടൈപ്പ് കളികള്‍. പോരാത്തതിന്ന് ചില കൊല്ലങ്ങളില്‍ നടത്താറുള്ള മത്സരങ്ങള്‍. ജില്ലയിലെ മിക്കവാറും ഓഫീസുകളില്‍ മത്സരവിവരം അറിയിക്കും. കളിയില്‍ താല്പര്യമുള്ളവര്‍പേരുകൊടുക്കും. ടീം ഉണ്ടാക്കുമ്പോള്‍ മികച്ച കളിക്കാര്‍ ഇഷ്ടപ്പെട്ട കൂട്ടുകാരെ കൂട്ടി ചേര്‍ത്തി ടീം ഉണ്ടാക്കും.

വിജയികള്‍ക്ക് സ്റ്റീല്‍ പാത്രങ്ങള്‍, പേള്‍പെറ്റ് ജാറുകള്‍ എന്നിവ സമ്മാനം. ഏറ്റവും കൂടുതല്‍ ഇനങ്ങളില്‍ വിജയിച്ച് കൂടുതല്‍ പോയന്‍റ് കിട്ടിയ വ്യക്തിക്ക് വ്യക്തിഗത ചമ്പ്യന്‍ഷിപ്പ് കപ്പ് നല്‍കും.എനിക്ക് ധാരാളം സമ്മാനങ്ങളും കപ്പും കിട്ടിയിട്ടുണ്ട്. ക്ലബ്ബിലെ സുഹൃത്തുക്കള്‍ക്ക് മാത്രമേ ഇത്തരം വിജയങ്ങളില്‍ അസഹിഷ്ണുതയുള്ളു. അവര്‍ കിണ്ടിയും കിണ്ണവും സമ്മാനം കിട്ടി എന്നും പറഞ്ഞ് കൊതിക്കെറുവ് പ്രകടിപ്പിക്കും.ഒരിക്കല്‍ കാരം ബോര്‍ഡ് കളിക്ക് പറ്റിയ ജോഡിയെ കിട്ടാതെ സുന്ദരന്‍ വിഷമിച്ച് ഇരിക്കുകയാണ്. അവന്‍ സാമാന്യം നന്നായി കളിക്കും. കഷ്ടകാലം മൂത്ത സമയത്ത് "എടാ ഉണ്ണ്യേ, നിനക്ക് എന്‍റെ കൂടെ കളിക്കാന്‍ വിരോധമുണ്ടോ'എന്ന ഒരു ചോദ്യം. ആ കളിയില്‍ എന്‍റെ കഴിവ് അറിഞ്ഞിരുന്നുവെങ്കില്‍ അവന്‍ അത് ചോദിക്കുമായിരുന്നില്ല.ഞാന്‍ ഗൌരവത്തില്‍ കുറച്ചു നേരം ഇരുന്നു. ഞാന്‍ ആവശ്യം നിരസിക്കുമെന്ന് അവന്‍ കരുതി കാണും. ഒടുവില്‍ " എനിക്ക് വിരോധമൊന്നുമില്ല, പക്ഷേ നീ നന്നായി കളിച്ച് ജയിച്ചോളണം, എന്നെ കുറ്റം പറയരുത് ' എന്നും പറഞ്ഞു ടീം അംഗമായി. പാവം സുന്ദരന്‍. ഒന്നാം റൌണ്ടില്‍ തന്നെ തോറ്റുപോയിട്ടും സ്നേഹമുള്ളതിനാല്‍ എന്നെ ഒന്നും പറഞ്ഞില്ല.

പല ദിവസങ്ങളിലും ശകലം ചില്ലറ ഇറക്കി കളിച്ചു നോക്കിയിരുന്നു. റമ്മിയാണ് വിനോദം. ചിലപ്പോള്‍ കിട്ടും, ചിലപ്പോള്‍ പോവും. തട്ടി കിഴിച്ചു നോക്കിയാല്‍ നഷ്ടം ആവില്ല. സ്കൂട്ട്, ഹാഫ്, ഫുള്‍ എന്നിവക്ക് 25പൈസ, 50പൈസ, 1.00 രൂപ നിരക്കില്‍ തുടങ്ങി 2.00 , 5.00, 10.00 രൂപ നിരക്കിലേക്ക് ഉയരുകയും പബ്ലു രംഗത്ത് പ്രവേശിക്കുകയും ചെയ്തതോടെ കളിക്കാര്‍ പെരുകി.സമ്പാദിക്കാമെന്ന് വിചാരിച്ച് കളിക്കാനിരിക്കരുത്, വെറും വിനോദമായേ കണക്കാക്കാന്‍ പാടുള്ളു, വലിയ തുകകള്‍ വെച്ച് കളിക്കരുത്, ഒരു സ്ഥിരം ഏര്‍പ്പാട് ആക്കരുത് എന്നിങ്ങനെ ചില നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്താന്‍ പറ്റുന്നവരെ കളിക്കാവൂ എന്നാണ് എനിക്കുള്ള അഭിപ്രായം. പിന്നെ ഒന്നുണ്ട്. രാമന്‍ കുട്ടി സ്ഥിരമായി പറയാറുള്ള കാര്യം. വിന്ദം എന്ന മുഹൂര്‍ത്തത്തില്‍ എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ അത് തിരികെ കിട്ടും എന്നാണ് അത്.
കളിക്കാരന്‍ കളിക്കാനിരിക്കുമ്പോള്‍ ആ സമയം വിന്ദം ആണെന്ന് സങ്കല്‍പ്പിച്ചാല്‍ മതിയത്രേ. എന്‍റെ അഭിപ്രായത്തില്‍ ഇതിന്‍റെ വിപരീതം കൂടി കണക്കിലെടുക്കണം. അതായത് വിന്ദം എന്ന മുഹൂര്‍ത്തത്തില്‍ എന്തെങ്കിലും കിട്ടിയാല്‍ അത് നഷ്ടമാവും എന്ന്.എങ്കില്‍ ഒരിക്കലും വിഷമിക്കേണ്ടി വരില്ല.

(ചീട്ടുകളി മാഹാത്മ്യം തുടര്‍ന്നേക്കും.)

No comments: