Tuesday, November 29, 2011

മീശക്കാരി പത്മിനി.

ലക്സ് ടൊയ്‌ലറ്റ് സോപ്പിന്‍റെ റാപ്പറിനകത്തു നിന്ന് എനിക്ക് കിട്ടിയത് മര്‍ലിന്‍ മണ്ട്രോയുടെ ഒരു ചിത്രമായിരുന്നു ( എന്‍റെ കുട്ടിക്കാലത്ത് സിനിമാതാരങ്ങളുടെ ഫോട്ടോ സോപ്പിനോടൊപ്പവും പ്ലാസ്റ്റിക്ക് കൊണ്ടുള്ള കൊച്ചു കളിപ്പാട്ടങ്ങള്‍ ബിനാക്ക ടൂത്ത് പേസ്റ്റിനോടൊപ്പവും കുറച്ചു നാള്‍ കിട്ടിയിരുന്നു ). വെളുത്തു ചുരുണ്ട മുടികളോടു കൂടിയ ആ സുന്ദരിയുടെ ചിത്രം ഞാന്‍ കണക്ക് ബൌണ്ടിനകത്ത് വെച്ചു. പിറ്റേന്ന് ഫോട്ടൊ ക്ലാസ്സില്‍ കൊണ്ടുപോയി അടുത്ത കൂട്ടുകാരെ കാണിക്കണം, പറ്റിയാല്‍ ആരുടേയെങ്കിലും കയ്യില്‍ നിന്ന് കറുപ്പ് മഷി വാങ്ങി മദാമയുടെ മുടി കറുപ്പിക്കണം എന്നൊക്കെ ഞാന്‍ നിശ്ചയിച്ചു.

പിറ്റേന്ന് എട്ടാം ക്ലാസ്സിലെ സുഹൃത്തുക്കളെ ഫോട്ടൊ കാണിച്ചു. നല്ല ഭംഗീണ്ട് എന്ന് ചിലരൊക്കെ പറഞ്ഞു. ആകെക്കൂടി മറ്റുള്ളവരുടെ മുമ്പില്‍ എനിക്കൊരു പൊടി ഗമ വന്നതു പോലെ.

ഇന്‍റെര്‍വെല്‍ സമയത്ത് യൂസഫ് ( പേര് ശരിയാണോ എന്ന് ഉറപ്പില്ല. നല്ല ഓര്‍മ്മയില്ല ) എന്‍റടുത്ത് വന്നു. ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും വലിയ കുട്ടിയാണ് അവന്‍. മുഖത്ത് മീശ കിളുര്‍ത്ത് തുടങ്ങിയിട്ടുണ്ട്. പല ക്ലാസ്സിലും തോറ്റു കിടന്നില്ലെങ്കില്‍ അവന്‍ പത്താം ക്ലാസ്സ് കഴിഞ്ഞു എന്നേ പോയിട്ടുണ്ടാവും എന്ന് ചില കുട്ടികള്‍ പറയുന്നത് കേട്ടിട്ടുണ്ട്.

'' നിനക്കെന്തിനാ ഈ ഫോട്ടോ '' അവന്‍ ചോദിച്ചു.

'' പുസ്തകത്തിന്‍റെ ഉള്ളില്‍ വെക്കാന്‍ '' ഞാന്‍ ഉദ്ദേശം വ്യക്തമാക്കി '' അതിനു മുമ്പ് ആരുടേല്‍ നിന്നെങ്കിലും കറുപ്പ് മഷി വാങ്ങി അയമ്മടെ മുടി ഒന്നു കറുപ്പിക്കണം ''.

'' നീ അതിനെ കുത്തി വരച്ച് കോലം കെടുക്കും '' അവന്‍ പറഞ്ഞു '' അതിനെ നശിപ്പിക്കണ്ടാ. അത് നീ എനിക്ക് താടാ. വെളിച്ചാമ്പൊ എണീക്കുന്ന നേരത്ത് കാണാന്‍ പറ്റുണ മാതിരി എന്‍റെ മുറീല് വെക്കാനാ ''.

ഒരു മിനുട്ട് ഞാന്‍ ആലോചിച്ചു. ഫോട്ടോ കൊടുത്തില്ലെങ്കില്‍ അവന്‍ പിടിച്ചു വാങ്ങും. ചിലപ്പൊ രണ്ടടി കിട്ടാനും മതി.

'' നീ എന്താ ആലോചിക്കുന്നത് '' എന്‍റെ മൌനം കണ്ടിട്ട് അവന്‍ ചോദിച്ചു '' ഫോട്ടൊ എനിക്ക് വെറുതെ തരണ്ടാ. പകരം ഞാന്‍ നിനക്ക് ഒരു നാല്‍പ്പതാം പേജ് നോട്ട് ബുക്ക് തരാം ''.

നോട്ട് ബുക്കെങ്കില്‍ അത്. കിട്ടുന്നത് പോരട്ടെ എന്ന് ഞാനും കരുതി. യൂസഫ് ഓടിപ്പോയി നോട്ട് പുസ്തകം വാങ്ങി വന്നു. റോസ് നിറത്തില്‍ പുറം ചട്ടയുള്ള പുസ്തകത്തിന്‍റെ പുറകില്‍ സിനിമാ താരം പത്മിനിയുടെ ഫോട്ടോ ഉണ്ടായിരുന്നു. ഫോട്ടോ കൊടുത്ത് ഞാന്‍ പുസ്തകം വാങ്ങി. ഒരു നിധി കിട്ടിയ സന്തോഷം യൂസഫിന്‍റെ മുഖത്ത് ഉണ്ടായി. മദാമയുടെ കവിളില്‍ അവന്‍ ഒരു മുത്തം കൊടുത്തു.
എന്നിട്ട് ആ പടം പുസ്തകത്തിന്നുള്ളില്‍ വെച്ചു.

മദാമയുടെ മുടി കറുപ്പിക്കാന്‍ പറ്റാഞ്ഞതിലുള്ള നിരാശ എന്നെ പിടി കൂടി. ഇടവേള കഴിഞ്ഞുള്ള ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ അതു തന്നെയായിരുന്നു മനസ്സ് മുഴുവന്‍. പുസ്തകത്തിന്‍റെ കവറിലെ പത്മിനിയുടെ മുഖത്ത് എന്‍റെ കര വിരുത് പ്രയോഗിച്ചാലോ എന്ന ആശയം അപ്പോഴാണ് എന്നില്‍ ഉടലെടുത്തത്. നടികര്‍ തിലകം ശിവാജി ഗണേശന്‍റെ ചിത്രത്തിന്ന് താടിയും തലപ്പാവും വരച്ചു ചേര്‍ത്തി സിക്കുകാരന്‍ ആക്കിയ പരിചയം എനിക്കുണ്ട്. പിന്നെ ഏറെ വൈകിച്ചില്ല. പേനയുടെ നിബ്ബ് പത്മിനിയുടെ മുഖത്തിലെത്തി.

ആ പിരീഡ് ഡ്രോയിങ്ങായിരുന്നു. നാണുമാസ്റ്ററാണ് അദ്ധ്യാപകന്‍. എന്നെ അദ്ദേഹത്തീന്ന് അത്ര പഥ്യമല്ല. കഴിഞ്ഞ വര്‍ഷം കാണിച്ച അതിബുദ്ധിയാണ് അതിന്നു കാരണം. എല്ലാ കുട്ടികളുടേയും ഡ്രോയിങ്ങ് ബുക്കില്‍ ഒരു കുലയില്‍ രണ്ടു മാമ്പഴമുള്ള ചിത്രം വരച്ചു തന്നിട്ട് അതിനെ വാട്ടര്‍ കളര്‍ അടിച്ചു കാണിക്കാന്‍ അദ്ദേഹം ഏല്‍പ്പിച്ചിരുന്നു. അവിടെയാണ് എന്‍റെ ബുദ്ധി പ്രവര്‍ത്തിച്ചത്. ഞാന്‍ അതിലെ ഒരു മാങ്ങയ്ക്ക് ഓറഞ്ച് നിറവും മറ്റേതിന്ന് നീല നിറവും കൊടുത്തു. ചിത്രം നോക്കിയതും മാഷ് എന്നെ വിളിച്ചു.

'' ഇത് എന്താടാ ഇങ്ങിനെ '' അദ്ദേഹം ചോദിച്ചു. മാഷ് കോപിച്ചിരിക്കുകയാണ്. ഞാന്‍ ഒന്നും പറഞ്ഞില്ല.

'' നിന്നോടാ ചോദിച്ചത്. ഇത് എന്ത് മാങ്ങയാണ് '' ഓറഞ്ച് നിറത്തിലുള്ള മാങ്ങയെ ചൂണ്ടി മാഷ് ചോദിച്ചു.

'' സിന്ദൂരം ''.

'' അപ്പോള്‍ ഇതോ ''

'' നീലം മാങ്ങ ''.

'' ഒരു കുലയില്‍ രണ്ടു വിധം മാങ്ങ ഉണ്ടാവ്വോടാ ''. അന്ന് എന്‍റെ രണ്ട് കയ്യിലും ഈരണ്ടടി വീതം കിട്ടി. അതോടെ ഡ്രോയിങ്ങിലുള്ള താല്‍പ്പര്യം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോയി.

നനുത്ത മീശ പത്മിനിയുടെ മുഖത്ത് തെളിഞ്ഞു തുടങ്ങി. ശ്രദ്ധിച്ച് നോക്കുമ്പോള്‍ ഒന്ന് വലുതും മറ്റേത് ചെറുതും. ഉടനെ ചെറുതിനെ വലുതാക്കി. വേറൊരു പിഴവ് അപ്പോഴാണ് കാണുന്നത്. ഒരു ഭാഗത്തെ മീശയ്ക്ക് അല്‍പ്പം കനം കൂടുതലാണ്. അതിനെ ലേശം കൂടി കനപ്പിക്കാമെന്നു വെക്കുക. അപ്പോള്‍ മറ്റേത് കനം കുറഞ്ഞതായാലോ ? ഇനിയെന്തു ചെയ്യും ? ഇങ്ങിനെ വെക്കാനും പറ്റില്ലല്ലോ. കൊമ്പന്‍ മീശയാക്കി പ്രശ്നം പരിഹരിക്കാമെന്ന് തീരുമാനിച്ചു.

പത്മിനിക്ക് കൊമ്പന്‍ മീശ വെക്കാനുള്ള യോഗം ഉണ്ടായില്ല. അതിന്നു മുമ്പ് നാണു മാസ്റ്റര്‍ ചോക്കു കഷ്ണം കൊണ്ട് എന്നെ ഒരേറ്. ഞാന്‍ തലയുയര്‍ത്തി.

'' എന്താടാ ചെയ്യുന്നത്. ആ പുസ്തകവും കൊണ്ട് ഇങ്ങോട്ട് വാ ''.

ഞാന്‍ പുസ്തകവുമായി ചെന്നു. മാഷ് ചിത്രത്തില്‍ ഒന്ന് കണ്ണോടിച്ചു. പിന്നെ മുഖം വക്രിച്ച് എന്നെ കളിയാക്കിക്കൊണ്ട് നോക്കി.

'' മീശയുള്ള ഏതെങ്കിലും പെണ്ണുങ്ങളെ നീ കണ്ടിട്ടിണ്ടോടാ '' മാഷ് ചോദിച്ചു.

മീന ഭരണിക്ക് നെല്ലും കുരുമുളകും മഞ്ഞളും വാങ്ങാന്‍ വന്നിരുന്ന വെളിച്ചപ്പാട് തള്ളയ്ക്ക് മീശ രോമങ്ങളുണ്ട്. കുരുവട്ടിയില്‍ പനഞ്ചക്കര നിറച്ച് കീറ മുണ്ടുകൊണ്ട് മൂടി വീടുതോറും നടന്ന് വില്‍ക്കുന്ന തമിഴത്തിക്ക് മീശ മാത്രമല്ല താടിരോമങ്ങളുമുണ്ട്. ഞാന്‍ അതൊന്നും പറയാന്‍ മിനക്കെട്ടില്ല.

'' എടാ, ചിത്രം വരക്കുന്നത് ഒരു കലയാണ് '' മാഷ് പറഞ്ഞു '' ഏതു കലാകാരനും സൌന്ദര്യബോധം ഉണ്ടായിരിക്കണം. തലയ്ക്കുള്ളില്‍ എന്തെങ്കിലും ഉള്ളവനേ സൌന്ദര്യം എന്താണെന്ന് മനസ്സിലാവൂ. ബുദ്ധിയും ബോധവും ഇല്ലാത്തവര്‍ക്ക് അത് മനസ്സിലാവില്ല. അവര് തൊട്ടതൊക്കെ വിരൂപമായിട്ടേ വരുള്ളു, ഇതാ ഇങ്ങിനത്തെ മീശയുള്ള പെണ്ണിനെപ്പോലെ ''.

മാഷ് ആ ചിത്രം എല്ലാവരേയും കാണിച്ചു. പിള്ളേര്‍ ഉറക്കെ ചിരിച്ചു.

'' എത്ര ഭംഗിയുള്ള സ്ത്രീയാണ് അവര്‍ '' മാഷ് പറഞ്ഞു '' അവരുടെ മുഖത്താണ് നിന്‍റെ തൃക്കൈ വിളയാടിയത്. നിന്നെ ഞാന്‍ ഒന്നും ചെയ്യുന്നില്ല. പൊയ്ക്കോ എന്‍റെ മുമ്പിന്ന് ''.

മാഷ് ആ പുസ്തകം വലിച്ചെറിഞ്ഞു. ചിറക് വിരിച്ച് പറക്കുന്ന ഒരു വവ്വാലിനെപ്പോലെ അത് വാതിലും കടന്ന് വരാന്തയില്‍ ചെന്നു വീണു.

ചാനലുകളിലെ ചില കോമഡി പരിപാടികളില്‍ മീശയുള്ള സ്ത്രീ വേഷങ്ങളെ കാണാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ നാണു മാഷെ ഓര്‍ക്കും. ഇത്തരം കലാഭാസങ്ങളൊന്നും കാണാന്‍ ഇല്ലാഞ്ഞത് അദ്ദേഹത്തിന്‍റെ ഭാഗ്യം.



Monday, November 14, 2011

ഒരു ആസ്പത്രി കാഴ്ച..

ഡിഗ്രിക്ക് പഠിക്കുമ്പോഴത്തെ ഒരു അവധിക്കാലം. കളിക്കുന്നതിന്നിടെ വലതു കാലിന്നടിയില്‍ ഒരു കുപ്പിച്ചില്ല് തറഞ്ഞു കയറിയതു കാരണം കുറെ ദിവസം പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ പോയി മുറിവ് ഡ്രസ്സ് ചെയ്യിക്കേണ്ടി വന്നു.

പതിവുപോലെ അന്നു രാവിലെ ഞാന്‍ ആസ്പത്രിയിലെത്തിയതാണ്. നേരത്തെ എത്തിയാല്‍ ഒരു ഗുണമുണ്ട്. കുറച്ചു നേരം കാത്തു നിന്നാലുംഡോക്ടര്‍ എത്തിയതും മുറിവ് കെട്ടി തിരിച്ചു പോകാം. സമയം വൈകും തോറും രോഗികളുടെ എണ്ണം വര്‍ദ്ധിക്കും. ക്യൂവില്‍ ഏറെ സമയം കാത്തു നില്‍ക്കേണ്ടി വരും.

പറങ്കിമാവിന്‍റെ ചുവട്ടില്‍ സൈക്കിള്‍ നിര്‍ത്തി ആസ്പത്രി വരാന്തയിലേക്ക് നടന്നു. ഡോക്ടര്‍ എത്താന്‍ സമയം ആവുന്നതേയുള്ളു. വരാന്തയില്‍ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും താഴോട്ടും നോക്കി നില്‍പ്പുണ്ട്. വേറൊരു ചെറുപ്പക്കാരന്‍ പരിശോധന മുറിയുടെ വാതിലും ചാരി അവരെ നോക്കി നില്‍പ്പാണ്. സാധാരണ ഇത്ര നേരത്തെ ആരും എത്താറില്ല. ഇവരെ നോക്കി കഴിഞ്ഞതിന്നു ശേഷമല്ലേ ഡോക്ടറെ കാണാനൊക്കൂ എന്ന് ഞാനോര്‍ത്തു.

അടുത്തെത്തുമ്പോള്‍ സ്ത്രീകള്‍ കരയുകയാണെന്ന് മനസ്സിലായി. ഒരാള്‍ പ്രായം ചെന്ന സ്ത്രിയാണ്, മറ്റേത് ചെറുപ്പക്കാരിയും. അവരെല്ലാം കൂലി പണിക്കാരാണെന്ന് എനിക്ക് തോന്നി.

വരാന്തയിലേക്ക് കയറിയപ്പോള്‍ നിലത്ത് വിരിച്ച തോര്‍ത്തില്‍ ഒരു വൃദ്ധന്‍കിടക്കുന്നത് കണ്ടു. അയാള്‍ ഇടക്കിടയ്ക്ക് ചുമയ്ക്കുന്നുണ്ട്. സ്ത്രീകളുംമൂന്ന് പുരുഷന്മാരും അയാള്‍ക്ക് ചുറ്റുമാണ് നിന്നിരുന്നത്. പരിശോധന മുറിയുടെ വാതില്‍ക്കല്‍ നിന്ന ആളുടെ പുറകില്‍ ഞാന്‍ ചെന്നു നിന്നു.

'' ഡോക്ടര്‍ എപ്പഴാ എത്ത്വാ '' കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു.

'' വരാറായി '' ഞാന്‍ മറുപടി നല്‍കി. വരാന്തയില്‍ നിന്നവരെ പറ്റി കൂടുതല്‍ അറിയണമെന്ന് എനിക്ക് തോന്നി.

'' ഈ കാര്‍ണോരക്ക് എന്താ അസുഖം '' ഞാന്‍ എന്‍റെ മുന്നില്‍ നിന്ന ആളോട് ചോദിച്ചു. അയാള്‍ പറഞ്ഞു തുടങ്ങി.

നിലത്ത് കിടക്കുന്നത് അയാളുടെ അച്ഛനാണ്. ചുറ്റും നില്‍ക്കുന്നത് അമ്മയും പെങ്ങളും ഏട്ടന്മാരുമാണ്. കുറച്ചു കാലമായി വയസ്സന് എപ്പോഴും വല്ലാത്ത ചുമയാണ്. കുറെയേറെ ചികിത്സിച്ചു. മാറാത്ത ദെണ്ണമാണെന്ന് ഡോക്ടര്‍മാര്‍പറഞ്ഞിരുന്നു. കഴിഞ്ഞ രാത്രി കുറെ ചോര ഛര്‍ദ്ദിച്ചു. അതാണ് കൊണ്ടു വന്നത്.

'' നിങ്ങള്‍ക്ക് പാലക്കാട് ജില്ല ആസ്പത്രിയില്‍ കൊണ്ടു പൊയ്ക്കൂടേ '' ഞാന്‍ ചോദിച്ചു.

'' അതിനൊക്കെ തോനെ പൈസ വേണ്ടേ. വട്ടിയും മുറവും ഉണ്ടാക്കി വിറ്റാണ് കഴിയുന്നത്. അരിക്കുള്ള പണം ഉണ്ടാക്കാനേ എന്താ പാട് '' അയാള്‍ പറഞ്ഞു.

അല്‍പ്പം കഴിഞ്ഞതും വൃദ്ധന്‍ ഉച്ചത്തില്‍ ചുമച്ചു. അയാള്‍ ചര്‍ദ്ദിക്കുമെന്ന് തോന്നി. പെട്ടെന്ന് കൂട്ടത്തില്‍ മുതിര്‍ന്ന ആള്‍ വയസ്സന്‍റെ മുമ്പില്‍ രണ്ടു കയ്യുംകുമ്പിള്‍ കോര്‍ത്ത് കാണിച്ചു. രോഗി അതില്‍ ചര്‍ദ്ദിച്ചു. കൈ നിറയെ ചോര.അതോടെ സ്ത്രീകളുടെ കരച്ചിലിന്ന് ശക്തി കൂടി. രണ്ട് ആണ്‍മക്കള്‍ അവരെ ആശ്വസിപ്പിക്കാന്‍ പാടു പെടുമ്പോള്‍, ആസ്പത്രി വളപ്പിന്‍റെ അതിരിലുള്ള ഞാവല്‍ മരച്ചോട്ടില്‍ കയ്യിലുള്ള രക്തം കൊട്ടി കളഞ്ഞ് ശ്മശാനത്തേക്ക് പോവുന്ന മണ്‍പാതയുടെ അരികിലുള്ള പൈപ്പില്‍ കൈ കഴുകി അയാള്‍ തിരിച്ചു വന്നു.

അകത്തു നിന്ന് ഒരു ആസ്പത്രി ജീവനക്കാരന്‍ വന്ന് വയസ്സനെ നോക്കി ഒന്നും പറയാതെ തിരിച്ചു പോയി. ഡോക്ടര്‍ എത്തുന്നതിന്ന് മുമ്പ് ഒരിക്കല്‍കൂടി വൃദ്ധന്‍ ചര്‍ദ്ദിച്ചു. കൈക്കുമ്പിള്‍ കോര്‍ത്ത് അത് ഏറ്റുവാങ്ങാന്‍ ചെന്നഅനുജനെ അയാള്‍ സമ്മതിച്ചില്ല. കഴിഞ്ഞ രംഗം ഒരിക്കല്‍ കൂടി അരങ്ങേറി.

ഡോക്ടര്‍ വന്നതും രോഗിയെ അകത്ത് കൊണ്ടുപോവുന്നത് കണ്ടു. പിന്നീട് എന്തുണ്ടായി എന്ന് എനിക്കറിയില്ല.

മക്കള്‍ക്ക് പിതാവിനോടുള്ള കടപ്പാടിനേയും സ്നേഹത്തേയും കുറിച്ചുള്ള എന്‍റെ സങ്കല്‍പ്പങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സംഭവമാണ് ഇത്.എന്‍റെ ദൃഷ്ടിയില്‍ സ്വന്തം യൌവ്വനം പിതാവിന്ന് നല്‍കി വാര്‍ദ്ധക്യം ഏറ്റു വാങ്ങിയ പുരാണ കഥാപാത്രത്തിനേക്കാള്‍ മിഴിവ് ആ സാധു മനുഷ്യന്ന് തന്നെ.

Saturday, November 5, 2011

മുഴയന്‍..

കൈവശം ഉള്ള അല്‍പ്പം കൃഷിഭൂമിയുടെ പേരില്‍ പോലീസ് സ്റ്റേഷനില്‍ കയറേണ്ട ദൌര്‍ഭാഗ്യം ഒരിക്കല്‍ ഉണ്ടായിട്ടുണ്ട്. കാല്‍ നൂറ്റാണ്ടിന്ന് മുമ്പാണ് ആ സംഭവം.

കാലാവസ്ഥ അനുകൂലമാണെങ്കിലേ ഒന്നാം വിളയ്ക്ക് വിത്ത് വിതയ്ക്കാറുള്ളു. അല്ലെങ്കില്‍ നെല്ലിനേക്കാള്‍ കൂടുതല്‍ കള ഉണ്ടാവും. അത് ഒഴിവാക്കാന്‍ നടുകയാണ് ചെയ്യാറ്. ആ കൊല്ലം നടീലാണ് ഒരുക്കിയത്. ഞാറ് വളര്‍ച്ചയെത്തി കഴിഞ്ഞു. ഇനി പറിച്ചു നടണം. അയല്‍പക്കത്തെ കൃഷി സ്ഥലങ്ങളോടൊപ്പം എന്‍റെ ഭൂമിയും ട്രാക്ടര്‍ ഉഴുതിട്ടു. ആ കാലത്ത് പാടത്തെ പണികള്‍ ചെയ്യാന്‍ സ്ഥിരമായി നാല് ജോലിക്കാരുണ്ടായിരുന്നു. രണ്ട് ആണുങ്ങളും അവരുടെ ഭാര്യമാരും . ഞാറ് വലിക്കാറായി എന്ന വിവരം കൊടുത്തപ്പോള്‍ ഒരു പണിക്കാരന്‍ വന്ന് കുറെ കറിയുപ്പ് വാങ്ങി ഞാറ്റു കണ്ടത്തില്‍ എറിഞ്ഞു. ഞാറ് വലിക്കുമ്പോള്‍ വേര് പൊട്ടാതിരിക്കാനാണ് അത്.



'' നാളെ പെണ്ണുങ്ങള്‍ വരുമ്പോള്‍ മൂന്ന് നാല് പണിക്കാരെ കൂടുതല്‍ വിളിക്കാന്‍ പറ. വേഗം പണി തീര്‍ന്നോട്ടെ '' അമ്മ അവനോട് പറഞ്ഞു. ശരിയെന്ന് സമ്മതിച്ച് അവന്‍ പോയി.


പ്രതീക്ഷയ്ക്ക് വിപരീതമായി പിറ്റേന്ന് പണിക്കാരികള്‍ വന്നില്ല. അന്വേഷിച്ചപ്പോള്‍ അവര്‍ കെട്ടിടം
പണിക്ക് പോയതായി അറിഞ്ഞു. തലേന്ന് വന്ന പണിക്കാരനെ ഞാന്‍ ഓഫീസില്‍ പോവുന്ന വഴിക്ക് കണ്ടു മുട്ടി.


'' നാളെ അവര്‍ പണിക്കെത്തും '' അവന്‍ ഉറപ്പ് നല്‍കി.


പക്ഷെ പിറ്റേന്ന് മാത്രമല്ല അടുത്ത നാല് ദിവസത്തേക്ക് ആരും വന്നില്ല. നിവൃത്തിയില്ലാതെ അവരെ അന്വേഷിച്ച് ഞാന്‍ ഇറങ്ങി. നേരത്തെ
വന്ന ആളെത്തന്നെയാണ് കാണാന്‍ കഴിഞ്ഞത്.


'' ഞാനെന്താ ചെയ്യാ. അവരോട് പറഞ്ഞു നോക്കി. തിരക്കാണ്, അത് കഴിയാതെ വരാന്‍ പറ്റില്ല എന്നു പറഞ്ഞു '' അവന്‍ കൈമലര്‍ത്തി.



'' ഇങ്ങിനെ പറഞ്ഞാല്‍ എങ്ങിനെയാ സമയത്ത് പണി കഴിയുക '' ഞാന്‍ പറഞ്ഞു '' ഇത് തീര്‍ത്തിട്ട് അവര്‍ക്ക് കെട്ടിടം പണിക്ക് പോയാല്‍ പോരെ ''.


അപ്പോഴാണ് കെട്ടിടം പണിക്കല്ല, റെയില്‍വേക്ക് മെറ്റല്‍ കോരാനാണ് അവര്‍ പോവുന്നതെന്ന വിവരം അറിയുന്നത്.


'' കുറച്ചു കാലം ഈ പണിക്ക് പോയാല്‍ റെയില്‍വേയില്‍ സ്ഥിരം ആവും എന്നാണ് ആളുകള്‍ പറയുന്നത് '' അവന്‍ വിശദീകരിച്ചു.


അപ്പോള്‍ അതാണ് അവര്‍ വരാത്തതിന്ന് കാരണം. എങ്കില്‍ വേറെ ആരേയെങ്കിലും ഏര്‍പ്പാടാക്കി തരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. '' നോക്കട്ടെ '' എന്നും പറഞ്ഞ് അവന്‍ ഒഴിവായി.


അന്ന് വൈകുന്നേരം ഓഫീസില്‍ നിന്നും എത്തിയപ്പോള്‍ പിറ്റേന്ന് ഒരു സ്ത്രി ജോലിക്ക് വരാമെന്ന് സമ്മതിച്ചതായി ഭാര്യ അറിയിച്ചു.


'' ഒരാള് വന്നിട്ട് എന്താ ആവുക. എത്ര ദിവസം വേണം നടീല് തീരാന്‍ '' ഞാന്‍ ചോദിച്ചു.


'' ഇത്തിരി വൈകിയാലും സാരമില്ല '' എന്നവള്‍ സമാധാനിപ്പിച്ചു. പറഞ്ഞതുപോലെ പിറ്റേന്ന് ആ സ്ത്രീ എത്തി. ഞാന്‍ ജോലിക്ക് പോവുമ്പോള്‍ അവര്‍ ഞാറ് വലിക്കാന്‍ തുടങ്ങി കഴിഞ്ഞിരുന്നു. വളരെ സമാധാനത്തോടെയാണ് ഞാന്‍ ജോലിക്ക് പോയത്.


ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജിന്ന് മുകളില്‍ നിന്നേ ഞാന്‍ പാടത്തേക്ക് നോക്കി. വളരെ കുറച്ച് ഞാറ് മാത്രമേ വലിച്ചിട്ടുള്ളു. ഒരാള്‍ പണി ചെയ്താലും ഇത്രയും പോരാ.


'' ഇന്ന് എന്താ ഉണ്ടായത് എന്നറിയ്യോ '' ഭാര്യ ചോദിച്ചു '' ഓഫീസില്‍ വിളിച്ച് നിങ്ങളെ അറിയിച്ച് വിഷമിപ്പിക്കേണ്ടാ എന്ന് കരുതി അറിയിക്കാഞ്ഞതാണ് ''.


എനിക്ക് ഒന്നും മനസ്സിലായില്ല. '' എന്താ സംഗതി '' ഞാന്‍ ചോദിച്ചു.



'' അവള് പണി തുടങ്ങി ഒരു മണിക്കൂറ് ആയതേയുള്ളു. നമ്മളുടെ പണിക്കാരികള്‍ എത്തി. അവളെ ചീത്ത പറഞ്ഞ് പാടത്തു നിന്ന് കയറ്റി ''.


'' ഇനി എന്താ ചെയ്യുക ''.


'' നാളെ അവള് വരും. വേണ്ടാത്തത് പറഞ്ഞാല്‍ തിരിച്ച് അവളും പറയും എന്ന് പറഞ്ഞിട്ടുണ്ട് ''.


'' തമ്മില്‍ത്തല്ലില്‍ എത്ത്വോ ''.


'' ഹേയ്. അതൊന്നും ഉണ്ടാവില്ല. അവര് മിരട്ടി നോക്കിയതാവും ''.



പക്ഷെ സംഭവിച്ചത് അതല്ല. പിറ്റേന്ന് അവള്‍ പാടത്ത് പണിക്ക് ഇറങ്ങിയതും പഴയ പണിക്കാര്‍ സ്ഥലത്തെത്തി. കരിങ്കല്‍ ചീളുകള്‍കൊണ്ട് ഞാറ് വലിക്കുന്നവളെ അവര്‍ എറിയാന്‍ തുടങ്ങി. അവള്‍ പേടിച്ച് സ്ഥലം വിട്ടു.


'' നിങ്ങള് വരണ്ടാ. ഞാന്‍ സംസാരിച്ചു നോക്കട്ടെ ''എന്നും പറഞ്ഞ് ഭാര്യ അവിടേക്ക് ചെന്നു. ഞാന്‍ ഗെയിറ്റില്‍ പിടിച്ച് അവരെ നോക്കി നിന്നു.


'' നിങ്ങള്‍ എന്താ ഈ ചെയ്യുന്നത്. നിങ്ങളോ പണിക്ക് വരില്ല. വരുന്ന ആളുകളെ ഉപദ്രവിക്കുന്നത് എന്തിനാ '' ഭാര്യ അവരോട് ചോദിച്ചു.


'' ഞങ്ങള്‍ പണി ചെയ്യുന്ന സ്ഥലത്ത് ആര് പണിക്ക് വന്നാലും ഇതുതന്നെ ചെയ്യും '' അവര്‍ മറുപടി പറഞ്ഞു.


'' എന്നാല്‍ നിങ്ങള്‍ പണി ചെയ്യിന്‍ '' എന്നു പറഞ്ഞത് കേള്‍ക്കാത്ത മട്ടില്‍ അവര്‍ പോയി. വലിയ വിഷമത്തോടെയാണ് ഞാന്‍ ജോലിക്ക് പുറപ്പെട്ടത്. വഴിക്കുവെച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടി. അല്‍പ്പം രാഷ്ട്രീയമൊക്കെ ഉള്ള ആളാണ്.


'' എന്താടോ തന്‍റെ പാടത്ത് ഒരു പ്രോബ്ലം '' അദ്ദേഹം ചോദിച്ചു. ഞാന്‍ നടന്നതെല്ലാം വിവരിച്ചു.


'' ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല '' അയാള്‍ പറഞ്ഞു '' നമുക്ക് പൊലീസില്‍ ഒരു പരാതി കൊടുക്കാം ''. അദ്ദേഹം പരാതി തയ്യാറാക്കി. ഞാന്‍ ഒപ്പിട്ടു.


'' താന്‍ ജോലിക്ക് പൊയ്ക്കോ. ഞാന്‍ വേണ്ടത് ചെയ്തോളാം '' അദ്ദേഹം ആശ്വസിപ്പിച്ചു.


പിറ്റേന്നിന്‍റെ പിറ്റേന്ന് രാവിലെ ഒരു പോലീസുകാരന്‍ വീട്ടിലെത്തി.


'' സ്റ്റേഷനില്‍ ഒന്ന് വരണം '' അയാള്‍ പറഞ്ഞു. ഞാന്‍ സുഹൃത്തിനേയും കൂട്ടി ചെന്നു. അവിടെ രണ്ട് പണിക്കാരികളുടേയും ഭര്‍ത്താക്കന്മാര്‍ നില്‍പ്പുണ്ട്. സുഹൃത്ത് നേരെ അകത്തേക്ക് ചെന്നു.


അല്‍പ്പം കഴിഞ്ഞതും എന്നെ അകത്തേക്ക് വിളിച്ചു.
എസ്. ഐ. ചെറുപ്പക്കാരനായിരുന്നു.


'' എന്താ സംഭവം '' അയാള്‍ ചോദിച്ചു. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് പണിക്കാരെ വിളിച്ചു. പരിഭ്രമിച്ചാണ് അവര്‍ അകത്ത് എത്തിയത്.



'' ഇദ്ദേഹം വിവരങ്ങള്‍ പറഞ്ഞു. മേലില്‍ നിങ്ങള്‍ കുഴപ്പം വല്ലതും ഉണ്ടാക്ക്വോ '' അദ്ദേഹം ചോദിച്ചു. ഒരു പ്രശ്നവും ഉണ്ടാക്കില്ലെന്ന് ഇരുവരും സമ്മതിച്ചു.


'' എന്നാല്‍ ഒപ്പിട്ടിട്ട് പൊയ്ക്കോ. ഇനി കംപ്ലൈന്‍റ് ഉണ്ടാക്കിയാല്‍ എന്‍റെ മട്ട് മാറും '' താക്കീതോടെ അവരെ വിട്ടു.


'' ഇനി അവരൊന്നും ചെയ്യില്ല. എന്തെങ്കിലും പ്രോബ്ലം ഉണ്ടാക്കിയാല്‍ എന്നെ വന്ന് കണ്ടോളൂ '' എസ്. ഐ. പറഞ്ഞതും ഞങ്ങള്‍ ഇറങ്ങി. തിരിച്ച് പോരുമ്പോള്‍ വീട്ടിലേക്കുള്ള വഴിയില്‍ രണ്ടുപേരും നില്‍പ്പുണ്ട്.


'' നിങ്ങള് ഞങ്ങളെ പൊലീസ് സ്റ്റേഷനില്‍ കേറ്റി. നിങ്ങള്‍ക്ക് വെച്ചിട്ടുണ്ട് ''.


ഞാന്‍ ഒന്നും പറഞ്ഞില്ല. സത്യം പറഞ്ഞാല്‍ ഇതോടെ അവരുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. വാസ്തവത്തില്‍ സ്റ്റേഷനില്‍ അവര്‍ പേടിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നിയിരുന്നു.


ഞാന്‍ വീടെത്തി പത്ത് മിനുട്ട് കഴിയുമ്പോഴേക്കും പണിക്കാരികള്‍ രണ്ടുപേരും പാടത്തിറങ്ങി. രണ്ടു വിധം നെല്ലിന്‍റെ ഞാറുകള്‍ ഉള്ളത് ഒന്നിച്ച് വലിച്ചു കൂട്ടി. വൈകുന്നേരം ആവുന്നതിന്ന് മുമ്പ് വലിച്ച ഞാറുകള്‍ തോന്നിയ മട്ടില്‍ ഇട കലര്‍ത്തി നട്ട് കൂലി വാങ്ങാന്‍ വരാതെ അവര്‍ പോയി. അത്ര നേരം അവരുടെ ഭര്‍ത്താക്കന്മാര്‍ കാവലുണ്ടായിരുന്നു. വീണ്ടും പോലീസ് സ്റ്റേഷനില്‍
പോവാന്‍ പലരും
ഉപദേശിച്ചു. ഞാന്‍ അതിനൊന്നും മിനക്കെട്ടില്ല. വാസ്തവത്തില്‍ ഞാന്‍ മടുത്തിരുന്നു.


എന്‍റെ മനസ്സില്‍ വല്ലാത്തൊരു അസ്വസ്ഥത ഉടലെടുത്തു. ആ രാത്രി പലതും ആലോചിച്ച് ഉറങ്ങാന്‍
ആയില്ല.പിറ്റേന്ന് ഓഫീസില്‍ ചെന്നപ്പോഴും വിഷമം മാറിയിരുന്നില്ല. യാന്ത്രികമായി ലെഡ്ജറുകള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. ഉച്ചയ്ക്കുള്ള ഇടവേളയില്‍ എന്‍. എം. ഉണ്ണികൃഷ്ണന്‍ എന്‍റടുത്ത് വന്നു. അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമാണ് അയാള്‍.


'' എന്താ മൂപ്പില്‍ നായരേ, കുരങ്ങ് ചത്ത കുറവന്‍റെ മട്ടില് ഇരിക്കൂന്ന് '' ഉണ്ണികൃഷ്ണന്‍ ചോദിച്ചു. ഞാന്‍ കഴിഞ്ഞ കാര്യങ്ങളെല്ലാം അദ്ദേഹത്തെ അറിയിച്ചു.


'' ഉണ്ണീ, തനിക്ക് ഇത്ര വിവരം ഇല്ലേ '' അയാള്‍ പറഞ്ഞു '' അവരുടെ പിന്നില് യൂണിയന്‍ ഉണ്ടാവും. അല്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് താക്കീത് കിട്ടിയ ശേഷം വീണ്ടും കുഴപ്പം ഉണ്ടാക്കാന്‍ വര്വോ ''.


ആലോചിച്ചപ്പോള്‍ അത് ശരിയാണെന്ന് എനിക്കും തോന്നി. ഇനിയെന്താ വേണ്ടത് എന്നതായി പ്രശ്നം.



'' ബേജാറാവണ്ടാനിം. ഞാന്‍ പാര്‍ട്ടിക്കാരെ ഒന്ന് കണ്ട് സംസാരിക്കട്ടെ. എന്തെങ്കിലും ഒരു വഴി കാണാതെ വരില്ല ''. ആ ആശ്വാസത്തില്‍ ഞാന്‍ ഇരുന്നു. പിറ്റേന്ന് ഉണ്ണികൃഷ്ണന്‍ വിവരങ്ങള്‍ അന്വേഷിച്ചാണ് എത്തിയത്.


'' ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ. അവര് യൂണിയന്‍കാരെ കണ്ടിട്ടുണ്ട് ''.


'' ഇനി എന്താ ചെയ്യണ്ടത് '' ഞാന്‍ ചോദിച്ചു.


'' നാളെ ഒഴിവല്ലേ. രാവിലെ നേരത്തെ ബസ്സ് സ്റ്റോപ്പില്‍ വരിന്‍. ഞാന്‍ ഉണ്ടാവും. നമുക്ക് നമ്മുടെ നേതാവിനെ പോയി കാണാന്നേ ''.



നേതാവിനെ രണ്ടുപേരും കൂടി ചെന്നു കണ്ടു. ഉണ്ണികൃഷ്ണന്‍ വിവരങ്ങള്‍ പറയുന്നതിന്ന് മുമ്പ് അദ്ദേഹം ഇടപെട്ടു.


'' ഞാന്‍ അറിഞ്ഞു. തൊഴിലാളികളുടെ പണി നിഷേധിക്കുന്ന പരിപാടി പറ്റില്ല ''. തൊഴില്‍ നിഷേധിച്ചതല്ല, അവര്‍ പണിക്ക് വരാതിരുന്നതാണെന്ന് ഞാന്‍ അറിയിച്ചു.


'' ശരി ഞാന്‍ അവരോടൊന്ന് സംസാരിച്ചു നോക്കട്ടെ '' വ്യക്തമായ മറുപടി നല്‍കാതെ അദ്ദേഹം ഒഴിഞ്ഞു.


പിന്നീട് പലവട്ടം ഞങ്ങള്‍ രണ്ടുപേരും നേതാവിനെ ചെന്നു കണ്ടു.


'' ശരിയാക്കാം '' എന്നു പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല. വീടിന്ന് മുമ്പില്‍ പന്തലിട്ട് സമരം ചെയ്യും, ഇരുട്ടടി അടിപ്പിക്കും, ഭൂമിയില്‍ കുടില് കെട്ടി താമസം തുടങ്ങും, ഞാന്‍ കാരണം മരിക്കുകയാണ് എന്ന് കുറിപ്പെഴുതി
വെച്ച് കൂട്ടത്തോടെ ആത്മഹത്യ ചെയ്യും എന്നിങ്ങനെ പല വിധത്തിലുള്ള ഭീഷണികള്‍ ഉയര്‍ന്നു. ഓരോന്ന് കേള്‍ക്കുമ്പോഴും അമ്മയ്ക്കുണ്ടാവുന്ന പരിഭ്രമവും സങ്കടവും ആണ് എന്നെ ഏറ്റവും വിഷമിപ്പിച്ചത്.


ഒരു ദിവസം സന്ധ്യ നേരത്ത് ഞാന്‍ എന്തോ സാധനം വാങ്ങാന്‍ കടയിലേക്ക് പോവുകയാണ്. ഫുട്ട് ഓവര്‍ബ്രിഡ്ജിനടുത്തു വെച്ച് പണിക്കാരനെ കണ്ടു മുട്ടി. വിഷുവിന്ന് ഞാന്‍ വാങ്ങി കൊടുത്ത ഷര്‍ട്ടും മുണ്ടുമാണ് വേഷം. എന്‍റെ പഴയ കുട അവന്‍റെ കയ്യിലുണ്ട്. എവിടേയോ പോയി വരുന്ന മട്ടുണ്ട്. ശ്രദ്ധിക്കാത്ത മട്ടില്‍ ഞാന്‍ സ്റ്റെപ്പുകള്‍ കയറി തുടങ്ങി
.


'' ഒരു വെട്ടിന്ന് നിങ്ങളെ പസര്‍ത്തുന്നുണ്ട് '' അവന്‍ പറഞ്ഞു. എനിക്ക് കലശലായി ദേഷ്യം വന്നു.


'' എന്നാല്‍ അതൊന്ന് കാണട്ടെ '' ഞാന്‍ അവന്‍റെ നേരെ ചെന്നു. അത് പ്രതീക്ഷിച്ചതല്ല എന്ന് തോന്നി. ഒന്നും പറയാതെ അവന്‍ വേഗം നടന്നു പോയി. സത്യത്തിനും ന്യായത്തിനും യാതൊരു വിലയും ഇല്ല എന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു തുടങ്ങി.


ഈ സമയത്താണ് പാര്‍ട്ടി പ്രവര്‍ത്തകരായ അസീസും റസ്സാക്കും പ്രശ്നത്തില്‍ ഇടപെടുന്നത്. ചെറുപ്പം തൊട്ടേ എന്‍റെ കൂട്ടുകാരാണ് അവര്‍ രണ്ടുപേരും. റസ്സാക്കിന്‍റെ പുതിയ ഷര്‍ട്ടും ഇട്ടാണ് ഞാന്‍ സുന്ദരിയെ പെണ്ണു കാണാന്‍ ചെന്നിട്ടുള്ളത്. അത്രയ്ക്ക് സ്നേഹവും അടുപ്പവുമാണ് ഞങ്ങള്‍ തമ്മിലുള്ളത്.


'' ദാസേട്ടാ, നിങ്ങളുടെ ഭാഗത്ത് തെറ്റൊന്നൂല്യാ. അത് എല്ലാവര്‍ക്കും അറിയാം. പക്ഷേ അതങ്ങിനെ വിട്ടു പറയാന്‍ ആവത്തതോണ്ടാ '' അവര്‍ പറഞ്ഞു. '' അവര് നല്ല മുതലുകളാണ് . റെയില്‍വെയിലെ പണി പോവാനും പാടില്ല. നിങ്ങളുടേന്നുള്ള അവകാശം കിട്ടും വേണം. അതാണ് അവരുടെ മനസ്സിലിരുപ്പ്. പക്ഷെ ഞങ്ങള്‍ക്ക് ജീവനുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും വരില്ല ''.



വെറുതെ പറഞ്ഞ വാക്കുകളായിരുന്നില്ല അവ. പ്രശ്നം പരിഹരിക്കുന്നതുവരെ
ഉണ്ണികൃഷ്ണനും റസ്സാക്കും അസീസും എന്നോടൊപ്പം ഉണ്ടായിരുന്നു.



നടീലിന്ന് തുടങ്ങിയ കുഴപ്പങ്ങള്‍ കൊയ്യാറായിട്ടും തീര്‍ന്നില്ല. വാങ്ങിച്ചു വെച്ച വളം പാടത്ത് ഇടാനാകാതെ അലിഞ്ഞു പോയി. നെല്ല് വിളഞ്ഞ് ചത്തു. നെന്മണികള്‍ പകുതിയും കൊഴിഞ്ഞു വീണു.


നഷ്ടപരിഹാരം കൊടുത്താണ് ഒടുവില്‍ പ്രശ്നം അവസാനിപ്പിച്ചത്. യാതൊരു തര്‍ക്കത്തിനും
നില്‍ക്കാതെ ചോദിച്ച പണം ഞാന്‍ കൊടുത്തു. എന്നിട്ടും അവസാന ഘട്ടത്തിലും തര്‍ക്കങ്ങള്‍ ഉണ്ടായി.



'' നട്ട കണ്ടം ഞങ്ങള്‍ കൊയ്യും '' മദ്ധ്യസ്ഥരുടെ മുമ്പില്‍ വെച്ച് പണിക്കാര്‍ പറഞ്ഞു.
എന്നെ ഇത്രയേറെ ബുദ്ധിമുട്ടിച്ച ശേഷം അവര്‍ കൊയ്യുന്നത് എനിക്ക് അംഗീകരിക്കാനായില്ല.



'' അത് പറ്റില്ല '' ഞാന്‍ പറഞ്ഞു '' ഒരു കാര്യവുമില്ലാതെയാണ് എന്നെ കഷ്ടപ്പെടുത്തിയത്. കുറെ നഷ്ടവും ഞാന്‍ സഹിച്ചു. ആ നെല്ല് മുഴുവന്‍ പോയാലും ഞാന്‍ ഇവരെ കൊയ്യാന്‍ സമ്മതിക്കില്ല ''.


'' നിങ്ങള്‍ എന്താ ചെയ്യാന്‍ പോണത് '' നേതാവ് ചോദിച്ചു.


'' പത്തിരുപത് ലിറ്റര്‍ പെട്രോള്‍ വാങ്ങി പാടത്ത് തളിക്കും. എന്നിട്ട് തീ കൊടുക്കും ''. അതോടെ ആ ആവശ്യം നിന്നു.


'' ഞങ്ങള്‍ കുറെ പണവും നെല്ലും കടം വാങ്ങിയിട്ടുണ്ട്. അതോ '' ഒരു പണിക്കാരന്‍ ചോദിച്ചു.


'' അതൊന്നും തിരിച്ചു തരണ്ടാ '' ഞാന്‍ പറഞ്ഞു. യൂണിയന്‍ മുഖാന്തിരം പണം നല്‍കി ഒപ്പ് വാങ്ങി. ആ പ്രശ്നം അവസാനിപ്പിച്ചു. പിന്നീട് അവര്‍ പണിക്ക് വന്നിട്ടില്ല, എങ്കിലും പലപ്പോഴും അവരെ കാണാറുണ്ട്. ഒരു ചിരി, ഒന്നോ രണ്ടോ വാക്ക്, അന്യോന്യം കൈമാറും.
എന്തിനാണ് വെറുതെ വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്നത്.


ബസ്സപകടത്തില്‍പ്പെട്ട് കിടപ്പിലായതിന്നു ശേഷം ഒരു ദിവസം ഒരു പഴയ പണിക്കാരിയെ വഴിയില്‍ വെച്ചു കണ്ടിരുന്നു.


'' ഇപ്പോള്‍ എങ്ങിനെയുണ്ട് '' അവള്‍ ചോദിച്ചു.



'' ഇടയ്ക്ക് അല്‍പ്പം വേദന തോന്നാറുണ്ട് '' ഞാന്‍ പറഞ്ഞു.


'' ഏട്ടന് വേഗം ഭേദാവാന്‍ ദൈവത്തിന്‍റെ അടുത്ത് പ്രാര്‍ത്ഥിക്കാറുണ്ട് ''.


ഞാന്‍ ചിരിച്ചു. ആ വാക്കുകളിലെ നന്മയ്ക്ക് ഞാന്‍ ദൈവത്തിനെ സ്തുതിച്ചു.


ആ തൊഴില്‍ പ്രശ്നത്തിന്ന് ശേഷം സ്ഥിരമായി ആരേയും പണിക്ക് നിര്‍ത്തിയില്ല. അപ്പപ്പോള്‍ കിട്ടുന്നവരെ വിളിച്ച് ജോലി ചെയ്യിക്കും. കൂലി അല്‍പ്പം കൂടുതല്‍ കൊടുക്കണമെന്നേയുള്ളു. അങ്ങിനെ പണിക്ക് വന്ന ആളാണ് മുഴയന്‍. അയാളുടെ പേര് എന്താണെന്ന് എനിക്കറിയില്ല. മുഖത്ത് വലിയൊരു മുഴ ഉള്ളതുകൊണ്ട് എല്ലാവരും മുഴയന്‍ എന്ന് വിളിക്കും. പണി ചെയ്യാന്‍ ബഹു മടിയാണ് അവന്.


'' അവന്‍റെ ഭാര്യയും കൂടെ വരുന്ന പെണ്ണുങ്ങളും നല്ലോണം പണി ചെയ്യും. അതോണ്ടാ അവനെ ഒന്നും പറയാത്തത് '' ഭാര്യ പറയാറുണ്ട്. ഞാന്‍ ആ വിധം കാര്യങ്ങള്‍ തീരെ ശ്രദ്ധിക്കാതായി.


'' കുറേശ്ശെ കള്ള് കുടിക്കാന്‍ പഠിച്ചൂടേ '' ഒരു ദിവസം ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ ഭാര്യ ചോദിച്ചു. എനിക്ക് അമ്പരപ്പാണ് തോന്നിയത്.


'' എന്താ അങ്ങിനെ പറയാന്‍ '' ഞാന്‍ ചോദിച്ചു.


'' പാടത്ത് പണിക്ക് ആളെ കിട്ടണച്ചാല്‍ അത് വേണ്ടി വരും ''. പണിക്ക് ആളെ കിട്ടാന്‍ കള്ള് കുടിക്കാനോ ? എന്തോ കാര്യം ഉണ്ടെന്ന് എനിക്ക് തോന്നി.


'' ഇന്ന് മുഴയന്‍ പറഞ്ഞത് എന്താണെന്ന് അറിയ്യോ '' അത് മനസ്സിലാക്കിക്കൊണ്ട് ഭാര്യ ചോദിച്ചു. ഞാന്‍
ഇല്ലെന്ന് തലയാട്ടി.


'' ആറേഴു ദിവസമായി പണിക്ക് വരുന്നു. ഇവിടുത്തെ സാറ് ഞങ്ങളെത്തിയതും ജോലിക്ക് പോവും. വൈകുന്നേരം ഞങ്ങള് പോയിട്ടേ എത്തു. ഒരു ഞായറാഴ്ച വീട്ടില് ഉള്ളപ്പൊ പുസ്തകം തുറന്ന് എഴുതിക്കൊണ്ടിരുന്നു. മണിയേട്ടന്‍റെ വീട്ടില്‍ പണിക്ക് പോയാല്‍ പതിനൊന്ന് മണിക്ക് മൂപ്പര് എന്നെ കൂട്ടിക്കൊണ്ടുപോയി കള്ള് വാങ്ങിത്തരും. ഇവിടുത്തെ സാറിന് അങ്ങിനത്തെ മര്യാദ ഒന്നൂല്യാ ''.


ആ ഒരു പ്രാവശ്യത്തോടെ മുഴയന്‍ പണിക്ക് വരുന്നത് നിര്‍ത്തി. എനിക്ക് കള്ളുകുടി പഠിക്കാതേയും കഴിഞ്ഞു.