Friday, October 30, 2009

ദര്‍ശനം, പുണ്യ ദര്‍ശനം - ഭാഗം 2.

നാല് പതിറ്റാണ്ടിനപ്പുറത്തേക്ക് എന്‍റെ മിഴികള്‍ ചെന്നെത്തുന്ന ഒരു പ്രഭാതം. തലേന്ന് വൈകീട്ട് തന്നെ കെട്ടു നിറ കഴിഞ്ഞിരുന്നു. രണ്ടാഴ്ചയിലേറെയായി ടൈഫൊയ്ഡ് ആയി കിടന്ന ശേഷം, ഡോക്ടറുടെ ഉപദേശം അവഗണിച്ച്, ഞാന്‍ കുളിച്ച് തീര്‍ത്ഥയാത്രക്ക് ഒരുങ്ങിയതാണ്.

ആലിന്‍ ചുവട്ടില്‍ KLP4066 നമ്പറുള്ള അംബാസഡര്‍ ടാക്സി അയ്യപ്പന്‍റെ ഫോട്ടൊ മുന്നില്‍ വെച്ച് ഞങ്ങളെ കാത്ത് കിടന്നിരുന്നു. കല്‍പ്പൂരം കത്തിച്ച് നാളികേരം ഉടച്ച് ഞാന്‍ എന്‍റെ കന്നിയാത്ര പുറപ്പെട്ടു. മുമ്പിലെ സീറ്റില്‍ ഡ്രൈവര്‍ മുത്തുവും, ഞാനും, ശശിയും മാത്രം. അവന് അന്ന് പത്ത് വയസ്സ് തികഞ്ഞിട്ടില്ല. പുറകിലെ സീറ്റില്‍ മൂന്ന് പേരുണ്ട്. കൂടെ വരാനുള്ള ഒരു സ്വാമി
2 കിലോമീറ്റര്‍ അകലെ തേനൂരില്‍ നിന്ന് സംഘത്തില്‍ ചേര്‍ന്നു.

ഗുരുവായൂരില്‍ തൊഴുത ശേഷം ചങ്ങാടത്തില്‍ കാറ് കയറ്റി കടവ് കടന്നതും, തൃപ്രയാര്‍ അമ്പലത്തിലും, കൂടല്‍മാണിക്യ ക്ഷേത്രത്തിലും തൊഴുതതും, വഴിയില്‍ ഈ സ്ഥലമാണ് മാള, ശ്രി.കരുണാകരന്‍റെ മണ്ഡലം എന്ന് കുട്ടിമാമ പറഞ്ഞു തന്നതും, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കടപ്പാട്ടൂര്‍ എന്നീ
മഹാദേവ ക്ഷേത്രങ്ങള്‍ തുടങ്ങിയവയെല്ലാം ആദ്യമായി ദര്‍ശിച്ചതുമൊക്കെ ഇന്നും ഒട്ടും ഒളി മങ്ങാതെ എന്‍റെ ഓര്‍മ്മയിലുണ്ട്.

എരുമേലിയിലെ പ്രശസ്തമായ പള്ളി അന്ന് വളരെ ചെറുതായിരുന്നു. ഒട്ടും തന്നെ തിരക്ക് ഉണ്ടായിരുന്നില്ല. ഏതോ കുറെ ഭക്തന്മാര്‍ പേട്ട തുള്ളുന്നുണ്ട്. അവരോടൊപ്പം ഞങ്ങളും നടന്നു. വടശ്ശേരിക്കര കഴിഞ്ഞതിന്ന് ശേഷം പല ഭാഗത്തും
റോഡരുകില്‍ കുട്ടികള്‍ ബക്കറ്റുമായി വാഹനങ്ങള്‍ കാത്ത് നില്‍പ്പുണ്ട്. കയറ്റം കയറി എന്‍ഞ്ചിന്‍ ചൂടായി വരുന്ന വാഹനങ്ങള്‍ക്ക് അവര്‍ വെള്ളം കോരി ഒഴിച്ചു തരും, പ്രതിഫലമായി നല്‍കുന്ന അമ്പത്പൈസ അവര്‍ വലിയ സന്തോഷത്തോടെ കൈ നീട്ടി വാങ്ങും.

നിലക്കല്‍ ഇന്നത്തെപ്പോലെ ഒരു ശ്രദ്ധാകേന്ദ്രം ആയിരുന്നില്ല. കാര്‍ എവിടേയും നിര്‍ത്താതെ ചാലക്കയത്ത് എത്തി. ഇപ്പോള്‍ ടോള്‍ പിരിക്കുന്ന ഇടത്ത് ഞങ്ങളുടെ കാര്‍ തടഞ്ഞ് നിര്‍ത്തി. ഇവിടുന്നങ്ങോട്ട് നടന്ന് പോണം. പമ്പയിലേക്ക് വാഹനമൊന്നും കടത്തി വിടില്ല.

എന്ത് വേണം എന്ന് ആലോചിക്കുമ്പോള്‍ വേറൊരു കാര്‍ അവിടെ എത്തി. കാവല്‍ക്കാരന്‍ ഭവ്യതയോടെ ആ കാറിനകത്തുള്ളവരോട് എന്തോ പറഞ്ഞ് അവരെ പോകാന്‍ അനുവദിച്ചു. അടുത്ത നിമിഷം കുട്ടിമാമ അയാളോട് 'ലഞ്ചം വാങ്ങി അവരെ കടത്തി വിട്ടു അല്ലേ' എന്നും പറഞ്ഞ് കയര്‍ത്തു. ഒന്നും വാങ്ങിച്ച് വിട്ടതല്ല, ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടാണ് കാറില്‍
ഉണ്ടായിരുന്നത് എന്ന് അയാള്‍ മറുപടി പറഞ്ഞപ്പോള്‍ ' പ്രാക്കുളം ഭാസി ഞാന്‍ അറിയാത്ത ആളൊന്നുമല്ല, ബാക്കി കാര്യം ഞാന്‍ അയാളെ കണ്ട് പറഞ്ഞോളാ 'മെന്ന് കുട്ടിമാമ പറഞ്ഞു. അതോടെ ഞങ്ങള്‍ക്ക്മുമ്പില്‍ സ്വര്‍ഗ്ഗകവാടം തുറന്നു.

കാര്‍ മുന്നോട്ട് നീങ്ങി. 'ഭീഷണി ഫലിച്ചു അല്ലേ' എന്ന് സംഘത്തിലുള്ള വാരിയര്‍ സ്വാമി കുട്ടിമാമയോട്ചോദിച്ചു.

'ഭീഷണിയൊന്നുമല്ല' കുട്ടിമാമ പറഞ്ഞു' അനീതി എവിടെ കണ്ടാലും അതിനെ ചോദ്യം ചെയ്യണം. എന്നാലേ സമൂഹത്തില്‍
എല്ലാവര്‍ക്കും തുല്യമായ പദവി കിട്ടൂ'.

'സംഗതി ശരിയാണ്, പക്ഷെ അത് നിങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കേ പറ്റു, സാധാരണക്കാരനായ ഒരാള്‍. പ്രതികരിക്കാന്‍ നിന്നാല്‍
വിവരം അറിയും' എന്നും പറഞ്ഞ് വാരിയര്‍ സ്വാമി വിഷയം അവസാനിപ്പിച്ചു.

പമ്പയിലെ ഒരു താല്‍ക്കാലിക ഹോട്ടലില്‍ അന്നത്തെ രാത്രി ഞങ്ങള്‍ കൂടി. പിറ്റേന്ന് കാലത്ത് പമ്പയില്‍ കുളിച്ച് മല കയറാന്‍ തുടങ്ങി. നീലിമലയും അപ്പാച്ചിമേടും എല്ലാം കഴിന്ന് ഞങ്ങള്‍ നീങ്ങുമ്പോള്‍ വീണു കിടന്ന ഒരു മരക്കൊമ്പിലും ചാരി കയറ്റം കയറി ക്ഷീണിച്ച നാലഞ്ച് പേര്‍ വിശ്രമിക്കുന്നു. അതിലൊരാള്‍ പ്രസിദ്ധ സിനിമ നടന്‍ മധുവായിരുന്നു. കൂടെ ഉണ്ടായിരുന്ന പ്രഭേട്ടന്‍ തന്‍റെ സൈഡ് ബാഗില്‍ സൂക്ഷിച്ച ക്യാമറ പുറത്തെടുത്തു. ശശിയെ അടുത്ത് നിര്‍ത്തി അദ്ദേഹത്തിന്‍റെ ഫോട്ടൊ (നിര്‍ഭാഗ്യ വശാല്‍ വെളിച്ച കുറവ് കാരണം ആ ഫോട്ടൊ കിട്ടിയില്ല) എടുത്തു.

ആ കാലത്ത് ശബരിമലക്ക് പോകുന്നവര്‍ ആഹാരം ഉണ്ടാക്കി കഴിക്കാനുള്ള സാധനങ്ങളും മറ്റും കരുതി വലിയ കെട്ടുമായിട്ടാണ് പോകാറ്. കുട്ടിമാമ ഒന്നും എടുക്കാന്‍ സമ്മതിച്ചില്ല. എല്ലാം അവിടെ സുഭിക്ഷമായി കിട്ടും എന്ന് മുമ്പേക്കൂട്ടി പറഞ്ഞതു കാരണം പൂജക്ക് വേണ്ട സാധനങ്ങളൊഴികെ മറ്റൊന്നും ഞങ്ങളുടെ കയ്യില്‍ ഇല്ലായിരുന്നു. തിരക്ക് ഇല്ലാത്തതിനാല്‍,
ഇന്ന്പതിനെട്ടാം പടി കയറാന്‍ ക്യൂ നില്‍ക്കുന്ന സ്ഥലത്താണ് ഞങ്ങളുടെ വിശ്രമം. സമയം ഉച്ചയായി. തൊട്ടടുത്ത് വിശ്രമിക്കുന്ന സ്വാമിമാര്‍ ഉച്ച ഭക്ഷണത്തിന്നുള്ള തയ്യാറെടുക്കുന്നു. ഞങ്ങള്‍ ഭക്ഷണത്തിന്ന് ഒന്നും ഉണ്ടാക്കിയിട്ടില്ല. എന്താണ് ഉദ്ദേശിക്കുന്നത് എന്നു പോലും അറിയില്ല.

'കെട്ട് അഴിച്ചപ്പോള്‍ കിട്ടിയ അരി കൊണ്ടുപോയി കൊടുക്ക്, ഒരു ഉറുപ്പിക കൊടുത്താല്‍ നേദ്യച്ചോറ്കിട്ടും, അത് വാങ്ങീട്ട് വരിന്‍' കുട്ടിമാമ പറഞ്ഞു. രണ്ടുപേര്‍ അരിയും പണവും കൊടുത്ത്നേദ്യച്ചോറുമായി എത്തി. കൂടെ വന്ന സ്വാമിമാര്‍
രണ്ടുപേരുടെ കയ്യിലും പ്ലേറ്റ് ഉണ്ട്. കുട്ടിമാമ അത് വാങ്ങി, ചോറ് വിളമ്പി. അടുത്ത വിരിയിലേക്ക് നോക്കി. അവരുടെ കയ്യില്‍ അച്ചാറുണ്ട്. 'സ്വാമി, കുറച്ച് അച്ചാറ് വേണോലോ' കുട്ടിമാമ അവരോട്ചോദിച്ചു. ഒരു മടിയും കൂടാതെ അവര്‍
ഒരു ഇലച്ചീന്ത് നിറയെ അച്ചാര്‍ തന്നു. വേറൊരു കൂട്ടര്‍ ഉണ്ടാക്കിയതില്‍ അല്‍പ്പം കറിയും.

അച്ചാര്‍ തന്നവരോട് ഒരു പാത്രം കടം വാങ്ങി അതില്‍ നിറയെ വെള്ളം സംഘടിപ്പിച്ചു. കുറച്ച് വെള്ളം ചോറില്‍ ഒഴിച്ച് അച്ചാറും കറിയും കൂട്ടി രണ്ട് പേര്‍ വീതം മൂന്ന്പ്രാവശ്യമായി ഞങ്ങള്‍ എല്ലാവരും ഊണ് കഴിച്ചു. 'പ്ലേറ്റ് കഴികിയിട്ട് പോയി അരവണ വാങ്ങിച്ചോളിന്‍ 'കുട്ടിമാമ പറഞ്ഞു' അപ്പവും അവിടെ തന്നെ കിട്ടും'. പ്രസാദങ്ങള്‍ എത്തി.

ആ നേരത്ത് ഞങ്ങളുടെ സമീപം ഇരുന്നിരുന്ന സ്വാമിമാര്‍ അവര്‍ ഉണ്ടാക്കിയ പഞ്ചാമൃതം അയ്യപ്പന്മാര്‍ക്ക് വിതരണത്തിന്നായി എടുത്തു. പാത്രം കണ്ടതും 'ഇവിടെയുള്ള എല്ലാവര്‍ക്കും കൊടുത്താലും സാധനം ബാക്കി വരും' എന്ന് കുട്ടിമാമ കണ്ടെത്തി. 'വിളമ്പാന്‍ ഇവരെ കൂടി കൂട്ടിക്കോളിന്‍' എന്ന് അവരോട്പറയുകയും ചെയ്തു. ഞങ്ങളുടെ കൂടെ ഉള്ളവര്‍ പഞ്ചാമൃതം വിളമ്പുന്നത് ഞാനും ശശിയും കുട്ടിമാമയും മധുരം നുണഞ്ഞ് നോക്കിയിരുന്നു.

ഉച്ച തിരിഞ്ഞതും അയ്യപ്പന്മാര്‍ കൂടുതലായി വന്നു ചേര്‍ന്നു. 'ഇക്കണക്കിന്ന് ഭഗവാനെ കണി കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല' എന്ന് കൂട്ടത്തില്‍ ഒരു സ്വാമി പറഞ്ഞു. 'എന്നാല്‍ നമുക്ക് ഇപ്പോള്‍ തന്നെ ഇറങ്ങാം, കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ കണി കാണാം' എന്ന് കുട്ടിമാമ പറഞ്ഞതോടെ ഞങ്ങള്‍ പടിയിറങ്ങി.

അന്ന് തിരുനക്കരയില്‍ കൂടി. മൈതാനത്ത് ഫയര്‍ഫോഴ്സ്കാരുടെ അഭ്യാസപ്രകടനത്തിന്ന് ഉണ്ടാക്കിയ ഓലഷെഡ്ഡും നോക്കി ഞാന്‍ ആല്‍ത്തറയില്‍ കിടന്നു.

========= ഈ കുറിപ്പ് ഇവിടെ അവസാനിക്കുന്നില്ല =========

(ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 28 ഉം 29 ഉം അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു)


LINK TO THIS NOVEL:- http://palakkattettan.blogspot.com/

Tuesday, October 20, 2009

ദര്‍ശനം പുണ്യ ദര്‍ശനം - ഭാഗം 1.

ഒരു വ്യാഴവട്ടക്കാലത്തിലേറെയായി, വൃശ്ചികം ഒന്ന് മുതല്‍ തുടങ്ങുന്ന മണ്ഡലപൂജക്കാലത്തും,
തുടര്‍ന്ന്ആരംഭിക്കുന്നതും മകരവിളക്കും കഴിഞ്ഞ് കുറച്ച് ദിവസം കൂടി നീളുന്നതുമായ പൂജാ
സമയത്തും, ഞാന്‍ ശബരിമല ദര്‍ശനം നടത്തിയിട്ട്. മോഹം ഇല്ലാഞ്ഞിട്ടല്ല, കൊല്ലം തോറും
വര്‍ദ്ധിച്ച് വരുന്ന ഭക്തജനത്തിരക്കും, മണിക്കൂറുകളോളം നീളുന്ന ക്യൂവിലെ കാത്ത് നില്‍പ്പും , അതും കഴിഞ്ഞ് ലഭിക്കുന്ന നിമിഷാര്‍ദ്ധത്തിലൊതുങ്ങുന്ന ദര്‍ശന സൌഭാഗ്യവും , താരതമ്യേന തിരക്ക് കുറഞ്ഞ മാസപൂജക്കാലം തീര്‍ത്ഥാടനത്തിന്ന് തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചു.

1969 ലെ വിഷുവിനാണ് ഞാന്‍ ആദ്യമായി ശബരിമല ചവിട്ടുന്നത്. തുടര്‍ന്ന് ഈ പ്രാവശ്യം
വരെ നടന്ന തീര്‍ത്ഥാടനത്തിലൊക്കെയും പലപല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അരിഷ്ടിച്ച് ജീവിച്ച കാലത്തും തരക്കേടില്ലാത്ത ഇന്നത്തെ ചുറ്റുപാടിലും ഭഗവത്ദര്‍ശനം നല്‍കുന്ന സുഖം
ഒരുപോലെ ഹൃദ്യമായതാണ്. ഈശ്വരകടാക്ഷം ഒന്ന് മാത്രമാണ് അന്നത്തെ കഷ്ടപ്പാട് നിറഞ്ഞ അവസ്ഥയില്‍ നിന്നും , ഭാര്യയോടും മക്കളോടും ഒപ്പം സ്വന്തം വാഹനത്തില്‍ യാത്ര ചെയ്ത് ഭഗവാനെ തൊഴാന്‍ ചെല്ലുന്ന ഇന്നത്തെ നിലയില്‍ എത്തിച്ചത്.

ഇക്കൊല്ലം തുലാമാസം ഒന്നാം തിയ്യതി ശനിയാഴ്ചയാണ്(17.10.2009 ) ഞങ്ങള്‍ മലയിലേക്ക് യാത്ര പുറപ്പെട്ടത്. ഉച്ച തിരിഞ്ഞ നേരത്ത്പമ്പയില്‍ എത്തി. കുളി കഴിഞ്ഞ് മലകയറ്റം തുടങ്ങി.
തലക്ക് മുകളിലായി സൂര്യന്‍ ഞങ്ങള്‍ക്ക് തുണയായി പോന്നു. ചുട്ടു പൊള്ളുന്ന കോണ്‍ക്രീറ്റ്
നടപ്പാത, തീ ചൊരിയുന്ന പകല്‍, ഞാന്‍ ക്ഷീണിച്ച് അവശനാവാന്‍ അധിക നേരം വേണ്ടിവന്നില്ല. മൂത്ത മകന്‍ എന്‍റെ പള്ളികെട്ട് ഏറ്റുവാങ്ങി. കെട്ടിന്ന് മുകളിലിട്ട വിരിപ്പ് രണ്ടാമനും. ഞാന്‍
തളരുമ്പോഴൊക്കെ ഇളയവന്‍ ഒരു കൈത്താങ്ങ് നല്‍കി കൂടെ നിന്നു. ഞാന്‍ നോക്കുമ്പോള്‍ എന്നെ പോലെ തന്നെ സുന്ദരിയും വല്ലാത്ത അവശ നിലയിലായിരുന്നു. മക്കള്‍ ഓരോരുത്തരും
മാറിമാറി അമ്മയെ സഹായിക്കുന്നുണ്ട്.

ഇടക്ക് കാണുന്ന മരത്തണലുകളില്‍ ഞങ്ങള്‍ വിശ്രമിച്ചു. അപ്പോഴെല്ലാം എന്‍റെ മനസ്സില്‍
ഗത കാല സ്മരണകള്‍ കടന്നു വന്നു. പമ്പയില്‍ നിന്ന് പുറപ്പെട്ടാല്‍ ഒരിടത്തും ഇരിക്കാതെ നേരെ സന്നിധാനം വരെ ഒറ്റയടിക്ക് നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഹോ, ഇത് അത്ര വലിയ ദൂരമൊന്നുമല്ലല്ലോ എന്നായിരുന്നു അന്നൊക്കെ മനസ്സില്‍.

ഞങ്ങള്‍ക്ക്താങ്ങായി കൂടെ ഉള്ള മക്കളെ കുട്ടിക്കാലത്ത്ശബരിമലക്ക് കൊണ്ടു പോയതും
ഓര്‍മ്മയില്‍ എത്തി. മൂത്തവന്‍ ബിജു രണ്ട് വയസ്സ് തികയുന്നതിന്ന് മുമ്പാണ്ആദ്യമായി ശബരിമലക്ക്മാലയിട്ടത്.എന്‍റെ കൂടെ അമ്മയും മേമയും പിന്നെ അവനും . ട്രെയിനിലും
ബസ്സിലും ആയി യാത്ര ചെയ്ത്പമ്പയില്‍ എത്തുമ്പോള്‍ നേരം ഇരുട്ടി. കുളി കഴിഞ്ഞ് കയറ്റം
ആരംഭിച്ചപ്പോള്‍ രാത്രിയായി. ഇടമുറിയാതെയുള്ള ജനക്കൂട്ടവും വെളിച്ചവും രാത്രിയാണെന്ന് തോന്നിച്ചില്ല.

നീലിമല കയറി തുടങ്ങി. എന്‍റേയും മകന്‍റേയും പള്ളിക്കെട്ടുകളും സൈഡ് ബാഗും ചുമന്ന് കുട്ടിയെ മാറിലടക്കി പിടിച്ച് ഞാന്‍ നടന്നു. അധികം കഴിഞ്ഞില്ല, ക്ഷീണിച്ച അമ്മയും മേമയും
അവരുടെ കെട്ടുകളും ബാഗുകളും എന്നെ ഏല്‍പ്പിച്ചു. ഒരു ചുമടുകാരനെ പോലെ ഭാരമെല്ലാം
ചുമന്ന് ഞാന്‍ കയറ്റം കയറുകയാണ്. മാറത്ത് ചേര്‍ത്ത് പിടിച്ച മകന്‍ കുസൃതി കാട്ടി തുടങ്ങി. അവന്‍റെ കുഞ്ഞി ക്കൈകള്‍ കൊണ്ട്എന്‍റെ മൂക്കിലും ചെവിയിലും പിടിച്ച് വലിക്കാനും, ആ
കുഞ്ഞരിപ്പല്ലുകള്‍കൊണ്ട് എന്‍റെ മുഖത്തും കാതിന്‍റെ തട്ടിലും കടിക്കാനും തുടങ്ങി. സ്വന്തം
കുസൃതികളില്‍ രസിച്ചിട്ടെന്ന മട്ടില്‍ അവന്‍ ഇടക്കിടക്ക് കുലുങ്ങി ചിരിച്ചു കൊണ്ടിരുന്നു.

ഇതേ രീതിയിലാണ് രണ്ടാമന്‍ ബിനുവും ആദ്യമായി ദര്‍ശനത്തിന്ന് എത്തുന്നത്. അവന്‍
കൃശഗാത്രനായിരുന്നു. അവനെ എടുക്കുന്ന ആളുടെ കഴുത്തില്‍ ഒരു വേതാളത്തിനെപ്പോലെ
അവന്‍ തൂങ്ങി കിടക്കും . നേരത്തെ പറഞ്ഞതില്‍ അധികമായി ഒരു പള്ളിക്കെട്ട് കൂടി അന്ന് എടുക്കേണ്ടി വന്നു. ഈ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇളയവനെ നടക്കാറായ ശേഷമാണ് മലയിലേക്ക് കൊണ്ടുപോവാന്‍ തുടങ്ങിയത്.

എത്ര വേഗത്തിലാണ് കാലം എന്‍റെ മുമ്പിലൂടെ ഓടി മറഞ്ഞത്. കൌമാരം യൌവനത്തിലൂടെ ശരീരത്തിന്ന് ക്ഷീണം സമ്മാനിച്ചു കൊണ്ട് വാര്‍ദ്ധക്യത്തിലേക്ക് കടന്നു. മാറ്റങ്ങള്‍ പലപ്പോഴും
അത്ഭുതാവഹമാണ്. അത് മനുഷ്യനെ മാത്രം ബാധിക്കുന്നതല്ല. ഞാന്‍ ആദ്യമായി എത്തിയ ശബരിമലയല്ല ഇന്നത്തേത്. കരിങ്കല്ലില്‍ നിര്‍മ്മിച്ച പതിനെട്ടാം പടിയില്‍ നാളികേരം ഉടച്ചാണ്
അന്നൊക്കെ കയറുക. ഇന്ന് അതെല്ലാം മാറി. പടികള്‍ക്ക് ലോഹത്തിന്‍റെ ആവരണം ഉണ്ടായി.
ക്ഷേത്രത്തിന്ന് ചുറ്റും ഫ്ലൈഓവറും. ഓട ഉപയോഗിച്ച് കെട്ടിയിരുന്ന വിരികള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് വഴി മാറി. വനത്തിലൂടെയുള്ള വഴി കോണ്‍ക്രീറ്റ് നടപ്പാതയായി.

സ്വാമി അയ്യപ്പന്‍ റോഡും ചന്ദ്രാനന്ദന്‍ റോഡും പിന്നീടാണ് ഉണ്ടായത്. അപ്പാച്ചി മേട് കയറി എത്തുന്ന അയ്യപ്പ ഭക്തന്മാര്‍ ശബരി പീഠം, ശരം കുത്തിയാല്‍ വഴിയാണ്സന്നിധാനത്തില്‍
എത്തിയിരുന്നത്. ആദ്യമൊക്കെ അയ്യപ്പന്മാരുടെ വാഹനങ്ങള്‍ ചാലക്കയത്ത് പാര്‍ക്ക് ചെയ്യണം, അവിടുന്നങ്ങോട്ട് ദേവസ്വം വക ബസ്സുകളിലാണ് പമ്പയില്‍ എത്തുക. കുമളി, വണ്ടിപ്പെരിയാര്‍
വഴിയും ധാരാളം ഭക്തര്‍ എത്തിയിരുന്നു, അതില്‍ ഭൂരിഭാഗവും തമിഴ് നാട്ടുകാരായിരുന്നു.

മകര വിളക്ക് ദര്‍ശനത്തിന്ന് പോവാന്‍ ചില കൊല്ലം തുലാമാസം ഒന്നാം തിയ്യതി തന്നെ മാലയിടും. ഒരിക്കലും വൃശ്ചികം ഒന്ന് കടക്കാറില്ല. ആ കാലത്ത് വ്രതശുദ്ധി കര്‍ശനമായി പാലിക്കപ്പെട്ടിരുന്നു. ഇന്നോ? രാവിലെ കുളിച്ച് മാലയിടുന്നു. വൈകീട്ട് കെട്ട് നിറച്ച് യാത്ര തുടങ്ങുന്നു. അനുഷ്ഠാനങ്ങളെല്ലാം അത്ര മേല്‍ ലളിതവത്കരിച്ചിരിക്കുന്നു

ആദ്യ കാലത്ത് ഒരു പ്ലേറ്റും കൊണ്ട് ചെന്ന് രണ്ട് രൂപക്ക് നല്‍കിയാല്‍ വലിയൊരു തവി
അരവണ പ്ലേറ്റില്‍ ഒഴിച്ച്തരും. ഇന്ന് അരവണ ടിന്നിലാണ് വിതരണം ചെയ്യുന്നത്.തിരക്കുള്ള
സീസണില്‍ ആ പ്രസാദം കിട്ടാനും പ്രയാസമാണ്.

പാലക്കാട് നിന്ന് പത്ത് രൂപ ടിക്കറ്റ് എടുത്ത് പച്ച എക്സ്പ്രസ്സ് ബസ്സില്‍ കോട്ടയത്ത് എത്തുകയും അവീടെ നിന്നും വേറൊരു പത്ത് രൂപ കൊടുത്ത്പമ്പയിലേക്ക് ടിക്കറ്റ്വാങ്ങി ഞാനും കുട്ടിയേട്ടനും കൂടി ശബരിമലയില്‍ എത്തുകയും ഉണ്ടായിട്ടുണ്ട്. ശബരിമലക്കുള്ള
ഭക്തരെ ചൂഷണം ചെയ്യുകയാണ്എന്ന് കുട്ടിയേട്ടന്‍ പരാതി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.

ശബരിമലയാത്ര നല്‍കിയ അനുഭൂതികളോടൊപ്പം നിരവധി അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
നടക്കാന്‍ കഴിയുന്നേടത്തോളം കാലം ഭഗവാനെ ചെന്ന് ദര്‍ശിക്കാന്‍ അനുഗ്രഹിക്കണേ എന്ന് മാത്രമാണ്എന്‍റെ മോഹം.
( കുറിപ്പ് ഇവിടെ അവസാനിക്കുന്നില്ല.)

Thursday, October 8, 2009

ഈശ്വരാനുഗ്രഹത്താല്‍....

രണ്ടാം ശനിയാഴ്ച ഒഴിവ് ദിവസമാണ്. അന്ന് ടൌണില്‍ ചെന്ന് മാറ്റിനിയും കണ്ട് മടങ്ങുമ്പോള്‍ തലേന്ന് തപാലില്‍ എത്തിയ ' റീഡേഴ്സ് ഡൈജസ്റ്റ് ' ഓഫീസില്‍ മറന്നു വെച്ച കാര്യം ഓര്‍മ്മ വന്നു. പുസ്തകം എടുത്താല്‍ പിറ്റേന്ന് വായിക്കാനായി. ബസ്സ് ഓഫീസിനടുത്ത് നിറുത്തിയപ്പോള്‍ ഞാന്‍ ഇറങ്ങി.

ഓഫീസില്‍ കേറി ചെല്ലുമ്പോള്‍ രാമേട്ടനും സുഹൃത്ത് സുന്ദരന്‍ നായരും സംസാരിച്ചിരിക്കുന്നു. ' തനിക്ക് തൃക്കങ്കോട്ട് അമ്പലം അറിയ്വോ ' എന്ന് സുന്ദരേട്ടന്‍ തിരക്കി. അറിയാമെന്ന് ഞാന്‍ പറഞ്ഞു.' എന്താ അവിടുത്തെ പ്രത്യേകത ' എന്ന് സുന്ദരേട്ടന്‍
ചോദിച്ചതിന്ന് ' അത് രണ്ട് മൂര്‍ത്തി അമ്പലമാണ് ' എന്ന് ഞാന്‍ പറഞ്ഞു.

ഇരുവരും എന്നെ നോക്കി. അവര്‍ക്ക് അത് മനസ്സിലായില്ലെന്ന് എനിക്ക് തോന്നി. ഒരു ശ്രീകോവിലില്‍ മഹേശ്വരനും വിഷ്ണുവും
ഒന്നിച്ചുള്ള അപൂര്‍വ്വ ക്ഷേത്രമാണ് അതെന്ന് ഞാന്‍ വിശദീകരിച്ചു. ' പിന്നെ ' എന്നും പറഞ്ഞ് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍
സുന്ദരേട്ടന്‍ ഉത്സാഹം കാണിച്ചു. ക്ഷേത്രത്തിന്നടുത്ത് ഒരു മനയില്‍ കൈവിഷം പോവാന്‍ മരുന്ന് ചേര്‍ത്ത പാല് കുടിക്കാന്‍
കൊടുക്കാറുണ്ടെന്നും, അത് കഴിച്ചാല്‍ കൈവിഷം ഛര്‍ദ്ധിച്ച് പോകുമെന്നും, ധാരാളം പേര്‍ വയറ് വേദന മാറാന്‍ അത്
കഴിക്കാറുണ്ടെന്നും ഞാന്‍ പറഞ്ഞതും സുന്ദരേട്ടന്‍ രണ്ട് വിരലുകള്‍ നാവിന്നടിയില്‍ വെച്ച് ഉച്ചത്തില്‍ ചൂളം വിളിക്കുകയും
' തന്നെ പോലെ വിവരജ്ഞനായ ഒരാളെ ഞങ്ങള്‍ ഇത്ര നേരം കാത്തിരിക്കുകയാണ് ' എന്ന് പറഞ്ഞതും ഒന്നിച്ചായിരുന്നു.

ഞാന്‍ വിവരം തിരക്കി. രാമേട്ടന് ഇടക്കിടക്ക് വയറ് വേദന തോന്നാറുണ്ടെന്നും , ഏത് മരുന്ന് കഴിച്ചിട്ടും അത് മാറുന്നില്ലെന്നും, അവസാനത്തെ പോംവഴിയായി ഇത് കൂടി ഒന്ന് പരീക്ഷിക്കണമെന്ന് കരുതുന്നു എന്നും അവര്‍ എന്നോട് പറഞ്ഞു.പിറ്റേന്ന് തന്നെ
പോകാമെന്ന് തീരുമാനിച്ചു. അവര്‍ രണ്ടുപേരും കാലത്ത് ബസ്സില്‍ വരും. ആ നേരത്ത് ഞാന്‍ ബസ്സ് സ്റ്റോപ്പില്‍ നിന്നാല്‍ മതി.
അവര്‍ വിളിക്കും എന്നൊക്കെ നിശ്ചയിച്ചു. പോവാനുള്ള സമയത്തെക്കുറിച്ചും ധാരണയായി.

പുസ്തകവുമെടുത്ത് ഞാന്‍ ഇറങ്ങുമ്പോള്‍ ചന്ദ്രേട്ടന്‍ പുറത്ത് കാത്ത് നില്‍ക്കുന്നു. ഞാന്‍ കൊണ്ടുപോയി വിടാം എന്നും പറഞ്ഞ് ചന്ദ്രേട്ടന്‍ സൈക്കിള്‍ എടുത്തു ചവിട്ടി തുടങ്ങി. ഞാന്‍ കാരിയറില്‍ ചാടി കയറി ഇരുന്നു. ആറാം മൈല്‍ തിരിവ് കഴിഞ്ഞതും
' ഒരു കാര്യം പറഞ്ഞാല്‍ ഒന്നും തോന്നരുത് ' എന്ന മുഖവുരയോടെ രാമേട്ടന് വയറുവേദന വരുന്നത് കാലത്തിനും നേരത്തിനും
ആഹാരം കഴിക്കാഞ്ഞിട്ടാണെന്നും , ചീഫിന് ജോലി എന്ന് വെച്ചാല്‍ പിന്നെ ചോറോ ചായയോ ഒന്നും വേണ്ടാ എന്നും , അതാണ് അസുഖം വരാന്‍ കാരണമെന്നും ചന്ദ്രേട്ടന്‍ വിശദീകരിച്ചു. മൂപ്പര് ആ കാര്യത്തില്‍ എന്നെ കണ്ട് പഠിക്കട്ടെ ' ചന്ദ്രേട്ടന്‍ പറഞ്ഞു
' വയറിന്‍റെ കാര്യം കഴിഞ്ഞിട്ടേ നമുക്ക് ബാക്കി കാര്യമുള്ളു. ആത്മപൂജ കഴിഞ്ഞിട്ടേ ശിവപൂജ ചെയ്യാവു എന്നല്ലേ സ്വാമി
കുക്കുടാനന്ദ തിരുവടികള്‍ പറഞ്ഞിരിക്കുന്നത് '. ആരും ഒന്നും സംസാരിച്ചില്ല. 'ആരാ ഈ സ്വാമി എന്ന് അറിയാതെ നിങ്ങള് വിഷമിക്കേണ്ടാ ' ചന്ദ്രേട്ടന്‍ പറഞ്ഞു ' അത് ഞാന്‍ തന്ന്യാ. കഴിഞ്ഞ ജന്മം ഈ ഞാന്‍ കുക്കുടാനന്ദസ്വാമികളായിരുന്നു .

പിറ്റേന്ന് പറഞ്ഞ സമയത്ത് ഞാന്‍ കടവത്ത് ബസ്സ്റ്റോപ്പിലെത്തി. പാലം കടന്ന് ഓട്ടുകമ്പനിക്ക് മുന്നില്‍ ബസ്സ് എത്തിയപ്പോള്‍ സുന്ദരേട്ടന്‍ ചവിട്ട് പടിയില്‍ ഇറങ്ങി നിന്ന് എന്നെ വിളിച്ചു. മനിശ്ശിരിയില്‍ നിന്ന് മൂന്നംഗസംഘം വെട്ട് വഴിയിലൂടെ നടന്നു.
'താന്‍ വല്ലതും കഴിച്ചുവോ ' എന്ന് സുന്ദരേട്ടന്‍ എന്നോട് ചോദിച്ചു.' തൊഴുതിട്ടേ ഭക്ഷണം കഴിക്കൂ ' എന്ന് ഞാനും
പറഞ്ഞു.

ക്ഷേത്ര ദര്‍ശനം വേഗം കഴിച്ചു. മനയില്‍ ചെന്നപ്പോള്‍ പാല് കുടിക്കാന്‍ കുറച്ച് പേരുണ്ട്. ഒരു ചെറിയ ഗ്ലാസ്സ് പാല് രാമേട്ടന് കിട്ടി. അതും കുടിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ' ദുസ്വാദ് വല്ലതും തോന്നിയോ ' എന്ന് സുന്ദരേട്ടന്‍ ചോദിച്ചു. ഇല്ലെന്ന് രാമേട്ടന്‍ മറുപടി നല്‍കി. വരമ്പ് കഴിഞ്ഞ് ഞങ്ങള്‍ റെയില്‍പാളത്തിന്നരികിലൂടെ നടന്നു. കുറച്ചകലെ മുന്നിലായി ആരൊക്കെയോ ഛര്‍ദ്ദിച്ച് ഇരിക്കുന്നു. ' എന്താ വല്ലതും തോന്നുന്നുണ്ടോ ' എന്ന് ഞങ്ങള്‍ രാമേട്ടനോട് ചോദിച്ചു. ' ഏയ്, എനിക്ക് ഒന്നും
തോന്നുന്നില്ല ' എന്ന് മറുപടി പറഞ്ഞതിന്ന് അകമ്പടിയായി ഛര്‍ദ്ദിക്കല്‍ കടന്നു വന്നു. സുന്ദരേട്ടന്‍ അടുത്ത് ഇരുന്ന് മുതുക് തടവി. പിന്നീട് ഇടവിട്ട് ഈ പ്രക്രിയ ആവര്‍ത്തിച്ചു.

കുറെ കഴിഞ്ഞപ്പോള്‍ രാമേട്ടന് വായ കഴുകണം എന്ന തോന്നല്‍ ഉണ്ടായി. ' അതിനെന്താ പ്രയാസം, ഭാരതപുഴയല്ലേ ഈ ഒഴുകുന്നത് ' എന്ന് സുന്ദരേട്ടന്‍ പറഞ്ഞതോടെ ഞങ്ങള്‍ റെയില്‍ കടന്ന് പുഴയിലേക്ക് ഇറങ്ങി. മണലില്‍ വട്ടത്തില്‍ കുഴിയെടുത്ത് ഉണ്ടാക്കിയ ചേണികളില്‍ വെള്ളം നിറഞ്ഞ് നിന്നു. വീട്ടില്‍ കിണറില്ലാത്തവരും വേനല്‍ കാലത്ത് വെള്ളം വറ്റിപോവുന്ന കിണര്‍
ഉള്ളവരുമായ പുഴ വക്കത്ത് താമസിക്കുന്നവര്‍ ചേണിയിലെ വെള്ളമാണ് വീട്ടാവശ്യത്തിന്ന് എടുക്കാറ്. വെയിലത്ത് നടന്നിട്ട് എനിക്ക് ദാഹം സഹിക്ക വയ്യ. വയറാണെങ്കില്‍ കാലി. ഇത്തിരി വെള്ളം കുടിക്കാമെന്ന് കരുതിയപ്പോള്‍ ' അയ്യേ, കന്ന് മേക്കുന്ന പിള്ളേര്‍ പുറത്തേക്ക് പോയി വന്ന് ഇതില്‍ കഴുകിയിട്ടുണ്ടാവും, അത് കുടിക്ക്യാണോ ' എന്ന് സുന്ദരേട്ടന്‍ ചോദിച്ചതോടെ ഞാന്‍ ആ ഉദ്യമത്തില്‍ നിന്ന് പിന്‍വാങ്ങി.

വായ കഴുകലും തുപ്പലും സംഭാഷണവും കൂട്ടി കലര്‍ത്തി കൂട്ടുകാര്‍ നടന്നു. വെള്ളത്തിന്ന് അരികിലുള്ള മണല്‍ തിട്ട് ചവിട്ടി വെള്ളത്തിലേക്ക് വീഴ്ത്തി രസിച്ചും കൊണ്ട് ഞാനും നടന്നു. അകലെ റെയില്‍ പാളത്തില്‍ കരി തുപ്പി ഇരുഭാഗത്തേക്കും ഓരോ തീവണ്ടികള്‍ പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ രാമേട്ടന്‍ ഉഷാറായി. ഞങ്ങള്‍ വീണ്ടും റെയിലോരത്ത് എത്തി.' ഇനി ബസ്സ് കിട്ട്വോ നോക്കാം ' എന്നും പറഞ്ഞ് റെയിലും കടന്ന് പാടത്തേക്ക് ഇറങ്ങി. പിന്നീടുള്ള യാത്ര വരമ്പിലൂടെയായി. വഴി വക്കത്ത് പള്ളം ( പച്ചക്കറിത്തോട്ടം ) കണ്ടപ്പോള്‍ അതില്‍ നിന്നും ഒരു പിഞ്ച് വെള്ളരിക്ക പറിച്ച് തിന്നാലോ എന്ന് ഞാന്‍ ചോദിച്ചു .
' താന്‍ വെള്ളരിക്ക മാത്രമല്ല, മത്തനോ കുമ്പളങ്ങയോ എന്ത് വേനമെങ്കിലും തിന്നോ, പക്ഷെ ആരെങ്കിലും കണ്ടാല്‍ അടി പാര്‍സല്‍
ആയി വീട്ടില്‍ എത്തും ' എന്ന് സുന്ദരേട്ടന്‍ മുന്നറിയിപ്പ് തന്നു.

രാമേട്ടന്‍ ദാഹിച്ചിട്ട് വയ്യ എന്ന് പറഞ്ഞതും കണ്ടത് കള്ളുഷാപ്പാണ്. സുഹൃത്തുക്കള്‍ അകത്ത് കയറി ദാഹം തീര്‍ത്ത് വരുന്നതും
കാത്ത് ഞാന്‍ നിന്നു. ഇട വഴികള്‍ പിന്നിട്ട് റോഡിലെത്തിയതും ആല്‍ത്തറക്ക് പിന്നില്‍ ഒരു ചായപ്പീടിക. വല്ലതും കഴിച്ചിട്ടാകാം
ഇനിയുള്ള യാത്ര എന്നും നിശ്ചയിച്ച് ഞങ്ങള്‍ അങ്ങോട്ട് ചെന്നു. കയറി ചെല്ലുന്ന് ഇടത്ത് വെറും ഒരു ബെഞ്ച് മാത്രം .' അകത്ത് ഇരിക്കാം ' എന്നും പറഞ്ഞ് കട ഉടമ ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചു. വെളിച്ചക്കുറവുള്ള ആ ചെറിയ മുറിയില്‍ ഒരു ബെഞ്ചും
ഡസ്ക്കും ഉണ്ട്. എന്തോ ഒരു ചീഞ്ഞ മണം അവിടെ പരന്നിരുന്നു. ' എന്താ കഴിക്കാന്‍ ' എന്ന് ചോദിച്ചതിന്ന് ' ചായ മാത്രമേ ഉള്ളു ' എന്ന മറുപടി കിട്ടി. എന്തുകൊണ്ടോ എനിക്ക് ചായ വേണ്ടാ എന്ന് തോന്നി. ആ ചുറ്റുപാട് ആകെക്കൂടി മനസ്സില്‍ ഒരു അറപ്പ് തോന്നിച്ചിരുന്നു.

അങ്ങിനെ രണ്ട് ചായക്ക് ഓര്‍ഡര്‍ കൊടുത്ത് ഇരിക്കുമ്പോഴാണ് അത് സംഭവിച്ചത്. പാവാടയും ജാക്കറ്റും ധരിച്ച, ഇളം കറുപ്പ് നിറമുള്ള , മെലിഞ്ഞ് പൊക്കമുള്ള, ഏകദേശം ഇരുപത്തഞ്ച് മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ കയ്യില്‍ ചുരുട്ടി പിടിച്ച ഒരു പുല്ലുപായയുമായി ഞങ്ങളെ കടാക്ഷിച്ച് പുഞ്ചിരി തൂകി ഞങ്ങളുടെ മുന്നിലൂടെ തൊട്ടടുത്ത മുറിയിലേക്ക് പോയി.

ചായ ആറ്റുന്നത് നോക്കിയിരുന്ന എന്നെ സുന്ദരേട്ടന്‍ തൊട്ട് വിളിച്ച് കാണിക്കുമ്പോള്‍ അവര്‍ പായ വിരിച്ച് ഞങ്ങളെ തന്നെ നോക്കി
നില്‍ക്കുന്നു. ' ഇത് സംഗതി മറ്റേതാ ' എന്ന് സുന്ദരേട്ടന്‍ സ്വകാര്യം പറഞ്ഞു. ഇവിടെ അധിക നേരം ഇരുന്നാല്‍ ഉള്ള പേര്
പോയിക്കിട്ടും എന്നൊരു താക്കീതും. ആ നിമിഷം ഞാന്‍ പുറത്തേക്കിറങ്ങി, മറ്റൊരു ബോധിസത്വനായി ആല്‍ചുവട്ടില്‍ ഇരുന്നു.

ചായ കുടിച്ച് അവര്‍ പുറത്തിറങ്ങി. പിന്നെ കാത്തു നിന്നില്ല. കിട്ടിയ ബസ്സില്‍ കേറി സ്ഥലം വിട്ടു. ഞങ്ങള്‍ക്ക് പോവാനുള്ള ബസ്സ് ആയിരുന്നില്ല അത്. പാതി വഴിക്ക് അത് മറ്റൊരു വഴിക്ക് തിരിഞ്ഞ് കോങ്ങാടിലേക്ക് പോവുന്നതാണ്. ഞങ്ങള്‍ പത്തിരിപ്പാലയില്‍
ഇറങ്ങി. ' വാടൊ, വല്ലതും കഴിക്കാം ' എന്നും പറഞ്ഞ് സുന്ദരേട്ടന്‍ ' ഹോട്ടല്‍ താഷ്ക്കണ്ടി ' ലേക്ക് നടന്നു.

കഴിക്കാന്‍ ആകെയുള്ളത് പൊറോട്ട മാത്രം. അതിന്ന് കൂട്ടായി ബീഫും,മട്ടണ്‍ ചാപ്സും ഉണ്ട്. എനിക്കാണെങ്കില്‍ അതൊന്നും പറ്റില്ല.
പൊറോട്ടയില്‍ പാലും പഞ്ചസാരയും ഇട്ട് തരാമെന്ന് പറഞ്ഞത് വേണ്ടെന്ന് വെച്ച് ഞാന്‍ പുറത്തേക്കിറങ്ങി. ചെറിയൊരു
പീടികയുടെ മുന്നില്‍ ഉണങ്ങി കഴിഞ്ഞ തണ്ടില്‍ ആറേഴ് കരിവാളിച്ച ചെറുപഴം കണ്ടു. വേറൊന്നും കിട്ടാനില്ല. ഞാന്‍ രണ്ട്
കടല മിഠായിയും ഒരു തേന്‍ നിലാവും ( നെല്ലിക്ക വലുപ്പത്തില്‍ മൈദ കൊണ്ട് ഉണ്ടാക്കുന്ന ചുവപ്പ് നിറമുള്ളതും അകത്ത്
പഞ്ചസാര പാവ് നിറച്ചതുമായ മിഠായി )വാങ്ങി തിന്നു.

കാപ്പി കുടി കഴിഞ്ഞ് സുഹൃത്തുക്കള്‍ എത്തി. ' ഉണ്ണി എന്താ കഴിച്ചത് ' എന്ന് രാമേട്ടന്‍ ചോദിച്ചു. ഞാന്‍ ഉള്ള കാര്യം
പറഞ്ഞു.' എടൊ, താനൊരു ഉദ്യോഗസ്ഥനല്ലേ ' സുന്ദരേട്ടന്‍ ചോദിച്ചു ' കുട്ടികളെ പോലെ മിഠായിയും തിന്ന് നടക്ക്വാണോ '.
'അതിന് ഉണ്ണിക്ക് അത്ര പ്രായം ഒന്നും ആയിട്ടില്ല. ജോലിക്ക് ചേരുമ്പോള്‍ ആ കുട്ടിക്ക് വോട്ടവകാശം കൂടി കിട്ടിയിട്ടില്ല '(ആ കാലത്ത് ഇരുപത്തൊന്ന് വയസ്സിലാണ് വോട്ട് അവകാശം കിട്ടുക ) എന്നും പറഞ്ഞ് രാമേട്ടന്‍ എന്നെ ന്യായീകരിച്ചു.

ബസ്സ് വരാന്‍ കുറെ താമസമെടുത്തു. ഞാന്‍ ഓരോന്ന് ആലോചിച്ച് നിന്നു. ' എന്താടോ ഇത്ര വലിയ ആലോചന. നമ്മളെ ദൈവം
അനുഗ്രഹിച്ച്വോ എന്നാണോ ' എന്നായി സുന്ദരേട്ടന്‍ . എന്‍റെ നാവില്‍ വന്ന വാക്കുകള്‍ക്ക് മൂര്‍ച്ചയുള്ളതായി എനിക്ക് തന്നെ തോന്നി.
' ആരെ അനുഗ്രഹിച്ചില്ലെങ്കിലും ദൈവം നമ്മളെ അനുഗ്രഹിക്കും. അമ്മാതിരി പ്രവര്‍ത്തിയാണല്ലോ ചെയ്തത് ' ഞാന്‍ പറഞ്ഞു
' ആദ്യം ഷാപ്പില്‍ കയറി തീര്‍ത്ഥം സേവിച്ചു. പിന്നെ ചെന്നു കയറിയ സ്ഥലം അതിലും ഉത്തമം. അവസാനം മാംസാഹാരവും . ഇതിലും വലിയ പുണ്യ കര്‍മ്മം വേറെ എന്താണുള്ളത് '.

അവര്‍ക്ക് വിഷമം തോന്നിയോ എന്ന് എനിക്ക് സംശയമായി. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ സുന്ദരേട്ടന്‍ എന്നെ പതിയെ ' ഉണ്ണ്യേ ' എന്ന് വിളിച്ചു. ഞാനൊന്ന് നോക്കി. ' നിനക്ക് ചെറുപ്പമാണ്. ഞങ്ങളുടെ മുടിയൊക്കെ നരച്ചു. കുറെ കാലം കഴിഞ്ഞാല്‍ ഞങ്ങള്‍ ഇല്ലാതാവും. അന്ന് തനിക്ക് ഞങ്ങളുടെ പ്രായമാവും ' സുന്ദരേട്ടന്‍ പറഞ്ഞു ' അന്ന് ഒറ്റക്ക് ഇരിക്കുമ്പോള്‍ ആലോചിച്ച് രസിക്കാന്‍
ഇങ്ങിനെ വല്ലതും വേണ്ടേടോ. ഇല്ലെങ്കില്‍ എന്താ ഈ ജീവിതത്തിന്ന് ഒരര്‍ത്ഥം '.

ഇന്ന് നാല് പതിറ്റാണ്ടിന്ന് ശേഷം ആ വാക്കുകളുടെ അര്‍ത്ഥം ഞാന്‍ മനസ്സിലാക്കുന്നു.

( ഓര്‍മ്മത്തെറ്റ് എന്ന നോവലിന്‍റെ 22 ഉം 23 ഉം അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. )