Monday, December 12, 2011

മാളുവും മോളുവും.

ഞായറാഴ്ച കോഴിക്കോട്ടേക്ക് പോവുന്ന വഴിക്ക് സിന്ധുവിനെ അവളുടെ വീട്ടില്‍ കയറി കണ്ടപ്പോള്‍ വല്ലാത്തൊരു വിഷമം അവള്‍ അനുഭവിക്കുന്നതായി തോന്നി. മൂന്ന് ദിവസം മുമ്പ് വ്യാഴാഴ്ച അവളെ കാണാന്‍ ചെന്നതാണ്. അന്ന് ഇത്രയേറെ വിഷമം ഉള്ളതായി കണ്ടില്ല.

'' ഡോക്ടര്‍ എന്തു പറഞ്ഞു '' സുന്ദരി അവളോട് ചോദിച്ചു.

'' ഏഴാം തിയ്യതി ബുധനാഴ്ച വരാനാണ് പറഞ്ഞത് '' അവള്‍ പറഞ്ഞു '' നോക്കീട്ട് എന്നാണ് അഡ്മിറ്റ് ചെയ്യേണ്ടത് എന്ന് അന്ന് പറയും ''.

'' നിനക്ക് വയ്യെങ്കില്‍ വിളിച്ച് ചോദിക്ക്. വെറുതെ അതുവരെ കാത്തിരിക്കണ്ടാ '' ഭാര്യ ഉപദേശിച്ചു.

'' ഞാന്‍ നാളെ വിളിച്ച് വന്നോട്ടെ എന്ന് ചോദിക്കുന്നുണ്ട്. എനിക്ക് തീരെ വയ്യ ''.

തിങ്കളാഴ്ച പതിനൊന്നര വരെ വിവരമൊന്നും അറിഞ്ഞില്ല. ഞാന്‍ മകനെ വിളിച്ചു.

'' ഡോക്ടറുടെ റൂമില്‍ കയറിയിട്ടേയുള്ളു. വിവരം അറിഞ്ഞതും വിളിക്കാം '' അവന്‍ പറഞ്ഞു.

'' അഞു മിനുട്ട് കഴിഞ്ഞില്ല. അതിന്ന് മുമ്പ് അവന്‍ വിളിച്ചു.

'' ഇപ്പോത്തന്നെ അഡ്മിറ്റ് ചെയ്യാന്‍ പറഞ്ഞു '' മകന്‍റെ സ്വരത്തില്‍ ഒരു പരിഭ്രമം ഉണ്ടെന്ന് തോന്നി '' ഒന്നര മണിക്ക് സിസേറിയന്‍ ചെയ്യും എന്ന് പറയുന്നു ''.

'' ഞങ്ങള്‍ ഇപ്പോള്‍ത്തന്നെ പുറപ്പെടാം '' ഞാന്‍ അവനെ ആശ്വസിപ്പിച്ചു.

മൂത്ത മകന്‍ രാവിലെ അവന്‍റെ ഭാര്യയെ തിരൂരിലുള്ള അവളുടെ വീട്ടിലെത്തിച്ച് പാലക്കാട്ടെത്തി ജോലി ചെയ്യുകയാണ്. ഞാന്‍ അവനെ വിളിച്ച് വിവരം പറഞ്ഞു.

'' പായ്ക്ക് ചെയ്യാനുള്ളത് ശരിയാക്കിക്കോളൂ. ഞാന്‍ ഇതാ വരുന്നു '' എന്ന് അവന്‍ പറഞ്ഞു.

മൂന്നാമത്തെ മകന്‍ പാലക്കാട്ടേക്ക് പോവാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. അവന്‍ വേഗം സ്കൂള്‍ ടീച്ചറായ ഭാര്യയെ വിളിക്കാന്‍ ചെന്നു. സാധനങ്ങളൊക്കെ എടുത്ത് വീടു പൂട്ടി. കൂട്ടുകാരന്‍റെ വീട്ടില്‍ വാന്‍ കൊണ്ടുപോയി നിര്‍ത്തി. മോട്ടോര്‍ സൈക്കിളുകള്‍ ഷെഡ്ഡില്‍ കയറ്റി. ഗെയിറ്റ് പൂട്ടി കാര്‍ പുറപ്പെടുമ്പോള്‍ മണി ഒന്നര.

'' നമ്മള് എത്തുമ്പോഴേക്കും ഡെലിവറി കഴിയും '' ഭാര്യ പറഞ്ഞു. ശരിയാണ്. കോട്ടയ്ക്കലേക്ക് തൊണ്ണൂറോളം കിലോമീറ്റര്‍ ഓടാനുണ്ട്.

പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. മങ്കര എത്തുമ്പോഴേക്കും മകന്‍ വിളിച്ചു.

'' സിന്ധു പ്രസവിച്ചു. രണ്ട് പെണ്‍കുട്ടികള്‍ '' അവന്‍ പറഞ്ഞു.

'' ഏതായാലും വേണ്ട സമയത്ത് എത്താന്‍ ആയില്ല. ഇനി ധൃതി വെച്ച് ഓടിക്കുകയൊന്നും വേണ്ടാ.'' ഞാന്‍ മകനോട് പറഞ്ഞു.

'' ഇനിയും എണ്‍പത്തി മൂന്ന് കിലോമീറ്റര്‍ പോണം. ഒരുപാട് വൈകിക്കണ്ടാ ''അവന്‍ മറുപടി നല്‍കി. യാത്രക്കിടയില്‍ ബന്ധുക്കളെ വിവരം അറിയിച്ചുകൊണ്ടിരുന്നു. കാറിനകത്ത് സന്തോഷം നിറഞ്ഞു.

'' നമുക്ക് അവരെ മാളൂന്നും മോളൂന്നും വിളിക്കാം '' ചെറിയ മകന്‍റെ അഭിപ്രായം എല്ലാവര്‍ക്കും ഇഷ്ടമായി.

ആസ്പത്രിയിലെത്തുമ്പോള്‍ സിന്ധു ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയാണ്. പ്രസവം നേരത്തെ ആയതിനാലാണത്രേ കുട്ടികള്‍ രണ്ടുപേരും ഇന്‍ക്യുബേറ്ററിലും. ഏറെ നേരം ആവശ്യപ്പെട്ടിട്ടാണ് കുട്ടികളെ ഒന്ന് കാണിച്ചു തന്നത്.

ഒരു കയ്യില്‍ രണ്ട് കുട്ടികളേയും വെച്ചുകൊണ്ട് നേഴ്സ് മുന്നില്‍ വന്നു നിന്ന രംഗം മറക്കാനാവില്ല. ഡിസ്ച്ചാര്‍ജ്ജ് ചെയ്ത് അമ്മയേയും കുട്ടികളേയും വീട്ടിലെത്തിക്കുന്നതുവരെ ആസ്പത്രിയില്‍ കൂടാമെന്ന് ഞാനും സുന്ദരിയും നിശ്ചയിച്ചു.

ആവശ്യത്തിന്നുള്ള തൂക്കം ഉള്ളതിനാല്‍ പിറ്റേന്ന് കുട്ടികളെ റൂമില്‍ എത്തിച്ചു. ഒരു കട്ടിലില്‍ രണ്ടു കുട്ടികളേയും കിടത്തി. ഞാന്‍ അരികില്‍ ചെന്നിരുന്നു. ആ കുഞ്ഞു മുഖങ്ങള്‍ മനസ്സ് നിറച്ചു.

'' മാളൂ, മോളൂ '' എന്ന് ഞാന്‍ അവരെ വിളിക്കുമ്പോള്‍ ആ കണ്ണുകള്‍ ചുറ്റും പരതും. പണ്ടൊന്നും ഇങ്ങിനെ കുട്ടികള്‍ സൂക്ഷിച്ച് നോക്കാറില്ല എന്ന് സുന്ദരി പറഞ്ഞു. എന്‍റെ മക്കള്‍ ഈ വിധത്തില്‍ നോക്കിയിരുന്നോ എന്ന് എനിക്ക് ഓര്‍മ്മയില്ല.

മൂന്നാമത്തെ ദിവസം ഞാന്‍ കട്ടിലില്‍ ഇരിക്കുകയാണ്. മൂത്ത കുട്ടി മാളു എന്‍റെ അടുത്ത് കിടപ്പുണ്ട്. ഒരു മിനുട്ട് വ്യത്യാസത്തില്‍ ജനിച്ച മോളു അടുത്ത കട്ടിലില്‍ അവളുടെ അമ്മയുടെ അരികിലും. ഞാന്‍ മാളുവിനെ നോക്കി. അവള്‍ കൈകാലുകള്‍ ഇളക്കി കളിക്കുകയാണ്.

'' അച്ചാച്ചന്‍റെ മാളൂ '' ഞാന്‍ അവളെ വിളിച്ചു. ആ കുഞ്ഞി കണ്ണുകള്‍ എന്നെ തിരഞ്ഞു. അവളുടെ ചുണ്ടുകളില്‍ കണ്ടത് പുഞ്ചിരിയാണോ. വീശിക്കൊണ്ടിരിക്കുന്ന ആ കുഞ്ഞികൈകള്‍ക്കു നേരെ ഞാന്‍ ചൂണ്ടുവിരല്‍ നീട്ടി. കുഞ്ഞി കയ്യിന്നുള്ളില്‍ എന്‍റെ വിരല്‍ ഒതുങ്ങി. അതിലൂടെ പ്രവഹിച്ചത് ഒരു സ്നേഹ കടലായിരുന്നുവോ. കാഴ്ച മങ്ങി തുടങ്ങിയത് ഞാന്‍ അറിഞ്ഞു. കണ്ണില്‍ നിറഞ്ഞ വെള്ളം ആരും കാണാതെ തുടച്ചു മാറ്റി.