Monday, February 20, 2012

ശിവരാത്രി.

ഇന്ന് ശിവരാത്രി. ഉപവാസം കഴിഞ്ഞ് ഉറക്കം ഉപേക്ഷിച്ച് ഇരിക്കുകയാണ്. അകത്ത് ഭാര്യയും മക്കളും സി.ഡി. ഇട്ട് സിനിമ കാണുകയാണ്. എനിക്ക് സിനിമ കാണുന്നതില്‍ അത്ര താല്‍പ്പര്യമില്ല. പുസ്തകം വായിക്കലാണ് സാധാരണ പതിവ്. എന്തോ ഇന്ന് അതിനും തോന്നുന്നില്ല.

കഴിഞ്ഞ കാലങ്ങളിലെ ശിവരാത്രികള്‍ ഞാന്‍ ഓര്‍ക്കുകയാണ്. ഓര്‍മ്മ വെച്ച കാലം മുതല്‍ക്ക് വീട്ടില്‍ ആരെങ്കിലും ഉപവാസം എടുക്കാറുണ്ട്. ആദ്യ കാലങ്ങളില്‍ മുത്തശ്ശിയും അമ്മയും കുട്ടിമാമയുമാണ് ഉപവാസം ഇരിക്കാറ്. കുട്ടികള്‍ക്ക് നോല്‍മ്പ് ഇല്ല. എങ്കിലും നിവേദിച്ചു കിട്ടുന്ന ഇളന്നീരും പഴവും പാനകവും നോല്‍മ്പുകാര്‍ കഴിച്ച ശേഷം കുട്ടികള്‍ക്കും കിട്ടുമായിരുന്നു.

സന്ധ്യയോടെ തെക്കിനിയേടത്ത് ശിവക്ഷേത്രത്തില്‍ എത്തിയാല്‍ പിറ്റേന്ന് നേരം വെളുത്തതിന്ന് ശേഷമേ വീട്ടിലേക്ക് തിരിച്ചു വരാറുള്ളു. ദീപാരാധനയ്ക്ക് മുമ്പാണ് ശയന പ്രദക്ഷിണം . മൂത്ത വാരിയരും പത്മനാഭന്‍ നായരുമാണ് അമ്പല മുറ്റത്ത് ഉരുളാറ്. കുളിച്ച് ഈറനുടുത്ത് കണ്ണുകെട്ടി '' ഹരാ ഹരാ, ശിവാ ശിവാ. മുര ഹരാ, സദാശിവാ, ശംഭോ രുദ്ര മഹാദേവാ '' എന്ന് ഉറക്കെ ജപിച്ച് കല്ല് നിറഞ്ഞ് മുറ്റത്തിലൂടെ അവര്‍ ഉരുളുന്നത് തെല്ലൊരു ഭയത്തോടെയാണ് നോക്കി നില്‍ക്കാറ്.

കലാപരിപാടികളൊന്നും ആ കാലത്ത് ഉണ്ടായിരുന്നില്ല. നാമ ജപവും ശിവപുരാണം വായനയുമായി നേരം കളയും. ഞങ്ങള്‍ കുട്ടികള്‍ മുറ്റത്ത് വിരിച്ച ഓല പായയില്‍ കിടന്നുറങ്ങും. ചില കൊല്ലങ്ങളില്‍ ഭക്തി പ്രഭാഷണം ഉണ്ടാവും. ഒരു കൊല്ലം പ്രഭാഷണം നടക്കുന്നതിന്നിടയില്‍ പോലീസ് എത്തി മോഷണക്കുറ്റത്തിന്ന് പ്രഭാഷകനെ അറസ്റ്റ് ചെയ്തുകൊണ്ടു പോവുകയുണ്ടായി. അതിനു ശേഷം കുറെ കാലം വീട്ടില്‍ തായം കളിച്ച് സമയം കളയാന്‍ തുടങ്ങി.

മിക്ക കലാസമിതികളും ശിവരാത്രി ദിവസം വാര്‍ഷികദിനമായി ആഘോഷിക്കാറുണ്ട്. ഗാനമേള, ഡാന്‍സ്, നാടകം എന്നീ പരിപാടികള്‍ ഉള്ളതിനാല്‍ ധാരാളം പേര്‍ ഉറക്കം ഒഴിവാക്കാന്‍ അതെല്ലാം കാണാനെത്തും. നാട്ടിന്‍പുറത്തെ സിനിമ കൊട്ടകകളില്‍ കൂടുതല്‍ ഷോ ഉണ്ടാവും. കുറച്ച് മുതിര്‍ന്ന ശേഷം സൈക്കിളുമായി പല ദിക്കിലുള്ള പരിപാടികള്‍ നോക്കി നടക്കും. ഫലം ഒന്നും മുഴുവന്‍ കാണാനാവില്ല എന്നതുതന്നെ.

ക്ലബ്ബില്‍ ചെന്ന് ചീട്ടു കളിച്ച് നേരം വെളുപ്പിക്കാന്‍ തുടങ്ങിയത് പിന്നേയും കുറെ കഴിഞ്ഞിട്ടാണ്. കളിക്കിടയില്‍ എല്ലാവരും കൂടി ഏതെങ്കില്‍ ചായപീടികയില്‍ കയറി കുറെ സമയം കളയും. രണ്ടു മൂന്ന് കൊല്ലം എന്‍റെ വീട്ടില്‍ ഞങ്ങളുടെ ചീട്ടുകളി സംഘം കൂടുകയുണ്ടായി. സുഹൃത്തുക്കള്‍ പല വഴിക്ക് പിരിഞ്ഞു. പലരും മണ്‍മറഞ്ഞു കഴിഞ്ഞു. എല്ലാം ഓര്‍മ്മകള്‍ മാത്രമായി.

അര്‍ദ്ധരാത്രിയായിട്ടേയുള്ളു. നേരം വെളുക്കാന്‍ ഇനിയും എത്രയോ സമയമുണ്ട്. പൂജാമുറിയില്‍ നിന്ന് ശിവപുരാണം പുസ്തകമെടുക്കണം. ഏകാഗ്രതയോടെ അത് പാരായണം ചെയ്യണം. ആവുന്നത്ര കാലം പാലിച്ചു വന്ന അനുഷ്ഠാനങ്ങള്‍ തുടരണം. അത് മാത്രമാണ് പ്രാര്‍ത്ഥന.