Friday, July 2, 2010

പൊളിഞ്ഞ് പാളീസായ ഒരു മരക്കച്ചവടം - ഭാഗം 1.

1997 തുടക്കത്തിലാണ് ഉമ്മര്‍ക്കയെ പരിചയപ്പെടുന്നത്. പത്തായപ്പുര തൊടിയിലെ മരങ്ങള്‍ മുഴുവന്‍ ആ സമയത്ത് വിറ്റു. അത് വങ്ങിയ കച്ചവടക്കാരനാണ് ഉമ്മര്‍ക്ക.

വാസതവത്തില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ അളിയനെയാണ് ആദ്യം പരിചയപ്പെട്ടത്. ഒരു വാതില്‍ കട്ടിള ചിതല്‍ നശിപ്പിച്ചിരുന്നു. അത്
മാറ്റണം. അതിന്ന് മരം വാങ്ങണമെന്ന് ആലോചിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. ഇപ്പോള്‍ തൊട്ടടുത്ത് മരകച്ചവടക്കാര്‍
എത്തിയിരിക്കുന്നു. ഇത്രയേറെ സൌകര്യം ഉള്ളപ്പോള്‍ വേറൊരിടത്ത് മരം അന്വേഷിച്ച് പോകുന്നതെന്തിന്. അതാണ്
പരിചയത്തിന്‍റെ തുടക്കം.

അയാള്‍ വീട്ടില്‍ വന്ന് വാതില്‍ പരിശോദിച്ചു.

' ഇത് മൊത്തം ചിതലാണല്ലോ. തൊട്ടാല്‍ മുഴുവനും പോകും '.

' വേറൊരു കട്ടിള ഉണ്ടാക്കിയാലോ '.

' അതാ നല്ലത്. 6 അടിയില്‍ രണ്ട് കഷ്ണം, 3 അടിയില്‍ രണ്ട് കുറുമ്പടി. നാലുക്ക് മൂന്ന് സൈസ്സ്. ഒന്നര ചതുരം മരം
വേണം '.

' എത്ര ഉറുപ്പിക ആവും ' ഞാന്‍ അന്വേഷിച്ചു.

' തേക്ക് ചതുരം 700 ഉറുപ്പിക മുതല്‍ മേപ്പോട്ട് വരും. പലജാതി മരത്തിന്‍റെ ഗുണം നോക്കി 300 ഉറുപ്പിക മുതല്‍ തുടങ്ങും '.

എന്താണ് വേണ്ടതെന്ന് എനിക്ക് ഒരു രൂപവും ഇല്ല. അയാള്‍ എന്നെ സഹായിച്ചു.

' ഇത് പ്രധാന കട്ടിളയൊന്നും അല്ലല്ലോ. സാറിന്ന് നല്ല പാല്‍ കഴനി ചതുരത്തിന്ന് 300 ഉറുപ്പിക കണക്കില്‍ തരാം '.

ഞാന്‍ അത് മതിയെന്ന് സമ്മതിച്ചു. മൂന്നാമത്തെ ദിവസം വീട്ടില്‍ മരം എത്തി. അന്ന് വൈകീട്ട് ഉമ്മര്‍ക്ക പണം വാങ്ങാന്‍ എത്തി.
വില എഴുതിയ ഒരു കുറിപ്പ് എനിക്ക് നീട്ടി. ഒന്നര ചതുരത്തിന്ന് 350 ഉറുപ്പിക നിരക്കില്‍ 525 ഉറുപ്പിക വില കാണിച്ചിരിക്കുന്നു.

' മരം ഏല്‍പ്പിക്കുമ്പോള്‍ ഇതല്ലല്ലോ വില പറഞ്ഞത് ' ഞാന്‍ പറഞ്ഞു.

' എത്രയാ പറഞ്ഞത് ' അദ്ദേഹം ചോദിച്ചു.

' ചതുരത്തിന്ന് 300 ഉറുപ്പിക എന്നാ പറഞ്ഞത് '.

' അത് ഞാന്‍ അറിഞ്ഞില്ല. ഇനി കൂട്ടം ഇല്ല. 300 മതി '.

പണം വാങ്ങി അദ്ദേഹം പോയി. പിറ്റേന്ന് അളിയന്‍ വന്നു.

' നമ്മള്‍ വില നിശ്ചയിച്ച കാര്യം അളിയന്‍ അറിഞ്ഞില്ല. അതാ പറ്റിയത് '.

' ഓ, അത് സാരമില്ല. പറഞ്ഞതും മൂപ്പര്‍ സമ്മതിച്ചു '.

' അളിയന്‍ അങ്ങിനെയാണ്. ആരോടും മുഖം മുറിഞ്ഞ് കാര്യം പറയില്ല. നമ്മളുടെ സ്വഭാവത്തിന്ന് യോജിച്ച ആളാണ് '.

അത് ശരിയാണെന്ന് പിന്നീട് ഇരുവര്‍ക്കും ബോദ്ധ്യമായി.

മരം കിട്ടിയിട്ടും ആശാരിയെ കിട്ടാതെ വിഷമിച്ചു. ചെറിയ ഒരു പണിക്ക് വരാന്‍ ആരും തയ്യാറല്ല. ഇനി എന്ത് ചെയ്യും എന്ന് വിഷമിച്ച് ഇരിക്കുമ്പോള്‍ ഒരു ദിവസം സന്ധ്യക്ക് ഒരു ചെറുപ്പക്കാരന്‍ എത്തി. വലിയ പൊക്കം ഉള്ള ആളല്ല. മുഖം നിറയെ
വസൂരി കല പോലെയുള്ള പാടുകള്‍ ഉണ്ട്. കണ്ട് പരിചയം ഉള്ള ആളല്ല.

' ആരാ ' ഞാന്‍ ചോദിച്ചു.

' ഞാന്‍ സോമന്‍ '.

' എന്താ '.

' ഒരു കട്ടിള പണിയനുണ്ട് എന്ന് ഒരാള് വന്ന് പറഞ്ഞു '.

' ഉവ്വ്. ഒരു കട്ടിള മാറ്റാനുണ്ട് '.

' ഞാന്‍ ഇത് ചെയ്താല്‍ ഇവിടെ സ്ഥിരമായി പണിക്ക് വരുന്നവര്‍ എന്തെങ്കിലും പറയ്യോ '.

' അങ്ങിനെയൊന്നും ഇല്ല. ഇതൊക്കെ സ്ഥിരം പണി അല്ലല്ലോ '.

' എന്നാല്‍ മറ്റന്നാള്‍ വരാ 'മെന്നു പറഞ്ഞ് അയാള്‍ പോയി.

- തുടരും -

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 78 വരെയുള്ള അദ്ധ്യായങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് )

6 comments:

krishnakumar513 said...

നല്ല എഴുത്ത്.കുറച്ചു കൂടി ആകാമായിരുന്നു,ഈ പോസ്റ്റ്...

ശ്രീ said...

ഇതും തുടരനാക്കിയോ?

keraladasanunni said...

കൃഷ്ണകുമാര്‍,

ശ്രീ,

ആറ് കൊല്ലക്കാലം ഒരു നല്ല മനുഷ്യനോടൊപ്പം 
നടത്തിയ മരക്കച്ചവടത്തിലെ അനുഭവങ്ങളാണ് ഇവിടെ കുറിക്കുന്നത്. തീരെ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് അവയൊക്കെ. കുറച്ചധികം കാര്യങ്ങള്‍ എഴുതാനുണ്ട്. എങ്കിലും വലിയ ഒരു തുടരനൊന്നും ആവില്ല ഇത്.

സുമേഷ് | Sumesh Menon said...

ശ്ശെടാ, തുടരനോ... :(
നല്ല എഴുത്ത് മാഷേ.. :)

keraladasanunni said...

സുമേഷ്, നന്ദി. ആറ് കൊല്ലത്തെ അനുഭവങ്ങള്‍ വളരെ കുറച്ച് അദ്ധ്യായങ്ങളിലായി എഴുതാനുണ്ട്.

OAB/ഒഎബി said...

നമ്മെപ്പോലെ അല്ല നിങ്ങളെപ്പോലെയുള്ള നല്ലയാളുകള്‍ക്ക് ഇന്നത്തെ കാലത്ത് കച്ചവടം ചെയ്യാന്‍ ഒക്കത്തില്ല.
ഏതായാലും ബാക്കി എഴുതൂ..