Saturday, February 20, 2010

ബ്ലാങ്ക് ചെക്ക്

1982 ല്‍ എന്‍റെ വീട് പണി നടക്കുന്ന സമയം. കെട്ടു പണി തീര്‍ന്നെങ്കിലും തേപ്പ് പണിയും മറ്റും മുഴുമിക്കാനായില്ല. കയ്യിലെ നീക്കിയിരുപ്പ് മുഴുവന്‍ തീര്‍ന്നിരുന്നു. ദുഃഖങ്ങള്‍ പങ്കിടാറുള്ളത് കുട്ടിയേട്ടനോട് മാത്രം.

ഒരു ദിവസം ' എന്താടാ ഉണ്ണ്യേ നീ വീട് പണി തീര്‍ക്കാത്തത് ' എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ എന്‍റെ അവസ്ഥ അറിയിച്ചു. കുട്ടിയേട്ടന്‍ ഒന്നും പറഞ്ഞില്ല. അദ്ദേഹവും തുല്യ ദുഃഖിതനാണ്. കുറച്ച് കഴിഞ്ഞതും കുട്ടിയേട്ടന്‍ എഴുന്നേറ്റ് പോയി. ഞാന്‍ 
ഇലക്ട്രിക്കല്‍ അപകടങ്ങളെ സംബന്ധിച്ച ഫയലുകളിലേക്ക് കടന്നു.

കുറേ നേരത്തിന്ന് ശേഷം കുട്ടിയേട്ടന്‍ സീറ്റിലെത്തി എന്തോ കുത്തിക്കുറിക്കാന്‍ തുടങ്ങി. പ്യൂണ്‍ വന്ന് ബാലഗോപാലന്‍ സാര്‍ എന്നെ വിളിക്കുന്നുവെന്ന് അറിയിച്ചു. ഞാന്‍ അദ്ദേഹത്തിന്‍റെ ക്യാബിനിലേക്ക് ചെന്നു.

ശ്രി. എം. എന്‍. ബാലഗോപാലന്‍ അന്ന് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയിരുന്നു. പാലക്കാട് ഇലക്ട്രിക്കല്‍ 
ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറായിട്ടാണ് അദ്ദേഹം 
ജോലിയില്‍ നിന്ന് വിരമിച്ചത്. ഔദ്യോധിക പദവിയുടെ തലക്കനം ഒട്ടും അദ്ദേഹത്തിനെ തൊട്ട് തീണ്ടിയിട്ടില്ല.

അദ്ദേഹം എന്നോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്ന് അഭിമുഖമായി ഞാന്‍ ഇരുന്നു. ഒന്നു രണ്ട് ഫയലുകളെ കുറിച്ച് എന്നോട് ചോദിച്ചതിന്ന് ഞാന്‍ മറുപടി നല്‍കി. ' ങാ. ചോദിക്കാന്‍ വിട്ടു. തന്‍റെ വീട് പണി എന്തായി ' എന്ന് അദ്ദേഹം 
വ്യക്തിപരമായ കാര്യത്തിലേക്ക് കടന്നു. പണി തീര്‍ന്നതും , തീരാന്‍ ബാക്കിയുള്ളതുമായ വിവരം മുഴുവനും ഞാന്‍ പറഞ്ഞു.

' എന്നാല്‍ അതങ്ങോട്ട് വേഗം തീര്‍ക്ക് ' അദ്ദേഹം പറഞ്ഞു. ശരി എന്നും പറഞ്ഞ് ഞാന്‍ എഴുന്നേറ്റു.

ബാലഗോപാലന്‍ സാര്‍ എന്നോട് വീണ്ടും ഇരിക്കാന്‍ പറഞ്ഞു.

' പണമില്ലാത്തതാണ് വീട് പണി മുഴുമിക്കാതിരിക്കാന്‍ കാരണമെന്ന് നമ്മള്‍ രണ്ട് പേര്‍ക്കും അറിയാം. എന്തെങ്കിലും സഹായം 
താന്‍ ചോദിക്കുമെന്ന് ഞാന്‍ കരുതി. എന്നിട്ടും താനൊന്നും ചോദിച്ചില്ല. എന്നെ തോല്‍പ്പിച്ചു അല്ലേ'.

ഞാനൊന്നും പറഞ്ഞില്ല.

' എന്നാല്‍ ഞാന്‍ ഇപ്പോള്‍ തന്നെ തോല്‍പ്പിക്കാന്‍ പോവുകയാണ് '.

അദ്ദേഹം മേശ വലിപ്പ് തുറന്ന് ഒരു കടലാസ്സ് എടുത്ത് നീട്ടി. ഒപ്പിട്ട ഒരു ബ്ലാങ്ക് ചെക്കായിരുന്നു അത്.

' എടോ, ഇതില്‍ തനിക്ക് ആവശ്യമായ തുക എഴുതി എടുത്തോ , പണം കയ്യില്‍ ഉണ്ടാവുന്ന കാലത്ത് തിരിച്ചു തന്നാല്‍ മതി '.

ക്യാബിനില്‍ നിന്നും പുറത്തേക്ക് കടക്കുമ്പോള്‍ എന്‍റെ കണ്ണുകളില്‍ പടര്‍ന്ന കണ്ണീരില്‍ എല്ലാം അവ്യക്തമായി തീര്‍ന്നു.

8 comments:

എറക്കാടൻ / Erakkadan said...

ഇക്കാലത്ത്‌ ഇങ്ങനേം ആളുകളോ...

keraladasanunni said...

ശ്രി എറക്കാടന്‍ / Erakkadan.

ഞങ്ങളെല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം.
Palakkattettan.

Unknown said...

കേരളജീ,
മനുഷ്യസ്നേഹിയായ ബാലഗോപാലന്‍ സാറിന്‌ എന്‍റെ വക സ്നേഹത്തിന്‍റെ ഒരു പൂച്ചെണ്ട്.

സുമേഷ് | Sumesh Menon said...

ഒരു യഥാര്‍ത്ഥ മനുഷ്യസ്നേഹി തന്നെ ബാലഗോപാലന്‍ സാര്‍ (ഇങ്ങനെയുള്ള ആളുകള്‍ പില്‍ക്കാലത്ത്‌ ഒരു അത്ഭുതം തന്നെയായിരിക്കും).
ഒരു പൂച്ചെണ്ട് എന്‍റെ വകയും..

keraladasanunni said...

ശ്രീ റ്റോംസ് കോനുമഠം,
ശ്രി. സുമേഷ് / Sumesh Menon ,

അദ്ദേഹം ഒരു യഥര്‍ത്ഥ മനുഷ്യസ്നേഹി തന്നെയാണ്. മദ്യപിച്ച് ഓഫീസില്‍ അടികൂടിയ രണ്ട് കീഴ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുന്നതിന്നും 
അവര്‍ക്കെതിരായി പോലീസില്‍ പരാതി നല്‍കുന്നതിന്നും പകരം രണ്ടുപേരുടേയും 
ചെകിടത്ത് ഓരോന്ന് കൊടുത്ത് പ്രശ്നം 
പരിഹരിച്ച ഓഫീസറാണ് അദ്ദേഹം.

രാജഗോപാൽ said...

ബ്ലാങ്ക് ചെക്ക് ഒരാള്‍ക്ക് മറ്റൊരാളിലുള്ള വിശ്വാസത്തിന്റെ അമൂല്യമായ സാക് ഷ്യ പത്രമാണ്‌. കൊടുക്കുന്ന ആളിന്റെ നന്മ, സ്വീകരിക്കുന്ന ആളിന്റെ വിശ്വാസ്യത. ലോകം ഇപ്പോഴും അത്ര മോശമൊന്നും അല്ലാത്ത സ്ഥലമാണ്‌ ജീവിക്കാന്‍ എന്ന തോന്നല്‍ ഉണ്ടാക്കുന്നു "വംശനാശം" സംഭവിച്ചു കൊണ്ടിരിക്കുന്ന ഇങ്ങിനത്തെ ആള്‍ക്കാരെ കുറിച്ചുള്ള സ്മരണകള്‍ വായിക്കുമ്പോള്‍.

keraladasanunni said...

raj,
ഒട്ടും തലക്കനം കാട്ടാത്ത എല്ലാവരോടും 
സ്നേഹത്തോടെ പെരുമാറുന്ന വ്യക്തിയണ്
അദ്ദേഹം 

നളിനകുമാരി said...

അദ്ദേഹം ഇപ്പോള്‍ എവിടെയുണ്ട്.സുഖമായിരിക്കുന്നോ?ഏട്ടന്‍ കാണാറുണ്ടോ?