Tuesday, May 15, 2012

എന്‍റെ അണ്ണന്‍ .

ഇലക്ട്രിസിറ്റി ബോര്‍ഡിലെ സേവനകാലത്ത് ലഭിച്ച സുഹൃദ്ബന്ധങ്ങളില്‍ വളരെ വലുതായ ഒന്നാണ് ഞാന്‍ '' അണ്ണന്‍ '' എന്ന് വിളിക്കുന്ന ശ്രി. വിശ്വംഭരനുമായിട്ടുള്ളത്. പരിചയപ്പെട്ട് ഏറെ വൈകാതെ ഞങ്ങളുടെ അടുപ്പം സുദൃഢമായ ബന്ധമായി മാറി.


'' അയാള് മുന്‍കോപിയാണ്. സൂക്ഷിച്ച് പെരുമാറിക്കോ '' എന്ന് ചില സഹപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒരിക്കല്‍ പോലും ഞങ്ങള്‍ തമ്മില്‍ മറുത്ത് ഒരു വാക്ക് സംസാരിക്കാനിട വന്നിട്ടില്ല. മാത്രമല്ല ഒരു സഹോദരന്‍റെ സ്നേഹവാത്സല്യങ്ങള്‍ എനിക്ക് അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിട്ടുമുണ്ട്.


അണ്ണന് പല തരത്തിലുള്ള കാര്‍ഷിക വിളകളെക്കുറിച്ച് നല്ല അറിവാണ്. ഞാനാണെങ്കില്‍ ആ വിഷയത്തില്‍ വട്ട പൂജ്യവും. എന്‍റെ അജ്ഞത പലപ്പോഴും അണ്ണനെ ചിരിപ്പിച്ചിരുന്നു.


'' നിന്നെപ്പോലെ ഒരു വിവരദോഷിയെ ഞാന്‍ കണ്ടിട്ടില്ല '' അണ്ണന്‍ പറയും. ഞാന്‍ നിഷ്ക്കളങ്കമായ ആ ചിരി നോക്കിയിരിക്കും .


'' എന്തൊക്കെ പറഞ്ഞാലും നിനക്ക് നല്ല ബുദ്ധി ഉണ്ട്ട്ടോ '' നിമിഷങ്ങള്‍ക്കകം അണ്ണന്‍ അഭിപ്രായം മാറ്റും '' അതിന്‍റെ അര്‍ത്ഥം വിവരം ഉണ്ട് എന്നല്ല '' എന്ന ഒരു അനുബന്ധവും ഒപ്പമുണ്ടാവും. അണ്ണന്‍ ഇടയ്ക്കൊക്കെ വീട്ടില്‍ വരും. അമ്മയുമായി കുറെ നേരം സംസാരിച്ചിരിക്കും. അമ്മയ്ക്കും അണ്ണനെ വലിയ കാര്യമായിരുന്നു. അധികം വൈകാതെ അമ്മയ്ക്ക് ഒരു ശസ്ത്രക്രിയ വേണ്ടി വന്നു. അമ്മ ആസ്പത്രിയില്‍ അഡ്മിറ്റ് ആയതു മുതല്‍ അണ്ണന്‍ ഒപ്പമുണ്ടായിരുന്നു. രാത്രി യായി. അണ്ണന്‍ അമ്മയെ സമീപിച്ചു.


'' അമ്മേ ഞാന്‍ എന്താ ചെയ്യേണ്ടത് '' അണ്ണന്‍ ചോദിച്ചു.


'' ഇവന്‍ കിടന്നാല്‍ ബോധംകെട്ട് ഉറങ്ങും '' അമ്മ എന്നെ ചൂണ്ടി കാണിച്ച് പറഞ്ഞു '' എന്തെങ്കിലും ആവശ്യത്തിന് ഞാന്‍ വിളിച്ചാല്‍ അറിയില്ല ''.


'' അതിനെന്താ. ഞാന്‍ ഇവിടെ കിടക്കാലോ ''. അമ്മ ഡിസ്ച്ചാര്‍ജ്ജ് ആവുന്നതുവരെ അണ്ണന്‍ കൂടെതന്നെയുണ്ടായിരുന്നു. '' നീ കട്ടിലില്‍ കിടന്നോ. ഞാന്‍ തറയില്‍ കിടന്നോളാം '' എന്നെ കട്ടിലില്‍ കിടന്നുറങ്ങാന്‍ അനുവദിച്ച് ആ ദിവസങ്ങളില്‍ വെറും നിലത്ത് കിടന്നുറങ്ങി.


തിരുവനന്തപുരത്ത് ഒരാവശ്യത്തിന്ന് ചെന്ന ഞങ്ങള്‍ പട്ടം ജങ്ക്ഷനില്‍
കിഴക്കെകോട്ടയിലേക്കുള്ള ബസ്സ് കാത്തു നില്‍ക്കുകയാണ്. ഞാന്‍ എന്തോ ആലോചനയിലാണ്. പൊടുന്നനെ ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും സ്കൂട്ടറും കൂട്ടിയിടിച്ച് ഞങ്ങള്‍ നില്‍ക്കുന്ന ദിക്കിലേക്ക് തിരിഞ്ഞു.അണ്ണന്‍ എന്നെ വലിച്ച് പുറകിലേക്ക് തള്ളിയതും ആ വാഹങ്ങള്‍ ഞാന്‍ നിന്ന ഇടത്ത് വന്നു വീണു.


'' എടാ ഉണ്ണ്യേ, നിന്‍റെ അമ്മയ്ക്ക് നീ മാത്രമേയുള്ളു. എന്‍റെ അച്ഛനും അമ്മയ്ക്കും എന്നെക്കൂടാതെ വേറെയും മക്കളുണ്ട്. നിനക്ക് എന്തെങ്കിലും പറ്റിയാലത്തെ കഥ എനിക്ക് ആലോചിക്കാന്‍ വയ്യ. ആ വാഹനങ്ങള്‍ ഇടിക്കുകയാണെങ്കില്‍ എന്നെ ഇടിച്ചോട്ടെ എന്നു കരുതി നിന്നെ മാറ്റിയതാണ് '' എന്ന് അണ്ണന്‍ പിന്നീട് പറയുകയുണ്ടായി.


കുറച്ചു കാലത്തിന്ന് ശേഷം അണ്ണനെ സ്പോണ്ടിലൈറ്റിസ് ബാധിച്ചു. കഴുത്ത് ഒടിഞ്ഞ് ശിരസ്സ് ഒരു ഭാഗത്തേക്ക് ചെരിഞ്ഞ അവസ്ഥ.ആ ചികിത്സയ്ക്കിടയിലാണ് അണ്ണന്‍ ധ്യാനം കൂടുന്നത്.


'' എടാ ഉണ്ണ്യേ, നീ ഒരു പാവമാണ് '' ഒരു ദിവസം അണ്ണന്‍ പറഞ്ഞു '' കര്‍ത്താവ് തമ്പുരാന് നിന്നെ മാതിരിയുള്ളവരെയാണ് ഇഷ്ടം. നീ വിളിച്ചാല്‍ കര്‍ത്താവ് നിന്‍റെ അടുത്തെത്തും ''. എനിക്ക് ഒരു ബൈബിളും അണ്ണന്‍ സമ്മാനിക്കുകയുണ്ടായി. റിട്ടയര്‍മെന്‍റിന്ന് ശേഷം വല്ലപ്പോഴും മാത്രമേ ഞങ്ങള്‍ തമ്മില്‍ കാണാറുള്ളു. എപ്പോഴെങ്കിലും ഫോണ്‍ ചെയ്യും. പഴയ സഹപ്രവര്‍ത്തകരുടെ മക്കളുടെ വിവാഹത്തിന്ന് എത്തുമ്പോള്‍ കുറെ നേരം സംസാരിച്ചിരിക്കും. വീട്ടു വിശേഷങ്ങള്‍ അറിയുന്നത് അത്തരം അവസരങ്ങളിലാണ്.


ഒരു ദിവസം ഉച്ചയോടെ അണ്ണന്‍ എന്‍റെ വീട്ടിലേക്ക് വരുന്നതു കണ്ടു. വലിയൊരു ബിഗ് ഷോപ്പര്‍ ഏറ്റിപ്പിടിച്ചും കൊണ്ടാണ് വരവ്. ഒരു വശത്തേക്ക് ചെരിഞ്ഞ ശിരസ്സ് വക വെക്കാതെ ഭാരവും തൂക്കിയുള്ള ആ നടപ്പ് എന്നെ വേദനിപ്പിച്ചു.


'' എടാ ഉണ്ണ്യേ, മമ്മത് മലയുടെ അടുത്തേക്ക് ചെന്നില്ലെങ്കില്‍ എന്താ ഉണ്ടാവുക '' വന്നു കയറിയതും അണ്ണന്‍ ചോദിച്ചു. എന്നിട്ട് അതിനുള്ള ഉത്തരവും അണ്ണന്‍ തന്നെ പറഞ്ഞു '' മല മമ്മതിന്‍റെ അടുത്ത് ചെല്ലും ''.


'' ഓരോ കാര്യായിട്ട് ഇറങ്ങാത്തതോണ്ടാ '' അണ്ണനെ ചെന്നു കാണാത്തതിന്ന് ഒരു കാരണം ഞാന്‍ കണ്ടെത്തി.


'' നിന്നെ എനിക്ക് അറിയില്ലേ. നിവൃത്തി ഉണ്ടെങ്കില്‍ ഈ വീടിന്‍റെ മുറ്റത്തേക്ക് ഇറങ്ങാന്‍ മടിക്കുന്ന ആളല്ലേ നീ ''.


അണ്ണന്‍ സുന്ദരിയെ വിളിച്ചു. '' ഇത് നിറയെ നല്ല ഒട്ടുമാങ്ങാപഴമാണ്. ഇവന് വലിയ ഇഷ്ടം ഉള്ളതാ. മതിയാവോളം കൊടുക്കണം കേട്ടോ ''.


ഞങ്ങള്‍ വളരെ നേരം സംസാരിച്ചിരുന്നു. ഭക്ഷണം കഴിക്കാറായപ്പോള്‍ സുന്ദരി വിളിച്ചു. ഇടത്തെ കയ്യുകൊണ്ട് തല താങ്ങി ഭക്ഷണം കഴിക്കാന്‍ അണ്ണന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.


'' എപ്പോഴെങ്കിലും ടൌണില്‍ വരുമ്പോള്‍ വീട്ടിലേക്ക് വാ. പക്ഷെ ഒരു കാര്യൂണ്ട്. വര്വാണച്ചാല്‍ എട്ട്, എട്ടരയ്ക്കുള്ളില്‍ എത്തണം. അല്ലെങ്കില്‍ ഞാന്‍ സ്ഥലത്ത് ഉണ്ടാവില്ല ''.


ഫുട്ട് ഓവര്‍ബ്രിഡ്ജ് കയറി അണ്ണന്‍ പോവുന്നതും നോക്കി ഞാന്‍ നിന്നു. സ്റ്റേഷന്‍ കെട്ടിടം എന്‍റെ ദൃഷ്ടിയില്‍ നിന്ന് അദ്ദേഹത്തെ മറച്ചു. നിര്‍ലോപം എനിക്ക് നല്‍കുന്ന ഈ സ്നേഹത്തിന്ന് പകരം നല്‍കാന്‍ എനിക്ക് ഒന്നുമില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു.


അഗതികളും അശരണരരുമായവരെ സംരക്ഷിക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ഇപ്പോള്‍ അണ്ണന്‍ കഴിയുന്നു.