Wednesday, March 9, 2011

കയ്യിലൊരു കടല മുറുക്കമായി....

ഓര്‍മ്മയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ ഏറ്റവും അടിത്തട്ടില്‍ കാണുന്ന ഒരു ദൃശ്യത്തിന്ന് വര്‍ണ്ണപൊലിമ തീരെ ഇല്ല. എങ്കിലും നല്ല വ്യക്തത അതിന്നുണ്ട്.

സാധാരണ നാലഞ്ച് വയസ്സിന്ന് ശേഷമുള്ള കാര്യങ്ങളേ ഒരാളുടെ ഓര്‍മ്മയില്‍ ഉണ്ടാവൂ എന്നാണ് കേട്ടിട്ടുള്ളത്. അതിനും എത്രയോ മുമ്പുള്ള ഒരു രംഗമാണ് എന്‍റെ ഓര്‍മ്മയില്‍ ആദ്യത്തേത്.

പഴക്കം കൊണ്ട് നിറം മങ്ങി തുടങ്ങിയ കാവി നിലം. സാമാന്യം വലിയ മുറിയുടെ വാതില്‍ക്കല്‍ കത്തിച്ചു വെച്ച നിലവിളക്ക്. ഇടത്തെ കയ്യില്‍ ഒരു കടലമുറുക്കും പിടിച്ച് നില്‍ക്കുന്ന ഞാന്‍. അതിനപ്പുറം ഒന്നും തെളിയുന്നില്ല.

മുതിര്‍ന്നതിന്ന് ശേഷവും ഈ രംഗം പലപ്പോഴും മനസ്സില്‍ ഓടിയെത്താറുണ്ട്. അത്തരം ഒരു അവസരത്തില്‍ ഞാന്‍ ഇതേക്കുറിച്ച് അമ്മയോട് സംസാരിച്ചു.

" ഇപ്പഴും നിനക്ക് അത് ഓര്‍മ്മ തോന്നുന്നുണ്ടോ " അമ്മ ചോദിച്ചു.

" ഉണ്ട് " ഞാന്‍ പറഞ്ഞു '' പക്ഷെ ഏതാ സ്ഥലം, എന്താ സംഗതി എന്നൊന്നും ഓര്‍മ്മയില്‍ തോന്നുന്നില്ല ".

സംഗതി ശരിയാണ്. ബുദ്ധി ഉറച്ച ശേഷം അങ്ങിനെ ഒരിടത്ത് ഞാന്‍ ചെന്നിട്ടില്ല.

" അതെങ്ങമെയാ തോന്ന്വാ " അമ്മ പറഞ്ഞു " അന്ന് നീ ചെറിയ കുട്ട്യല്ലേ ".

അമ്മ വിശദീകരിച്ചു. എനിക്ക് രണ്ട് വയസ്സിനടുത്ത് പ്രായമുള്ളപ്പോള്‍, കൊല്ലങ്കോട് അമ്മാമന്‍ വാടകയ്ക്ക് താമസിച്ച വീട്ടില്‍ എന്നേയും കൊണ്ട് അമ്മ വിരുന്ന് പോയിരുന്നു. സന്ധ്യ നേരത്ത് വീട്ടു വാതില്‍ക്കല്‍ നിന്ന എനിക്ക് അയല്‍പക്കത്തെ ആരോ ഒരു കടല മുറുക്ക് സമ്മാനിച്ചു. അത് വാങ്ങിയതിന്ന് അന്ന് അമ്മ എന്നെ ആദ്യമായി ഒന്ന് തല്ലിയത്രേ.

കടല മുറുക്ക് സമ്മാനിച്ച വ്യക്തിയേയോ, ആ വീടിനേയൊ കുറിച്ചുള്ള ഓര്‍മ്മയൊന്നും എനിക്കില്ല . അമ്മ എന്നെ തല്ലിയതും ഞാന്‍ ഓര്‍ക്കുന്നില്ല. എങ്കിലും നിറം മങ്ങിയ കാവി നിലവും കത്തുന്ന നിലവിളക്കും ഇടത്തെ കയ്യിലെ കടല മുറുക്കും എനിക്ക് വ്യക്തമായി ഓര്‍മ്മിക്കാനാവുന്നുണ്ട്.