Thursday, May 26, 2011

രാമയ്യര്‍ .

ഹൈസ്കൂളിലെ ഏതോ ചെറിയ ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് ഞാന്‍ ആദ്യമായി ഉണ്ണിരാമയ്യരെ കാണുന്നത്. കുളപ്പുരയില്‍ വെച്ചു നടത്തിയ ഗണപതി ഹോമത്തിന്നും ഭഗവത് സേവയ്ക്കും പ്രസാദം ഉണ്ടാക്കാന്‍ വന്നതായിരുന്നു അദ്ദേഹം. കുള്ളന്‍ എന്ന് പറയാനാവില്ലെങ്കിലും അധികം പൊക്കമില്ലാത്ത പ്രകൃതം. അതിനൊത്ത ശരീരം. ശിരസ്സില്‍ രോമം ഇല്ലെങ്കിലും പുറകില്‍ കെട്ടി വെച്ച കുടുമ. വെറ്റില മുറുക്കി ചുവപ്പിച്ച ചുണ്ടുകള്‍. ഉടുത്ത ഈരെഴ തോര്‍ത്തിന്നടിയില്‍ തെളിഞ്ഞു കാണുന്ന കൌപീനം. ഇത്രയുമായാല്‍ ഉണ്ണിരാമയ്യരായി. അന്നത്തെ കടുമധുരം പായസത്തിന്‍റെ രുചി വര്‍ണ്ണിക്കാനാവില്ല. ആ കൈപുണ്യവും ശരീരത്തിന്‍റെ പ്രത്യേകതയും കാരണം അദ്ദേഹം മനസ്സില്‍ ഇടം പിടിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. എന്തോ ആവശ്യത്തിന്ന് ഒരു പൂജ ചെയ്യാന്‍ എന്‍റെ അമ്മയ്ക്ക് ആരോ അദ്ദേഹത്തിന്‍റെ പേരാണ് നിര്‍ദ്ദേശിച്ചത്. പൂജാദികളിലും മന്ത്രതന്ത്രങ്ങളിലും അദ്ദേഹത്തിന്ന് നല്ല പരിജ്ഞാനം ഉണ്ട് എന്ന് മുമ്പുതന്നെ കേട്ടിട്ടുള്ളതാണ്.

ആദ്യത്തെ പൂജ ഞങ്ങള്‍ ഉദ്ദേശിച്ചതിലും വെച്ച് വളരെ ഭംഗിയായി അദ്ദേഹം നിര്‍വ്വഹിച്ചു. അത് ഒരു തുടക്കമായിരുന്നു. പിന്നീട് എല്ലാ മലയാള മാസവും ആദ്യത്തെ വെള്ളിയാഴ്ച അദ്ദേഹത്തിന്‍റെ വീട്ടില്‍ വെച്ച് ഞങ്ങള്‍ക്കായി പ്രത്യേക പൂജ ചെയ്യും. മഠത്തിലെ പൂജാമുറിയില്‍ മിക്കവാറും ദിവസങ്ങളില്‍ അത്തരം പൂജ ഉണ്ടാവാറുള്ളതാണ്.

ഗ്രാമത്തിലെ മറ്റു മഠങ്ങളില്‍ നിന്ന് വേറിട്ട് ഒറ്റയ്ക്കുള്ള ഒരു പഴയ കെട്ടിടത്തിലായിരുന്നു അദ്ദേഹത്തിന്‍റെ താമസം. കൂടെ ഭാര്യ മാത്രം. മക്കള്‍ ഇല്ല. എണ്‍പതിനോടടുത്ത് പ്രായമായിട്ടുണ്ട് അന്ന് അദ്ദേഹത്തിന്ന്. അമ്മയും ഞാനും ഭാര്യയും മക്കളുമായി സന്ധ്യയോടെ ചെല്ലും. ഞങ്ങള്‍ ചെല്ലുന്നതും കാത്ത് അവര്‍ ഇരിയ്ക്കും. കുറച്ചു നേരം കുശലാന്വേഷണങ്ങള്‍. അതിന്ന് ശേഷം പൂജ തുടങ്ങും. അപ്പോഴേക്കും മാമി ( അദ്ദേഹത്തിന്‍റെ ഭാര്യ ) പായസം ഉണ്ടാക്കിയിരിക്കും.

അത്തരത്തിലുള്ള ഒരു പൂജ ദിവസം . ഉമ്മറത്തെ ചാരുകസേലയില്‍ അദ്ദേഹം ഇരുന്നു, അഭിമുഖമായി ഒരു പ്ലാസ്റ്റിക്ക് മെടഞ്ഞ കൊട്ടകസേലയില്‍ ഞാനും. അകത്ത് അമ്മയും സുന്ദരിയും മാമിയോടൊപ്പം സംഭാഷണത്തിലാണ്. കുട്ടികള്‍ മുറ്റത്ത് കളിക്കാനിറങ്ങി.

'' ഭവാനോട് ഒരു സങ്കടം ഉണര്‍ത്തിക്കണം എന്ന് കുറച്ച് കാലമായി വിചാരിക്കുന്നു '' അദ്ദേഹം തുടങ്ങി. എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.

'' വല്ലതും തന്ന് സഹായിക്കണം എന്ന് പറയാനൊന്നുമല്ല '' അദ്ദേഹം തുടര്‍ന്നു '' ഇപ്പൊ അതിന്‍റെ ആവശ്യം ഇല്ല. കുറച്ച് കാശ് ബാങ്കിലുണ്ട്. അതിന്‍റെ പലിശ കിട്ടും. പോരാത്തതിന്ന് നിങ്ങളെപ്പോലെ ഇവിടെ വരുന്ന പലരുടെ കയ്യില്‍ നിന്നും എന്തെങ്കിലുമൊക്കെ കിട്ടാറുണ്ട്. ബുദ്ധിമുട്ടില്ലാതെ കഴിയാന്‍ അതൊക്കെ മതി ''.

'' പിന്നെന്താ വേണ്ടത് '' ഞാന്‍ ചോദിച്ചു.

'' മനുഷ്യ ജന്മം അല്ലേടോ ഞങ്ങള് രണ്ടാളും. മക്കളും കുട്ട്യേളും ഒന്നും ഉണ്ടായില്ല. ബന്ധുക്കള് എന്ന് പറയാനും ആരും ഇല്ല. അയല്‍ പക്കക്കാര്‍ക്കോക്കെ ഞങ്ങള് എന്നുവെച്ചാല്‍ അത്തം ചതുര്‍ത്ഥിയാണ്. ജീവിച്ചിരിക്കുന്നത്ര കാലം ആരെയെങ്കിലും കാണാനും മിണ്ടാനും ഒക്കെ തോന്നില്ലേ ''.

ഞാന്‍ തലയാട്ടി.

'' ഒരു കാര്യം മാത്രം ചെയ്താല്‍ മതി '' അദ്ദേഹം പറഞ്ഞു '' ആഴ്ചയില്‍ ഒരു ദിവസം ഒഴിവോടെ ഇങ്ങോട്ട് വര്വാ. കുറച്ച് നേരം വര്‍ത്തമാനം പറഞ്ഞിരിക്ക്യാ. അത്രേ വേണ്ടൂ ''.

അവരുടെ നിസ്സഹായാവസ്ഥ എനിക്ക് സങ്കടം ഉണ്ടാക്കി. അദ്ദേഹത്തിന്‍റെ അയല്‍പക്കത്തുള്ള ചിലരോട് ഞാന്‍ വിവരം തിരക്കി. അവര്‍ക്ക് പറയാനുള്ളത് മറ്റൊന്നാണ്.

'' സ്വാമിയെ എങ്ങിനേയും കഴിച്ചു കൂട്ടാം. പക്ഷെ അദ്ദേഹത്തിന്‍റെ ഭാര്യയെ സഹിക്കാന്‍ പറ്റില്ല '' ഒരാള്‍ പറഞ്ഞു തന്നു '' അത്ര നല്ല നാവാണ് ''.

ഒരിക്കല്‍ മാമിയുടെ കണ്ണില്‍ എന്തോ തട്ടി. അതും വെച്ച് കുറെ ദിവസം നടന്നു. വേദന അസഹ്യമായപ്പോള്‍ അടുത്ത വീട്ടിലുള്ളവര്‍ മാമിയെ ആസ്പത്രിയിലാക്കി. അതിനകം കേടു വന്നു കഴിഞ്ഞ കണ്ണ് ഓപ്പറേഷന്‍ ചെയ്ത് നീക്കം ചെയ്തു. അതിന്ന് മാമി അവരെ '' കൂട്ടിക്കോണ്ടു പോയി കണ്ണ് കുത്തി പൊട്ടിച്ചു '' എന്നും പറഞ്ഞ് ആക്ഷേപിച്ചുവത്രേ.

ഏതായാലും അതിന്ന് ശേഷം ഇടയ്ക്കൊക്കെ ഞാന്‍ അദ്ദേഹത്തിനെ കാണാന്‍ ചെല്ലും. ഉമ്മറത്ത് ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ മാമി കാപ്പിയുമായി എത്തും. സാധനങ്ങളുടെ വില വര്‍ദ്ധനയെ പറ്റിയും നാട്ടില്‍ കളവ് വര്‍ദ്ധിക്കുന്നതിനെക്കുറിച്ചും മാമി വിഷമം പറയും.

'' ഒന്ന് നിര്‍ത്ത്വാ. ആരെങ്കിലും വന്ന് കയറിയാല്‍ തുടങ്ങിക്കോളും ആവലാതി പറയാന്‍ '' മാമിയുടെ വിഷമം പറച്ചില്‍ അദ്ദേഹത്തിന്ന് രസിക്കില്ല. ഒഴിഞ്ഞ ഗ്ലാസ്സുമായി മാമി സ്ഥലം വിടും.

ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍, മായാവാരത്തിലുള്ള ബന്ധുക്കളുടെ വിവരങ്ങള്‍, വിവിധ തരത്തിലുള്ള പൂജാ വിധികള്‍, നിരവധി അനുഭവങ്ങള്‍ എന്നിവയോടൊപ്പം നല്ല കാലത്ത് ഏതോ സ്ത്രീയില്‍ തോന്നിയ മോഹം വരെ അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്.

'' തനിക്ക് എന്‍റെ മകനാവാനുള്ള പ്രായം മാത്രേ ഉള്ളു. എന്നാലും താന്‍ ഒരു പുരുഷനല്ലേ. ഇങ്ങിനെ ഒരു ആഗ്രഹം തോന്നിയ കാര്യം ആണുങ്ങളോടല്ലേ പറയാന്‍ പാടുള്ളു '' അദ്ദേഹത്തിന്‍റെ ന്യായീകരണം അതാണ്.

ഒരു ദിവസം എന്നെ അന്വേഷിച്ച് കറുപ്പന്‍ ചെട്ടിയാര്‍ വന്നു. ഗ്രാമത്തിലുള്ളവര്‍ക്ക് അത്യാവശ്യം ചില്ലറ ജോലികള്‍ ചെയ്തു കൊടുക്കുന്ന ആളാണ് ചെട്ടിയാര്‍.

'' സ്വാമിക്ക് ഒന്ന് കാണണം എന്ന് പറഞ്ഞു ''. കൂടുതലൊന്നും അയാള്‍ക്കറിയില്ല.

അന്നു വൈകുന്നേരം ഞാന്‍ ചെന്നപ്പോള്‍ സ്വാമി കിടപ്പിലാണ്. തലേന്ന് മുറ്റത്ത് കാലിടറി വീണതാണ്. കാല് നീരു വന്ന് വീര്‍ത്തിരിക്കുന്നു. അനങ്ങാനാവാത്ത അവസ്ഥ.

'' ഡോക്ടറെ കാണീക്കണ്ടേ '' ഞാന്‍ ചോദിച്ചു.

'' അതൊന്നും വേണ്ടാ. വൈദ്യര് വന്നു നോക്കി. ഒരു കുഴമ്പ് തന്നിട്ടുണ്ട്. അത് പുരട്ടി ഒരു നാഴിക നേരം നില്‍ക്കണം. പിന്നെ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകി കളഞ്ഞ് കുളിക്കണം ''.

'' എന്നിട്ട് ചെയ്തു നോക്കിയോ '' ഞാന്‍ അന്വേഷിച്ചു.

'' എങ്ങിനെയാടോ ചെയ്യാ. എനിക്ക് അനങ്ങാന്‍ വയ്യ. അമ്മ്യാരുക്ക് എന്നെ എടുത്ത് പൊക്കാന്‍ വയ്ക്കോ '' അദ്ദേഹം പറഞ്ഞു '' ഒന്നും രണ്ടും അല്ല, ഇരുപത്തൊന്ന് ദിവസം ചെയ്യണം ''.

എന്താണ് വേണ്ടത് എന്ന് ഞാന്‍ ചിന്തിക്കുമ്പോഴേക്കും മാമി ഇടപെട്ടു '' നാളെ മുതല്‍ വിജയന്‍ ( എന്നെ അങ്ങിനെയാണ് വീട്ടില്‍ വിളിക്കാറ് ) നിത്യവും വന്ന് എന്നെ ഒന്ന് സഹായിക്കണം ''.

ഞാന്‍ സമ്മതിച്ചു.

'' പിന്നെ ഒരു കാര്യം കൂടി '' മാമി പറഞ്ഞു '' സന്ധ്യ ആയാല്‍ സ്വാമിക്ക് തണുക്കും. അതിന്നു മുമ്പ് കുളി കഴിയണം ''.

വൈകുന്നേരം നാലരയോടെ സ്വാമിയെ കുഴമ്പ് പുരട്ടി ഇരുത്താമെന്നും ജോലി കഴിഞ്ഞു വരുന്ന വഴിക്ക് ഞാന്‍ മഠത്തിലെത്താമെന്നും തീരുമാനിച്ചു. പിറ്റേന്ന് മുതല്‍ അങ്ങിനെ തന്നെ ചെയ്തു. മഠത്തിന്ന് മുമ്പില്‍ ബൈക്ക് നിര്‍ത്തി ബോക്സില്‍ സൂക്ഷിച്ച കാവി മുണ്ടുമായി ഞാന്‍ ചെല്ലും. കല്‍പ്പടവിന്നരുകില്‍ ഷൂസ് അഴിച്ചു വെച്ച് അകത്തു കേറി ഷര്‍ട്ടും പാന്‍റും മാറ്റി കാവി മുണ്ട് ചുറ്റും. സ്വാമി എന്‍റെ ശരീരത്തില്‍ ബലമായി കെട്ടി പിടിക്കും. ഓരു കാല് നിലത്തൂന്നി എന്നോടൊപ്പം നടക്കും. മാമി ചൂടുവെള്ള പാത്രവുമായി പുറകെ വരും. മഠത്തിന്‍റെ പുറകിലെ മുറ്റത്ത് ഒരു സ്റ്റൂളിട്ട് അതില്‍ സ്വാമിയെ ഇരുത്തും. മാമി അദ്ദേഹത്തെ കുളിപ്പിക്കും.

രണ്ടാഴ്ച കഴിയുമ്പോഴേക്കും അദ്ദേഹത്തിന്ന് ഭേദമായി.

'' ഒരു പുത്രന്‍ ഇല്ലല്ലോ എന്നൊരു സങ്കടം ഉണ്ടായിരുന്നു. അത് തീര്‍ന്നു '' ഒരു ദിവസം അദ്ദേഹം പറഞ്ഞു'' പകരം തനിക്ക് തരാന്‍ ഞങ്ങളുടെ കയ്യില്‍ ഒന്നൂല്യാ. അതേള്ളൂ ഒരു വിഷമം ''. അത് കേട്ടു നിന്ന മാമി അടുത്തേക്ക് വന്ന് എന്‍റെ തലയില്‍ കൈ വെച്ചു.

'' ഏതോ ജന്മത്തില്‍ വിജയന്‍ എന്‍റെ വയറ്റില്‍ ജനിച്ചതാണ്എന്നാ എനിക്ക് തോന്നുന്നത് '' അവരുടേ ശബ്ദം ഇടറി.

രണ്ടുപേരും ഇന്നില്ല. മാമിയുടെ മരണം പെട്ടെന്നായിരുന്നു. അതിന്ന് ശേഷം സ്വാമിയെ സംരക്ഷിച്ചത് അകന്ന ബന്ധത്തില്‍ പെട്ടവരായിരുന്നു. വല്ലപ്പോഴും ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെല്ലും.

'' ഒന്നും തോന്നരുത് '' ഒരു ദിവസം അദ്ദേഹം പറഞ്ഞു '' ആരെങ്കിലും കാണാന്‍ വരുന്നതൊന്നും ഇവര്‍ക്ക് ഇഷ്ടമല്ല ''. ആ വാക്കുകളിലുള്ള ധര്‍മ്മസങ്കടം എനിക്ക് മനസ്സിലായി. അധികകാലം കഴിയുന്നതിന്ന് മുമ്പ് സ്വാമിയും മണ്‍മറഞ്ഞു.


Friday, May 6, 2011

വീണ്ടും ഒരു നോവലുമായി

ഇരുപത് മാസം കൊണ്ട് രചിച്ച " ഓര്‍മ്മത്തെറ്റ്പോലെ " എന്ന നോവല്‍ പബ്ലിഷ് ചെയ്ത ശേഷം " നന്മയിലേക്ക് ഒരു ചുവടുവെപ്പ് " എന്ന നോവല്‍ തുടങ്ങിയിരിക്കുന്നു. ആദ്യ അദ്ധ്യായം പബ്ലിഷ് ചെയ്തു കഴിഞ്ഞു.