Tuesday, December 10, 2013

മാധവേട്ടൻ.

പഴയ പാതയുടെ അരികിലുള്ള ഒരു വാടകകെട്ടിടത്തിലാണ് ചെമ്പോട്ടി മാധവൻ താമസിച്ചിരുന്നത്. കോളേജിലേക്ക് പോവുമ്പോഴും തിരിച്ച് വരുമ്പോഴും ഞാൻ അയാളെ കാണാറുണ്ടായിരുന്നു. ഇരുണ്ട് മെലിഞ്ഞ ഒരു കൃശഗാത്രൻ. ശിരസ്സിലെ ഏതാണ്ട് മുഴുവൻ മുടിയും താഴോട്ട് ഒലിച്ചിറങ്ങി തലയുടെ വശങ്ങളിലും മാറത്തും മുതുകിലുമായി സ്ഥലം പിടിച്ചിട്ടുണ്ട്. രണ്ടു വരിയിലേയും മുൻവശത്തെ പല്ലുകൾ ചിലതെല്ലാം കാണാനില്ല. കളംകളങ്ങളുള്ള ഒരു ലുങ്കിയാണ് സ്ഥിരമായ വേഷം. ചിലപ്പോൾ ഒരു തോർത്ത് തോളിലൂടെ ഇട്ടിരിക്കും.

പണിയൊഴിഞ്ഞ് അയാളെ കാണാറില്ല. ഉലയിൽ പാത്രം ചൂടാക്കി ഈയം പൂശുക. പിച്ചളപ്പാത്രങ്ങളോ ഓട്ടുപാത്രങ്ങളോ നിലവിളക്കുകളോ രാകി മിനുക്കുക, വലിയ ചെപ്പുകുടങ്ങളിൽ മരംകൊണ്ടുള്ള കൊട്ടികൊണ്ട് അടിക്കുക എന്നിങ്ങനെ പലതരം ജോലികളുമായി എപ്പോഴും തിരക്കായിരിക്കും.

വീട്ടിലെ ടോർച്ച് ലൈറ്റിലെ സ്വിച്ചിൻറെ റിവിറ്റ് വിട്ടത് ഉറപ്പിക്കാനാണ് ഞാൻ അയാളെ ആദ്യമായി സമീപിക്കുന്നത്. പെട്ടെന്നുതന്നെ അയാളത് നന്നാക്കി തന്നു. ''എന്തു തരണ ''മെന്ന എൻറെ ചോദ്യത്തിന് ഒന്നും വേണ്ടാ എന്ന അർത്ഥത്തിൽ അയാൾ കൈ ആട്ടി. പഠനം കഴിഞ്ഞ് ജോലിയിൽ ചേർന്നശേഷമാണ് ഞങ്ങൾ അടുപ്പത്തിലായത്. പിന്നീട് ഞാൻ അയാളെ '' മാധവേട്ടാ '' എന്നു വിളിച്ചു തുടങ്ങി.

കുറെകാലം മാധവേട്ടന്ന് സഹായിയായി ഒരു തമിഴത്തി ഉണ്ടായിരുന്നു. അവർ മാധവേട്ടൻറെ ഭാര്യയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഞാൻ പരിചയപ്പെടുമ്പോൾ അവർ വേർപിരിഞ്ഞ് പോയിരുന്നു. മാധവേട്ടന്ന് രണ്ട് അനുജന്മാരാണ്. തൊട്ടു താഴെയുള്ള കൃഷ്ണനും ഇളയവനായ വാസുവും. ഇവർ രണ്ടുപേരുമായും ഞാൻ നല്ല അടുപ്പത്തിലായിരുന്നു. വാസു ഞങ്ങളുടെ ആർട്ട്സ് ക്ലബ്ബ് നടത്തിയ നാടകത്തിൽ അഭിനയിക്കുകയുമുണ്ടായിട്ടുണ്ട്.

'' തിരക്കിലാണോ '' പരിചയപ്പെട്ടതിന്നു ശേഷം ചില ദിവസങ്ങളിൽ ഞാൻ ആ വഴിക്ക് പോവുന്നതു കണ്ടാൽ മാധവേട്ടൻ വിളിക്കും.

'' എന്താ വേണ്ടത് '' എന്നു ചോദിച്ച് ഞാൻ ചെല്ലും.

 '' അഞ്ചു മിനുട്ട് നേരം ഇവിടെ ഇരുന്നൂടേ '' ആ ആവശ്യം എനിക്ക് നിരസിക്കാൻ കഴിഞ്ഞിരുന്നില്ല. കുറെ സമയം ഞങ്ങൾ രണ്ടുപേരും എന്തെങ്കിലും സംസാരിച്ച് ഇരിക്കും. പിന്നെ ഞാൻ യാത്ര പറഞ്ഞിറങ്ങും.

'' എന്തിനാ എന്നെ വെറുതെ ഇവിടെ വിളിച്ചിരുത്തുന്നത് '' ഈ പരിപാടി കുറച്ചു പ്രാവശ്യം തുടർന്നപ്പോൾ ഞാൻ ചോദിച്ചു.

'' ഉണ്ണി കുറച്ചുനേരം കടയിൽ ഇരുന്നാൽ വർക്കത്താണെന്ന് റൊട്ടിക്കട ബാവക്ക പറയാറുണ്ട്. അതുകൊണ്ടാണ് ''.

'' എന്നിട്ട് എന്തെങ്കിലും ഗുണം തോന്നിയിട്ടുണ്ടോ '' എനിക്ക് അതിശയം തോന്നി.

'' ഉള്ളത് പറയാലോ. ഉണ്ണി വരുന്ന ദിവസങ്ങളിൽ നല്ലോണം പണിയുണ്ടാവും.
ധാരാളം കാശും കിട്ടും ''. സത്യം പറഞ്ഞാൽ '' അമ്പട ഞാനേ '' എന്നൊരു തോന്നൽ അപ്പോൾ എൻറെ മനസ്സിലുണ്ടായി.

പുരാണകഥകളൊക്കെ അയാൾക്ക് നന്നായി അറിയും. മഹാഭാരതത്തിലെ പല സന്ദർഭങ്ങളും ഭംഗിയായി വിവരിക്കും. ഞാൻ അതെല്ലാം കേട്ടിരിക്കും.

മാധവേട്ടനെക്കുറിച്ചോർത്താൽ മൂന്ന് സംഭവങ്ങളാണ് മനസ്സിൽ ഓടിയെത്തുക.

ഒരു ഒഴിവു ദിവസം ഞാൻ ആ വഴിക്ക് പോവുമ്പോൾ അയാളുടെ പണിശാലയിൽ കയറി. മാധവേട്ടൻ ഒരു പ്രതിമ ഉണ്ടാക്കിയിരിക്കുന്നു. രണ്ടടിയോളം പൊക്കമുള്ള ദുർഗ്ഗയുടെ മനോഹരമായ ഒരു വിഗ്രഹം. എനിക്ക് അത്ഭുതം തോന്നി.

'' ഒരു കൂട്ടർ വന്ന് ഏൽപ്പിച്ചതാണ്. നാളെ കൊടുക്കണം ''.

'' അതിനെന്താ. ഇതിൻറെ പണി കഴിഞ്ഞിട്ടുണ്ടല്ലോ ''.

'' ഇത് മെഴുകാണ്. ഇതിനെ മണ്ണിൽ പൊതിഞ്ഞ് മൂശയുണ്ടാക്കണം. അതിൽ ഓട് ഉരുക്കി ഒഴിച്ച് വാർക്കണം. തണുത്തിന്നു ശേഷം മൂശ പൊളിച്ച് സാധനം എടുത്ത് പോളിഷ് ചെയ്യണം. എന്നാലേ കൊടുക്കാനാവൂ ''.

'' എങ്ങിനേയാ ഇത് വാർക്കുന്നത്. എനിക്കതൊന്ന് കാണണം '' ഞാൻ പറഞ്ഞു.

'' സാധാരണ ഇതൊന്നും ആരേയും കാട്ടാറില്ല. എല്ലാവരുടേയും കണ്ണ് ഒരുപോലെ അല്ലല്ലോ. ചിലരുടെ ദൃഷ്ടി പെട്ടാൽ മൂശ കേടുവരും. ചെയ്ത പണി വേയ്സ്റ്റാകും. ഉണ്ണി നോക്കിയാൽ കുഴപ്പം ഉണ്ടാവില്ല. ഞാൻ ആ പണി കാണിച്ചു തരാം ''.

അയാൾ പ്രതിമ മണ്ണുപൊതിഞ്ഞ് വെയിലത്ത് ഉണക്കാൻ വെച്ചു. വൈകുന്നേരം അതെടുത്ത് ഉരുക്കി അകത്തെ മെഴുക് കളഞ്ഞു. ചെറിയൊരു പാത്രത്തിൽ ഓട് ഉരുക്കാൻ വെച്ചു. ഉരുകിയ ദ്രാവകം അതിലേക്ക് ഒഴിച്ചു. തണുത്ത ശേഷം മൂശ പൊട്ടിച്ച് പ്രതിമ പുറത്തെടുത്തു. കറുത്ത് തീരെ ഭംഗിയില്ലാത്ത ഒരു രൂപമാണ് കാണാൻ കഴിഞ്ഞത്.

'' ഇതെന്താ ഇങ്ങിനെ '' ഞാൻ ചോദിച്ചു.

'' ഇനിയല്ലേ ഇതിൻറെ പണി കിടക്കുന്നത്. ഇതിനെ രാകി മിനുക്കി പോളിഷ് ഇട്ട് ഭംഗിയാക്കണം. പണിതീർത്തശേഷം നാളെ കാട്ടിത്തരാം ''. പിറ്റേന്ന് മാധവേട്ടൻ എനിക്ക് മനോഹരമായ വിഗ്രഹം കാണിച്ചുതന്നു. എത്ര കഴിവുള്ള ശിൽപ്പിയാണ് എൻറെ മുന്നിലിരിക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു.

എൻറെ വീടിൻറെ പണി നടക്കുന്ന കാലത്ത് വാടക വീട്ടിലായിരുന്നു ഞങ്ങളുടെ  താമസം. ഒരു ദിവസം ജോലി കഴിഞ്ഞ് ഓഫീസിൽ നിന്ന് ഞാൻ എത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു.

'' വീട്ടിൽ സിമിൻറ് കൊണ്ടുവന്ന് ഇറക്കിയിട്ടുണ്ട്. വാതിലില്ലാത്തതല്ലേ. വല്ലവരും  എടുത്തിട്ടുപോയാലോ എന്നാ പേടി '' അമ്മ വിഷമം പറഞ്ഞു. വാർപ്പ് കഴിഞ്ഞു. തേപ്പ്പണി ആരംഭിക്കുന്നതേയുള്ളു. വാതിലുകളുടേയും ജനാലകളുടേയും കട്ടിളകൾ മാത്രം വെച്ചിട്ടുണ്ട്. തൽക്കാലത്തേക്ക് രണ്ടുവശത്തും ഓരോ വാതിലുകൾ തല്ലിക്കൂട്ടി വെക്കാൻ ഏൽപ്പിച്ചത് ചെയ്തിട്ടില്ല.

'' അതിനെന്താ. ഞാൻ പോയി അവിടെ കാവൽ കിടക്കാലോ '' ഞാൻ അമ്മയെ സമാധാനിപ്പിച്ചു.

'' ഒറ്റയ്ക്കോ '' അമ്മയ്ക്ക് അതിലേറെ പരിഭ്രമമായി.

'' പേടിക്കണ്ടാ അമ്മേ '' എന്ന് ഞാൻ പറഞ്ഞുവെങ്കിലും അമ്മ സമ്മതിക്കുന്നില്ല. അപ്പോഴാണ് ഇലക്ട്രീഷ്യൻ ഹനീഫ അതിലെ വരുന്നത്. നല്ലൊരു കൂട്ടുകാരനാണ് അയാൾ. അമ്മ വിവരം പറഞ്ഞു.

'' അമ്മ പേടിക്കേണ്ടാ. ഞാൻ കൂടെ ചെന്നോളാം '' അയാൾ അതു പറഞ്ഞതോടെ അമ്മയ്ക്ക് സമാധാനമായി. എട്ടു മണിയായതോടെ അമ്മ ഞങ്ങൾക്ക് ഭക്ഷണം തന്നു. ടോർച്ചുമെടുത്ത്  ഞങ്ങൾ ഇറങ്ങി.

'' എവിടേക്കാ രണ്ടാളും കൂടി ഈ രാത്രിനേരത്ത് '' മാധവേട്ടൻ ഞങ്ങളെ കണ്ടതും ചോദിച്ചു. ഹനീഫ വിവരം പറഞ്ഞു.

'' എന്നാൽ ഞാനും വരാം കൂട്ടിന്ന് '' അയാളും ഞങ്ങളോടൊപ്പം ഇറങ്ങി. ഞങ്ങൾ വീട്ടിലെത്തി. മണലിന്ന് മുകളിൽ മരപ്പലകവെച്ച് ഞങ്ങൾ ഓരോരോ ഭാഗത്തായി കിടന്നു. മാധവേട്ടൻ ബീഡി വലിക്കുകയും കഥ പറയുകയും ചെയ്യുന്നുണ്ട്. ഹനീഫ ഓരോന്ന് ചോദിക്കുന്നുണ്ട്. അതെല്ലാം കേട്ടുകേട്ട് ഞാൻ ഉറങ്ങി.

ഒരു ഉറക്കം കഴിയുമ്പോഴേക്കും മാധവേട്ടൻ എന്നെ വിളിച്ചുണർത്തി. ഹനീഫ തല താഴ്ത്തി അടുത്തിരിപ്പുണ്ട്. ശക്തമായ ഇടിയും മിന്നലുമാണുള്ളത്. പുറത്ത് തകർത്തു പെയ്യുന്ന മഴയുടെ ചെറിയൊരംശം കാറ്റ് അകത്തെത്തിക്കുന്നു.

'' ഇടി ഭയങ്കരമായി പൊട്ടുന്നുണ്ട് '' മാധവേട്ടൻ പറഞ്ഞു '' അതാ ഞാൻ നിങ്ങളെ  വിളിച്ചുണർത്തിയത് ''.

ഞങ്ങൾ ഉണർന്നിരുന്നതുകൊണ്ട് ഇടിയും മിന്നലും നിൽക്കില്ലല്ലോ? പിന്നെന്തിനാ ഞങ്ങളെ വെറുതെ വിളിച്ചുണർത്തിയത്. ഇല്ലെങ്കിൽ സുഖമായി ഉറങ്ങുമായിരുന്നു. എനിക്ക് ദേഷ്യം വന്നത് സ്വാഭാവികം. കണ്ണ് മഞ്ഞളിപ്പിക്കുന്ന മിന്നലിനോടൊപ്പം അതികഠിനമായ ഒരു ഇടി ആ സമയത്ത് പൊട്ടി.

'' ഉണ്ണി ഇടിടെ ലെവല് ശരിയല്ല. അപകടം ഉറപ്പാണ്. നമ്മള് മൂന്നാളും ഇവിടെ കിടന്ന് ചാവും '' മാധവേട്ടൻറെ ആ മുന്നറിയിപ്പിനോടൊപ്പം വളരെ അടുത്തുനിന്ന് മറ്റൊരു ഇടി പൊട്ടി.

'' മൂന്നാള് മൂന്നു ഭാഗത്ത് കിടക്കണ്ടാ. ഒന്നിച്ച് ഒരു ദിക്കിലാവുമ്പോൾ ആളുകൾക്ക് ശവം കാണാൻ സൗകര്യാവും. നമുക്ക് എല്ലാവർക്കും ഒരുഭാഗത്ത് കിടക്കാം '' ആ നിർദ്ദേശം ഹനീഫയെ ചൊടുപ്പിച്ചു.

'' മിണ്ടാതെ ഒരു ഭാഗത്ത് കിടക്കിനേ '' എന്നു പറഞ്ഞുവെങ്കിലും അവർ കിടന്ന മരപ്പലകകൾ എടുത്ത് ഹനീഫ ഞാൻ കിടക്കുന്ന ദിക്കിലേക്ക് മാറ്റി.

'' നിങ്ങൾ രണ്ടാളും എൻറെ അപ്പുറത്തും ഇപ്പുറത്തും കിടന്നോളിൻ '' മാധവേട്ടൻ നടുവിൽ സ്ഥലം പിടിച്ചു. ഇടിയും മിന്നലും തീരുന്നതിന്നു എത്രയോ മുമ്പ് ഞാൻ ഉറങ്ങി. പിറ്റേന്ന് ഞാൻ ഉണരുമ്പോൾ മാധവേട്ടനെ കാണാനില്ല. ഹനീഫ മാത്രം വാതിൽ കട്ടിളയിൽ പുറത്തേക്കും നോക്കിയിരുപ്പാണ്.

'' അടുത്ത ആളെവിടെ '' ഞാൻ ചോദിച്ചു.

'' ആ ചങ്ങാതി എണീറ്റതും പോയി ''.

ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു പോരുമ്പോൾ മാധവേട്ടൻ ബീഡിയും വലിച്ചുകൊണ്ട് ഇരിപ്പാണ്.

'' എന്ത് പിത്തനയാണ് ഇന്നലെ നിങ്ങൾ ഉണ്ടാക്കിയത് '' ഹനീഫ റോഡിൽ നിന്ന് ചോദിച്ചു '' കണ്ണിൽക്കണ്ട കള്ളും വെള്ളൂം കുടിച്ച് ആളെ ബേജാറാക്കി ''.

മാധവേട്ടൻ ചമ്മലോടെ ഒരു ചിരി പാസ്സാക്കി.

വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ വാസു ദൂരെ എവിടേക്കോ താമസം മാറ്റി. വീണ്ടും മാധവേട്ടൻ ഒറ്റയ്ക്കായി. അധികം വൈകാതെ കൃഷ്ണനും ഭാര്യയും കുട്ടികളും താമസത്തിനെത്തി. കൃഷ്ണൻ അരോഗദൃഡഗാത്രനായിരുന്നു. ചെറിയൊരു കുടവയറും കൊഴുത്ത മാംസപേശികളും ഉള്ളതൊഴിച്ചാൽ അയാൾ മാധവേട്ടൻറെ ശരിപകർപ്പ് തന്നെയാണ്. അയാൾ വന്നതോടെ പണി കുറച്ചുകൂടി ഉഷാറായി. മാധവേട്ടന് തീരെ ഒഴിവ് കിട്ടാതായി. എങ്കിലും വല്ലപ്പോഴും എന്നെ വിളിച്ച് സംസാരിക്കുന്നത് തുടർന്നു.

ഒരു ദിവസം കൃഷ്ണനെ പണിസ്ഥലത്ത് കണ്ടില്ല.

'' അനിയൻ പോയോ '' ഞാൻ അന്വേഷിച്ചു.

'' ഇല്ല. ലേശം സുഖമില്ലാതെ കിടക്കുന്നു '' മാധവേട്ടൻ പറഞ്ഞു തുടങ്ങി '' ഇന്നലെ  എവിടെ നിന്നോ കുറെ പോത്തിറച്ചി കിട്ടിയിരുന്നു. ഞങ്ങളാരും അത് കഴിക്കാറില്ല. മുഴുവൻ അവൻതന്നെ കഴിച്ചു. ഇന്നു രാവിലെ വയറിന് അസുഖം. നാലഞ്ചു തവണ പുറത്ത് പോയി. കൂവ വിരകി കൊടുത്തിട്ടുണ്ട്. വൈകുന്നേരത്തേക്ക് മാറും ''.

അടുത്ത രണ്ടു മൂന്ന് ദിവസവും കൃഷ്ണനെ കണ്ടില്ല. ചിലപ്പോൾ എവിടേക്കെങ്കിലും പോയിട്ടുണ്ടാവുമെന്ന് ഞാൻ കരുതി. പിന്നീടൊരു ദിവസം ഞാൻ മാധവേട്ടൻറെ കടയിൽ കയറി വിവരങ്ങൾ അന്വേഷിച്ചു.

'' മാറീട്ടില്ല '' അദ്ദേഹം പറഞ്ഞു.

'' ഡോക്ടറെ കാണിച്ചില്ലേ ''.

'' ഇല്ല. കുരുക്കളുടെ അടുത്തുചെന്ന് എഴുതി വാങ്ങി അരയിൽ കെട്ടീട്ടുണ്ട്. ഒരാഴ്ച വേണ്ടിവരും എന്നാ പറഞ്ഞത് ''.

'' അസുഖം വന്നാൽ ചികിത്സിക്കാതെ കുരുക്കള് എഴുതിയത് കെട്ടിയാൽ മാറുമോ. ഏതെങ്കിലും ഒരു നല്ല ഡോക്ടറെ കാണിക്കണം ''.

ആ പറഞ്ഞത് മാധവേട്ടന്ന് ഇഷ്ടമായില്ല എന്ന് മുഖഭാവത്തിൽ നിന്ന് എനിക്ക്  മനസ്സിലായി.

'' ഉണ്ണിക്ക് എത്ര വയസ്സായി '' അദ്ദേഹം ചോദിച്ചു.

'' ഇരുപത്തിരണ്ട് ആവുന്നു ''.

'' ഉണ്ണി കോളേജിൽ പഠിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ ജോലിയും കിട്ടി. പക്ഷെ ജീവിതം കണ്ടിട്ടില്ല. അനുഭവങ്ങളിൽ നിന്ന് മനുഷ്യൻ കുറച്ചൊക്കെ പഠിക്കാനുണ്ട്. എന്നാലേ ഇതൊക്കെ മനസ്സിലാവൂ ''.

മാധവേട്ടൻ പറയാൻ തുടങ്ങി. ഞങ്ങളുടെ തൊഴിലിന്ന് ഒരു ദോഷമുണ്ട്. എപ്പോഴും ശത്രുക്കളുണ്ടായിരിക്കും. പണി ചെയ്ത് പത്തുറുപ്പിക ഉണ്ടാക്കുന്നത് കണ്ടാൽ ചില ആളുകൾക്ക് സഹിക്കില്ല. ഇവിടെ ഞാനും അനുജനും ചേർന്ന് പണിചെയ്ത് ഒരു വിധത്തിലങ്ങിനെ കഴിയുന്നത് സഹിക്കാത്തവർ എന്തോ ചെയ്‌വന ചെയ്തിട്ടുണ്ട്. അത് തീർക്കാൻ മന്ത്രവാദം ചെയ്യണം. എന്നാലേ സൂക്കട് മാറൂ.

'' ഇപ്പോൾ എങ്ങിനെയുണ്ട് '' രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു.

'' ഒരുമാറ്റവും കാണാനില്ല. ഈ വെള്ളിയാഴ്ച കഴിഞ്ഞാൽ കുറവ്കാണും എന്നാണ് കുരുക്കള് പറയുന്നത് ''.

ദിവസങ്ങൾ ആഴ്ചകളിലേക്ക് നീങ്ങി. ഒരു ദിവസം ബാറ്റ്മിൻറൻ കളി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ഞാൻ പോരുമ്പോൾ മാധവേട്ടൻ വിളിച്ചു.

'' ഉണ്ണി. കൃഷ്ണൻറെ കണ്ടീഷൻ തീരെ മോശമായിരിക്കുന്നു. എന്താ ചെയ്യേണ്ടത് ''.

'' ഡോക്ടറെ കാണിക്കാമെന്ന് അന്നേ ഞാൻ പറഞ്ഞതല്ലേ. ഇനിയെങ്കിലും അത് ചെയ്തൂടെ ''.

മാധവേട്ടൻ സമ്മതം മൂളിയതും ഞങ്ങൾ സുധാ ക്ലിനിക്കിലേക്ക് ചെന്നു. ബാലൻ ഡോക്ടർ ഞങ്ങളോടൊപ്പം വന്നു. അദ്ദേഹത്തോടൊപ്പം ഞങ്ങളും അകത്തേക്ക് ചെന്നു. കൃഷ്ണൻ അവശനിലയിലാണ്. കൃഷ്ണമണികൾ മേലോട്ട് നീങ്ങിയിരിക്കുന്നു.

'' മരിക്കാറായി '' പുറത്ത് വന്നതും ഡോക്ടർ പറഞ്ഞു '' ഇനി ഒന്നും ചെയ്യാനില്ല ''.

അര മണിക്കൂറിനകം കൃഷ്ണൻ കണ്ണടച്ചു. അയാളുടെ ഭാര്യയുടേയും പറക്ക മുറ്റാത്ത മക്കളുടേയും ഉച്ചത്തിലുള്ള രോദനം ഉയർന്നു. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ച് മാധവേട്ടൻ വെറും തറയിൽ കിടന്നു.

Thursday, December 5, 2013

ഏതോ ഒരു മരുമകൾ.


'' ...... മാട്രിമോണിയൽ സൈറ്റിലെ പരസ്യം കണ്ട് വിളിക്കുന്നതാണ് ''. ഫോണെടുത്ത്
'' ഹലോ '' എന്ന് ഞാൻ പറയുന്നതിന്നു മുമ്പുതന്നെ മറുവശത്തുനിന്ന് ഒരു സ്ത്രീശബ്ദം നേരെ വിഷയത്തിലേക്കു കടന്നു.

 മകന് യോജിച്ച പെൺകുട്ടിയെ അന്വേഷിച്ച് ഒട്ടേറെ മാട്രിമോണിയൽ സൈറ്റുകളിലും പത്രങ്ങളിലും പരസ്യം നൽകുകയും പല ബ്രോക്കർമാരെ ജാതകക്കുറിപ്പ്, ബയോ ഡാറ്റ എന്നിവ ഏൽപ്പിക്കുകയും ചെയ്തുവെങ്കിലും അവരുടെ സേവനം ഇല്ലാതെതന്നെ ഒരു ബന്ധം കിട്ടിയ സന്തോഷത്തിലിരിക്കുമ്പോഴാണ് ഈ അന്വേഷണം. 

'' പരസ്യം കൊടുത്തത് ശരിതന്നെ. ഇപ്പോൾ ഒരു ആലോചന ശരിയായിട്ടുണ്ട് '' ഞാൻ പറഞ്ഞു.

'' വിവാഹം ഉറപ്പിച്ചിട്ടില്ലെങ്കിൽ ഒന്ന് റീ കൺസിഡർ ചെയ്തു കൂടെ '' ആ പറഞ്ഞത് എനിക്ക് ഒട്ടും ഇഷ്ടമായില്ല.

'' നിങ്ങൾ എന്താ വിചാരിച്ചത്. അങ്ങിനെ വാക്കുമാറ്റി പറയാവുന്ന കാര്യമാണോ ഇത് '' ഞാൻ ഫോൺ താഴെവെച്ചു.

അടുത്ത നിമിഷം ഫോൺ വീണ്ടും ശബ്ദിച്ചു. എടുത്തപ്പോൾ മറുഭാഗത്ത് നേരത്തെ കേട്ട അതേ സ്വരം.

'' എന്താ വേണ്ടത് '' എൻറെ വാക്കുകളിലെ കനം എനിക്കു മനസ്സിലായി.

'' മുഴുവൻ പറയുന്നതിന്നു മുമ്പ് ഫോൺ കട്ടായി ''.

'' നിങ്ങളോടല്ലേ കല്യാണം നിശ്ചയിച്ചുകഴിഞ്ഞു എന്നു ഞാൻ പറഞ്ഞത്. പിന്നെന്തിനാ ശല്യം ചെയ്യുന്നത് '' അവൾ പറഞ്ഞു തുടങ്ങുന്നതിന്ന് മുമ്പേ ഞാൻ പറഞ്ഞു.

'' പ്രൊഫൈൽ വായിച്ചപ്പോൾ എനിക്ക് ഇഷ്ടം തോന്നി. അതാണ് വീണ്ടും വിളിച്ചത് '' അവൾ മറുപടി നൽകി.

'' നിങ്ങൾ ആരാ? എവിടെ നിന്നു വിളിക്കുന്നു? ആലോചന മകൾക്കു വേണ്ടിയാണോ '' ഞാൻ വെറുതെ ചോദിച്ചു.

'' എനിക്കു വേണ്ടിത്തന്നെയാണ് വിളിക്കുന്നത്. ഞാൻ ....., വിളിക്കുന്നത് ....... ൽ നിന്ന്, വിവരങ്ങളെല്ലാം വിശദമായി പറയാൻതുടങ്ങി. പെൺകുട്ടി തെക്കൻകേരളത്തിലെ ഒരു മലയോര പട്ടണത്തിൽ നിന്നാണ്. 26 വയസ്സ് കഴിഞ്ഞു. B.Com വരെ പഠിച്ചിട്ടുണ്ട് ''. 

'' സാധാരണ അച്ഛനോ അമ്മയോ ഉത്തരവാദപ്പെട്ട ആരെങ്കിലുമോ ആണ് ഇത്തരം കാര്യങ്ങൾ ചെയ്യാറ്. എൻറെ മകനുവേണ്ടി ഞാൻ അന്വേഷിക്കുന്നതുപോലെ ''.

'' അതുശരി. അങ്കിൾ വരൻറെ അച്ഛനാണല്ലേ. ഞാൻ വിചാരിച്ചു ''.

'' അതാണ് ഞങ്ങളുടെ രീതി ''.

'' പക്ഷെ അങ്കിൾ. എനിക്കുവേണ്ടി ആലോചിക്കാൻ അച്ഛനോ അമ്മയോ ഇല്ല ''.

'' എന്തേ അവർ മരിച്ചുപോയോ '' എനിക്ക് ആ കുട്ടിയോട് സഹതാപം തോന്നി.

'' മരിച്ചതല്ല അങ്കിൾ, അച്ഛൻ ഒരു കൊലക്കേസ്സിൽ പ്രതിയായി ജയിലിലാണ്. ശിക്ഷ തീരാൻ ഇനിയും അഞ്ചാറുകൊല്ലം കഴിയും ''.

'' അപ്പോൾ അമ്മ ''.

'' അമ്മ വേറൊരാളുടെ കൂടെ പോയി. ഞാൻ ഇപ്പോൾ ഒരു കുഞ്ഞമ്മയുടെ കൂടെയാണ് ''.

'' സഹോദരന്മാരൊന്നും ഇല്ലേ ''.

'' ഒരു ചേട്ടനുണ്ടായിരുന്നു. അമ്മ പോയ ശേഷം ചേട്ടനും എങ്ങോട്ടോ പോയി. ഞാൻ ശരിക്കും ഒരു അനാഥയാണ് അങ്കിൾ ''.

'' കുട്ടീ, എൻറെ മകൻറെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു. എൻഗേജ്മെൻറിന് ഇനി ഒരാഴ്ചയേയുള്ളു ''.

'' അങ്കിളിൻറെ പരിചയത്തിൽ എനിക്കുപറ്റിയ ബന്ധം ഉണ്ടെങ്കിൽ ശരിയാക്കാമോ ''.

എന്താണ് പറയേണ്ടത് എന്ന് എനിക്ക് തോന്നുന്നില്ല. ആ കുട്ടിയുടെ കാര്യം കഷ്ടമാണ്. പക്ഷെ എന്തുചെയ്യാൻ കഴിയും? അവളുടെ ആഗ്രഹം നിവർത്തിച്ചുകൊടുക്കാൻ എനിക്ക് ആവില്ല. ചിലപ്പോൾ എന്തെങ്കിലും സാമ്പത്തികസഹായം ഉപകാരപ്പെട്ടാലോ?

'' കുട്ടിയുടെ മേൽവിലാസം തരൂ '' ഞാൻ പറഞ്ഞു '' എന്നെക്കൊണ്ട് കഴിയുന്ന ഒരു തുക ഞാൻ അയച്ചു തരാം ''.

'' നന്ദി '' അവൾ പറഞ്ഞു '' അങ്കിൾ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. എന്തെങ്കിലും പണം കിട്ടുമെന്ന് വിചാരിച്ചിട്ടല്ല ഞാൻ വിളിച്ചത്, എന്തെങ്കിലും ഒരു സഹായം കിട്ടുമോ എന്ന് കരുതിയാണ് ''.

തിരിച്ച് എന്തെങ്കിലും പറയുന്നതിന്നുമുമ്പ് അവൾ ഫോൺ വെച്ചു. മാട്രിമോണിയൽ സൈറ്റുകളുടെ പരസ്യം കാണുമ്പോൾ ഞാൻ ആ പെൺകുട്ടിയെ ഓർക്കും. നല്ലൊരു ബന്ധം അവൾക്ക് കിട്ടണേ എന്ന് പ്രാർത്ഥിക്കും.

Friday, July 19, 2013

വെപ്പുപല്ല് വേണോ ?


'' എന്തിനാ ഈ കേടുവന്ന പല്ലൊക്കെ വെച്ചോണ്ടിരിക്കുന്നത്. എന്നിട്ട് എപ്പോഴും പല്ലു വേദനിക്കുന്നൂ എന്ന ആവലാതീം. ഒക്കെ അങ്ങിട്ട് പറിച്ചു കളഞ്ഞൂടേ '' പ്രമേഹത്തിന്ന് പതിവായി ചികിത്സയ്ക്ക് ചെല്ലുന്ന കൂട്ടത്തില്‍ കുറച്ചു ദിവസങ്ങളായി അനുഭവപ്പെട്ടു വരുന്ന പല്ലുവേദനയെക്കുറിച്ച് അമ്മ പരാതി പറഞ്ഞതിന്ന് ചന്ദ്രന്‍ ഡോക്ടര്‍ മറുപടി നല്‍കിയതാണ്.

'' മുഴുവനും എടുത്തു കളഞ്ഞാല്‍ എന്തെങ്കിലും കടിക്കണച്ചാല്‍
 എന്താ ചെയ്യാ എന്നു വിചാരിച്ചിട്ടാണ് '' അമ്മ വിഷമം അറിയിച്ചു.

'' അതിനല്ലേ വെപ്പുപല്ല് '' ഡോക്ടര്‍ പറഞ്ഞു '' നല്ല സെറ്റ് പല്ല് വെപ്പിച്ചാല്‍ ശരിക്കുള്ള പല്ലുപോലെത്തന്നെയുണ്ടാവും ''. അമ്മ എന്‍റെ മുഖത്തേക്ക് നോക്കി.

'' ശരി സാര്‍, അങ്ങിനെ ചെയ്തോളം '' ഞാന്‍ സമ്മതിച്ചു.

'' വെപ്പുപല്ല് വെച്ചാല്‍ നന്നായിരിക്കും അല്ലേ '' തിരിച്ചു പോരുമ്പോള്‍ അമ്മ ചോദിച്ചു.

'' പിന്നെന്താ, മുടിയൊന്ന് കറുപ്പിക്കുംകൂടി ചെയ്താല്‍ എന്‍റെ അനിയത്തിയാണെന്നേ ആളുകള് കരുതൂ ''.

'' മിണ്ടാണ്ടിരുന്നോ. നിന്‍റെയൊരു തമാശ '' അമ്മ എന്നെ ശാസിച്ചുവെങ്കിലും ആ മുഖം സന്തോഷം നിറഞ്ഞിരുന്നു.

ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഡെന്‍റിസ്റ്റിനെത്തന്നെ സമീപിച്ചു. ഒന്നരാടം ദിവസങ്ങളിലാണ് പല്ല് പറിക്കുക. ആ സമയത്ത് എന്‍റെ മൂത്ത മകന് രണ്ടു വയസ്സ് ആയിട്ടേയുള്ളു. അവനേയും എടുത്ത് അമ്മ ബസ്സില്‍ പാലക്കാടെത്തും. ഓഫീസ് ജോലി കഴിഞ്ഞ ശേഷം സ്റ്റോപ്പില്‍  കാത്തുനിന്ന് ഞാന്‍ അവരെ കൂട്ടിക്കൊണ്ട് പോവും. അമ്മയുടെ പല്ലു വലിക്കുന്ന നേരം ഞാന്‍ വാങ്ങിക്കൊടുത്ത ചോക്ലേറ്റും രുചിച്ച് മകന്‍ എല്ലാം നോക്കിയിരിക്കും. ഏതാനും ദിവസംകൊണ്ട് പല്ലുകള്‍ മുഴുവന്‍ എടുത്തു കഴിഞ്ഞു. 

'' തൊണ്ണ് ഉണങ്ങിയിട്ടേ പല്ല് വെക്കാന്‍ പറ്റൂ. ഒരു മാസം കഴിഞ്ഞിട്ട് വരൂ '' പല്ലുകള്‍ മുഴുവനും എടുത്ത ശേഷം ഡോക്ടര്‍ പറഞ്ഞു.

'' നല്ലതന്നെ വെക്കാല്ലേ '' പിറ്റേന്ന് അമ്മ ചോദിച്ചു.

'' എന്താ സംശയം. എന്‍റെ അമ്മ സുന്ദരിയാവണ്ടേ '' ഞാന്‍ ചിരിച്ചു, അമ്മയും. ഡോക്ടര്‍ പറഞ്ഞതുപോലെ ഒരുമാസം കഴിഞ്ഞതും ഞങ്ങള്‍ ചെന്നു. അന്ന് അദ്ദേഹം അമ്മയുടെ പല്ലിന്‍റെ അളവെടുത്തു.

'' അടുത്ത തിങ്കളാഴ്ച വന്നോളൂ. പല്ല് വെച്ചിട്ടു പോവാം '' അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ഞങ്ങള്‍ ചെന്നു. ഡോക്ടര്‍ വെപ്പുപല്ല് വെച്ചുകൊടുത്തു.

'' എന്തെങ്കിലും വിഷമം തോന്നുന്നുണ്ടെങ്കില്‍ വന്നോളൂ. ശരിയാക്കി തരാം '' അദ്ദേഹം പറഞ്ഞു.

'' കാണുമ്പോള്‍ എങ്ങിനെയുണ്ട് '' തിരിച്ചു പോരുമ്പോള്‍ അമ്മ ചോദിച്ചു.

'' എന്താ ഒരു ചന്തം. ആരെങ്കിലും കണ്ണു വെക്ക്വോന്നാ എനിക്കു പേടി '' ഞാന്‍ പറഞ്ഞു.

'' അതേ, നമുക്ക് ഡോക്ടറെ ഒന്നു കാണണം. താഴത്തെ വരീലെ പല്ല് വെക്കുമ്പോള്‍ എന്തോ ഒരു അസ്കിത ''.

പിറ്റേന്ന് അമ്മയെക്കൂട്ടി ഡോക്ടറെ ചെന്നു കണ്ടു. അദ്ദേഹം വെപ്പുപല്ല് വാങ്ങി രാകി ശരിയാക്കി കൊടുത്തു.

'' ഇപ്പോള്‍ എങ്ങിനെയുണ്ട് '' അദ്ദേഹം അന്വേഷിച്ചു.

'' ഇപ്പൊ കുഴപ്പൂല്യാ '' അമ്മയ്ക്ക് തൃപ്തിയായി. പക്ഷെ അമ്മ അധിക ദിവസം ആ പല്ല് ഉപയോഗിച്ചില്ല. ചോദിച്ചാല്‍ '' വീട്ടിലിരിക്കുമ്പോള്‍ എന്തിനാ ആ കുന്ത്രാണ്ടം വായില്‍ തിരുകുന്നത് '' എന്നു പറയും.

അഞ്ചാറു മാസം കടന്നുപോയി. ഒരുദിവസം എന്തോ തിരയുന്ന കൂട്ടത്തില്‍ ഒരു ടിന്നില്‍ അമ്മ വെപ്പുപല്ല് സൂക്ഷിച്ചു വെച്ചിരിക്കുന്നത് കണ്ടു. 




'' അമ്മ പല്ല് വെക്കില്യാന്ന് ഉറപ്പിച്ച്വോ '' ഞാന്‍ അമ്മയോട് ചോദിച്ചു.

'' നിന്‍റെ ഓരോരോ കേനക്കേടേ. ആ കാശുണ്ടെങ്കില്‍ അര പവന്‍റെ മോതിരം വാങ്ങിക്കായിരുന്നു ''.

'' എന്നിട്ട് അത് വായില്‍ തിരുകി നടക്കാനോ '' അമ്മ അതിന് പ്രതികരിച്ചില്ല

ഞാന്‍ ഒരു കാര്‍ഡ്ബോര്‍ഡ് എടുത്തു. അതില്‍ കരിക്കട്ടകൊണ്ട് '' ഒരു സെറ്റ് പഴയ വെപ്പുപല്ല് കൊടുക്കാനുണ്ട്. ആവശ്യക്കാര്‍ സമീപിക്കുക '' എന്നെഴുതി അതിന്‍റെ ചുവടെ അമ്മയുടെ പേരും ചേര്‍ത്തു.

'' ഇത് ഒരു പട്ടികയില്‍ തറച്ച് റോഡോരത്ത് വെച്ചോട്ടെ അമ്മേ '' ഞാന്‍ അമ്മയെ സമീപിച്ച് ബോര്‍ഡ് കാണിച്ചുകൊടുത്തു. അമ്മ അക്ഷരങ്ങളിലൂടെ കണ്ണോടിച്ചു.

'' കല്യാണം കഴിഞ്ഞ് ഒരു കുട്ടിയായി. എന്നിട്ടും നിന്‍റെ കുട്ടിക്കളി വിട്ടിട്ടില്ല '' അമ്മ ആ കാര്‍ഡ്ബോര്‍ഡ് വലിച്ചെറിഞ്ഞു. മുറ്റത്തെ തുളസിത്തറയും കടന്ന് ഒരു ഓരത്ത് അത് പറന്നു വീണു.

Thursday, June 27, 2013

മറയുന്നതിന്നു മുമ്പ്.


'' തള്ളേ, വേണെങ്കില്‍ സാധനം വാങ്ങിനേ. അല്ലെങ്കില്‍ ആളെ മെനക്കെടുത്താതെ സ്ഥലം വിട് '' ഉച്ചത്തിലുള്ള ആക്രോശം കേട്ടപ്പോള്‍ ഞാന്‍ അങ്ങോട്ട് നോക്കി. വെള്ളത്തുണികൊണ്ട് തയ്ച്ച കയ്യില്ലാത്ത ബനിയനും കള്ളിമുണ്ടും ധരിച്ച ഒരു കച്ചവടക്കാരന്‍ സാധനം വാങ്ങാന്‍ എത്തിയ
വൃദ്ധയോട് കയര്‍ക്കുകയാണ്. ചുവപ്പു നിറം പൂണ്ട അയാളുടെ ഉണ്ടക്കണ്ണുകളും മുകളിലേക്ക് പിരിച്ചു വെച്ച കൊമ്പന്‍ മീശയും അയാളെ ഒരു ഭീകരനാക്കി.

'' അതല്ലടാ മകനേ '' ചാക്കില്‍ കൂമ്പലെ കൂട്ടി വെച്ച കപ്പല്‍ മുളകില്‍ കയ്യോടിച്ച് വൃദ്ധ പറഞ്ഞു   '' ഇതങ്ങന്നെ ചപ്പാണ് ''.

'' വില്‍ക്കാന്‍ വെച്ച ചരക്കില്‍ തൊട്ട് കുറ്റം പറഞ്ഞാലുണ്ടല്ലോ '' അയാള്‍ അലറി '' വയസ്സായി എന്നൊന്നും ഞാന്‍ നോക്കില്ല. ഒറ്റ ചവിട്ടിന് പണി തീര്‍ക്കും ''. ആ സ്ത്രീ എന്തെങ്കിലും
പറയുന്നതിന്നു മുമ്പ് കൂടെയുള്ളവര്‍ അവരെ അവിടെ നിന്നും കൂട്ടിക്കൊണ്ടു പോയി.

അര നൂറ്റാണ്ടിന്ന് മുമ്പത്തെ ആഴ്ച ചന്തയാണ് രംഗം. പറളി ഹൈസ്കൂളില്‍ ചേര്‍ന്ന ശേഷം
വല്ലപ്പോഴും ഞാന്‍ നാണിയമ്മയോടൊപ്പം ചന്തയ്ക്ക് പോവാറുണ്ട്. സാധനങ്ങള്‍ ചോദിച്ചു വാങ്ങാനൊന്നും എനിക്കറിയില്ല. അതൊക്കെ നാണിയമ്മ ചെയ്തോളും. ചന്തയിലെ പല വിധത്തിലുള്ള കാഴ്ചകള്‍ കാണാനുള്ള കൌതുകംകൊണ്ട് പോയിരുന്നു എന്നേയുള്ളു.

ബുധനാഴ്ച ദിവസങ്ങളിലാണ് പറളി ചന്ത. വളരെ കുറച്ച് വ്യാപാരികള്‍ മാത്രമേ ഇപ്പോള്‍
ചന്തയില്‍ എത്താറുള്ളു. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരും അധികമൊന്നുമില്ല. എന്നാല്‍
ആ കാലത്ത് ഇങ്ങിനെ ആയിരുന്നില്ല.

ചന്തയില്‍ എത്തുന്നതിന്നു മുമ്പുതന്നെ തിരക്ക് കാണാന്‍ കഴിയും. രണ്ടോ മൂന്നോ കോഴികളെ
കാലുകെട്ടി തൂക്കിപ്പിടിച്ച് വില്‍ക്കാന്‍ എത്തുന്നവരും അവരുടെ മുന്നില്‍ വിലപേശി വാങ്ങാന്‍
നില്‍ക്കുന്നവരും റോഡോരത്തുതന്നെ ഉണ്ടാവും. മണ്‍കലങ്ങളും തൊട്ടികളും ഓലപ്പായകളും
വില്‍ക്കാനെത്തുന്ന സ്ത്രീകളെയാണ് അവര്‍ക്കരികില്‍ കാണുക. പൊക്കവടയും സുഖിയനും വെല്ലപ്പവും ഒരു തട്ടില്‍ നിരത്തി വില്‍ക്കാനിരിക്കുന്ന മന്ദാടിയാരേയും, വിസ്തൃത മനപ്പാഠവും
കവളപ്പാറകൊമ്പനും സരോജിനിയുടെ കടുംകയ്യും പോലേയുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന
കച്ചവടക്കാരനേയും കടന്ന് അകത്തോട്ട് ചെന്നാല്‍ പടിഞ്ഞാറേ തലവരേയും അവിടെ നിന്ന്
വടക്ക് ഹൈസ്ക്കൂള്‍ പറമ്പ് വരേയും നീണ്ടു കിടക്കുന്ന ഓടുമേഞ്ഞ കെട്ടിടത്തില്‍ കച്ചവടക്കാര്‍
നിരന്നിരിക്കുന്നത് കാണാം. പച്ചക്കറി, പല വ്യഞ്ജനം തുടങ്ങിയവ വില്‍ക്കുന്നവരെ കൂടേതെ വളക്കാരന്‍ ചെട്ടിയാരും തോര്‍ത്തു മുണ്ടും ശീലക്കോണകവും പട്ടുകോണകവും വില്‍ക്കുന്ന കിഴവനും, ഉണക്ക മത്സ്യം വില്‍പ്പന ചെയ്യുന്ന വട്ടത്താടിക്കാരനും കച്ചവടക്കാരില്‍പെടുന്നു.

'' എന്തിനാ നാണിയമ്മേ അയാള് അവരെ ചവിട്ടിക്കൊല്ലും എന്ന് പറഞ്ഞത് '' ചന്തയില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു.

'' അവന്‍റെ സാധനത്തിനെ കുറ്റം പറഞ്ഞതിനാണ്. എന്നാലും അങ്ങിനെ പറയാന്‍ പാങ്ങുണ്ടോ. ഒന്നൂല്യെങ്കിലും വയസ്സായ തള്ളയല്ലേ അത്. അവന്‍ പറഞ്ഞത് ഈശ്വരന്‍ പൊറുക്കില്ല. ദൈവം വേണ്ടതുപോലെ കൊടുത്തോളും ആ ദുഷ്ടന് ''.

പിറ്റേന്ന് സ്കൂളിലേക്ക് പോവുന്ന വഴിയില്‍വെച്ചുതന്നെ ചന്തപ്പുരയ്ക്ക് സമീപം ലോറി തട്ടി ഒരാള്‍ മരിച്ചു എന്ന വിവരം അറിഞ്ഞു. സ്കൂളിലേക്കുള്ള എളുപ്പ വഴി ഉപേക്ഷിച്ച് അപകടം
നടന്ന ദിക്കിലേക്ക് ഞാന്‍ നടന്നു. അവിടെ പാര്‍സല്‍ ലോറിയുടെ പിന്‍ചക്രത്തിന്നു മുമ്പില്‍
കിടന്ന ശരീരം അയാളുടേതായിരുന്നു. മുറിക്കയ്യന്‍ ബനിയനും കള്ളിമുണ്ടും തന്നെയാണ് വേഷം. തുറിച്ച ചോരക്കണ്ണുകളും കൊമ്പന്‍ മീശയും അപ്പോഴും പേടിപ്പെടുത്തുന്ന മട്ടിലാണ്. മൂക്കില്‍ നിന്നും വായില്‍ നിന്നും മഞ്ഞ നിറത്തില്‍ കൊഴുത്ത ദ്രാവകം ഒഴുകിയത് കാണാം.

'' ഇന്നലെ ചന്ത പിരിഞ്ഞ ശേഷം ബാക്കി വന്നതൊക്കെ ചാക്കിലാക്കി ചായപ്പീടികയില്‍വെച്ചു
 പോയതാണ്. ഇന്ന് ബസ്സില്‍ വന്നിറങ്ങി അതെടുക്കാന്‍ റോഡ് ക്രോസ്സ് ചെയ്തപ്പോള്‍ ലോറി ഇടിച്ചതാണ് '' അപ്പോള്‍ സ്ഥലത്തെത്തിയ ആരോടോ അവിടെ നിന്നിരുന്ന ആള്‍ പറയുന്നത് കേട്ടു. കൂട്ടുകാരോടൊപ്പം പൊട്ടുകടല കൊറിച്ചുംകൊണ്ട് ഞാന്‍ അവിടെ നിന്നു. സ്കൂളില്‍
ബെല്ലടിച്ചപ്പോഴാണ് അവിടെ നിന്ന് പോന്നത്.

'' ഒരു ഓലപ്പായില്‍ അയാളെ ചുരുട്ടിക്കെട്ടി കാളവണ്ടിയില്‍ പാലക്കാട്ടേക്ക് കൊണ്ടുപോയി '' അത്ര നേരം ക്ലാസ്സില്‍ വരാതെ അവിടെത്തന്നെ നിന്നിരുന്ന സഹപാഠി ഇന്‍റര്‍വെല്‍ സമയത്ത് വന്ന് പറഞ്ഞു.

                                      - 2 -

'' ദാസേട്ടാ, വെള്ളം നോക്കാന്‍ ചെന്നതാണോ '' പാടത്തു നിന്ന് വലിയ വരമ്പിലേക്ക് കയറിയ എന്നോട് രാമകൃഷ്ണന്‍ ചോദിച്ചു.

'' ഇക്കുറി വരമ്പ് പൊതിയാന്‍ പറ്റിയില്ല. അതു കാരണം ഒരുപാട് കള്ളമ്പോടുണ്ട് '' ഞാന്‍
പറഞ്ഞു '' ദിവസവും നോക്കിയില്ലെങ്കില്‍ പാടത്ത് ഒരു തുള്ളി വെള്ളം ഉണ്ടാവില്ല ''.

രാമകൃഷ്ണന്‍ ചീട്ടുകളി ക്ലബ്ബിലെ അംഗമായിരുന്നു. വളരെക്കാലം ഒന്നിച്ച് നടന്നവരാണ് ഞങ്ങള്‍. കല്യാണത്തിന്നു മുമ്പ് വേലയ്ക്കും പൂരത്തിനും സിനിമയ്ക്കും നാടകത്തിനും
ഒന്നിച്ച് പോയിരുന്നതാണ്.

'' ഒരു ബീഡി വലിക്കിന്‍ '' ഡ്രോയര്‍ പോക്കറ്റില്‍ നിന്ന്  അയാള്‍ ഒരു കെട്ട് സാധുബീഡിയും
തീപ്പെട്ടിയും എടുത്തു. ബീഡിയും വലിച്ച് ഞങ്ങള്‍ വരമ്പത്ത് നിന്നു.

'' ദാസേട്ടാ, കുട്ടികള്‍ക്കൊക്കെ സുഖോല്ലേ '' അയാള്‍ വിശേഷം ചോദിച്ചു.

'' വലിയ കുഴപ്പമൊന്നും കൂടാതെ പോവുന്നു. തനിക്ക് വിശേഷിച്ച് ഒന്നൂല്യല്ലോ ''.

'' നമുക്കെന്ത് വിശേഷം. പത്ത് പത്തില് അങ്ങിനെ പോണൂ '' രാമകൃഷ്ണന്‍റെ വാക്കുകളില്‍
നിരാശ നിഴലിച്ചു.

'' എന്താടോ അങ്ങിനെ. തനിക്കെന്താ ഒരു പ്രയാസം പോലെ ''.

'' ഒന്നും പറയണ്ടാ. ജോലിടെ കാര്യം ആലോചിക്കുമ്പോള്‍ ഒരു സമാധാനവും ഇല്ല ''.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന കുറേ കാലം അയാള്‍ക്ക് ജോലിയുണ്ടായിരുന്നതാണ്.
പിന്നീട് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ട കൂട്ടത്തില്‍ അയാളും പെട്ടു. വീണ്ടും ആ ജോലി കിട്ടാന്‍ ശ്രമിക്കുകയാണ്.

'' വിഷമിക്കണ്ടടോ. ദൈവം തനിക്ക് വേറെന്തെങ്കിലും കണ്ടിട്ടുണ്ടാവും ''.

'' ഉവ്വ്. ആ ചങ്ങാതി നന്നെങ്കില്‍ ഞാന്‍ ഇത്ര കഷ്ടപ്പെടില്ല '' അയാളൊന്ന് നീട്ടിത്തുപ്പി.

'' വെറുതെ വേണ്ടാത്തത് പറയണ്ടാ. ഒക്കെ ശരിയാവും '' ഞാന്‍ ആശ്വസിപ്പിച്ചു. കുറെ നേരം
കൂടി ഞങ്ങള്‍ സംസാരിച്ചു നിന്നു.

തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഒരു സംഘടന ഉണ്ടാക്കിയിട്ടുണ്ടെന്നും പോയ ജോലി തിരിച്ചുകിട്ടാന്‍
ശ്രമിക്കുന്നുണ്ടെന്നും ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ അതിന്‍റെ ഫലം അറിയാമെന്നും അയാള്‍
പറഞ്ഞു.

'' അത് കിട്ടി ഒരു മാസത്തെ ശമ്പളം വാങ്ങീട്ട് ചത്താലും വേണ്ടില്ല '' അയാള്‍ നെടുവീര്‍പ്പിട്ടു.

'' ഈശ്വരന്‍ സഹായിക്കട്ടെ '' ഞാന്‍ ആ കൈകളില്‍ പിടിച്ചു.

'' കാണുമ്പോള്‍ കാണാം '' അയാള്‍ യാത്ര പറഞ്ഞു. രാമകൃഷ്ണന്‍ ആത്മഹത്യ ചെയ്ത വിവരമാണ് പിന്നീട് ഞാന്‍ അറിയുന്നത്.

                                                        - 3 -

ഒമ്പതു മണിക്ക് ബസ്സ് സ്റ്റോപ്പിലെത്തിയതാണ്. ആദ്യം വന്ന ബസ്സില്‍ നല്ല തിരക്ക്. അത് ഒഴിവാക്കി. അടുത്തതില്‍ കയറാം. പിന്നീട് രണ്ടു ബസ്സുകള്‍ ഒന്നിച്ചാണ് വന്നത്. രണ്ടും
നിര്‍ത്തിയില്ല. പിന്നീടു വന്ന ബസ്സുകളും നിറുത്താതെ പോയപ്പോള്‍ പരിഭ്രമമായി. സമയം
ഒമ്പതരയാവുന്നു. ഇനി ബസ്സ് കിട്ടാന്‍ വൈകിയാല്‍ സമയത്തിന്ന് ഓഫീസില്‍ എത്തില്ല.

'' എന്താടോ അടുപ്പില്‍ ചുറ്റി വിട്ട കോഴിയെപ്പോലെ താന്‍ ഇവിടെ കിടന്ന് തിരിയുന്നത്. ജോലിക്കൊന്നും പോണില്ലേ ''. ഞാന്‍ തിരിഞ്ഞു നോക്കി. എക്സിക്യുട്ടീവ് ഓഫീസര്‍
മണിയേട്ടനാണ്.

'' ഒമ്പത് മണിക്ക് എത്തിയതാണ്. ബസ്സൊന്നും നിര്‍ത്തിയില്ല '' ഞാന്‍ പറഞ്ഞു.

'' താന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിലാണെന്ന് അവര്‍ക്കറിയും. അതാ നിര്‍ത്താത്തത്. പോയാലും
പോയില്ലെങ്കിലും നിങ്ങള്‍ക്ക് കാശ് കിട്ട്വോലോ '' അദ്ദേഹം ഉറക്കെ ചിരിച്ചു.

അപ്പോഴേക്കും ഒരു ബസ്സെത്തി. ഗുരുവായൂരില്‍ നിന്നുള്ളതാണ്. വാകച്ചാര്‍ത്ത് തൊഴുത് പോന്ന കുറച്ചുപേര്‍ക്ക് ഇറങ്ങാന്‍ ബസ്സ് നിര്‍ത്തി.

'' വേഗം പോയി കയറെടോ '' മണിയേട്ടന്‍ പറഞ്ഞു. ഞാന്‍ ബസ്സില്‍ കയറി.

ഓഫീസ് സമയത്തിന്നു ശേഷം കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി മീറ്റിങ്ങില്‍
പങ്കെടുക്കേണ്ടി വന്നതിനാല്‍ അന്ന് വൈകിയാണ് തിരിച്ചെത്തിയത്.

'' കുട്ടി നമ്മുടെ മണിയേട്ടന്‍ പോയി '' പെട്ടിക്കട നടത്തുന്ന മോപ്പാന്‍ ബസ്സിറങ്ങി വന്ന എന്നെ വിളിച്ചു പറഞ്ഞു '' ഓഫീസില്‍ പണി ചെയ്യുമ്പോള്‍ ഹാര്‍ട്ട് നിന്നതാണ് ''. ഷോക്കേറ്റ പോലെ ഞാന്‍ നിന്നു. രാവിലെ സംസാരിച്ചു പിരിഞ്ഞതാണ്. മനുഷ്യജീവിതം ഇത്രയൊക്കെ ഉള്ളൂ.

'' വീട്ടില്‍ ചെന്നതും മണിയേട്ടന്‍റെ വീടുവരെ ഒന്ന് പോവണം. രാവിലെ വര്‍ത്തമാനം പറഞ്ഞു പിരിഞ്ഞതാണ്. എനിക്കൊന്ന് കാണണം '' ഞാന്‍ പറഞ്ഞു.

'' ദഹിപ്പിക്കല് കഴിഞ്ഞു. എന്നിട്ടാ ഞാന്‍ പോന്നത് ''മോപ്പാന്‍ പറഞ്ഞു. രാവിലെ ഞങ്ങള്‍
സംസാരിച്ചു നിന്ന ഭാഗത്തേക്ക് ഞാന്‍ നോക്കി.


                                                       - 4 -

'' മൊയ്ത്വോ, നാളെ ജനവരി ഒന്നാം തിയ്യതി ആണ് എന്ന് അറിയാലോ. ആറര ആവുമ്പോഴേക്ക് ഇവിടെ എത്തണം. ചീട്ടു കളിച്ച് തോറ്റിട്ട് ചെവീല് കൊടി വെച്ചാല്‍ അതൊരു വര്‍ക്കത്താ. ഒരു കൊല്ലത്തേക്ക് അതിന്‍റെ ഫലം കിട്ടും '' ചീട്ടുകളി കഴിഞ്ഞ് ക്ലബ്ബില്‍ നിന്ന് പോരുമ്പോള്‍ ചന്ദ്രന്‍
മാസ്റ്റര്‍ മൊയ്തുവിനോട് പറയുന്നത് കേട്ടു.

'' അതിനെന്താ. എപ്പൊ വേണച്ചാലും എത്താലോ '' മൊയ്തു മറുപടി പറഞ്ഞു.

'' തന്നോട് ഇനി പ്രത്യേകിച്ച് പറയണോ '' മാഷ് എന്നോട് ചോദിച്ചു.

'' വേണ്ടാ, ഞാന്‍ എത്തും '' ഞാന്‍ ഉറപ്പ് നല്‍കി.

പിറ്റേന്ന് വൈകുന്നേരം രാമചന്ദ്രനോടൊപ്പം സംസാരിച്ചിരിക്കുമ്പോഴാണ് ഓവര്‍ബ്രിഡ്ജിന്ന് സമീപം എന്തോ അപകടം നടന്ന വിവരം സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിക്കുന്നത്. എന്‍റെ ചെറിയ മകനെ വിവരം അന്വേഷിച്ചു വരാന്‍ ഞാന്‍ ഏല്‍പ്പിച്ചു. ബൈക്കുമായി പോയ അവന്‍ ഉടനെ തിരിച്ചെത്തി.

''  ഒരു ടാറ്റാ സുമോ ചന്ദ്രന്‍ മാസ്റ്ററെ ഇടിച്ചതാണ്. ചക്രം കാലില്‍ കയറിയിരുന്നു എന്നാണ് അറിഞ്ഞത്. അപ്പോള്‍ത്തന്നെ പാലക്കാട്ടേക്ക് കൊണ്ടുപോയി '' അവന്‍ പറഞ്ഞു. ഉടനെ ഞാന്‍ അജിതനെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു.

'' ഇപ്പോള്‍ തന്നെ ഞാന്‍ കാറുമായി വരാം. നീ ബാലന്‍ മാഷെ വിളിച്ച് വിവരം അറിയിക്ക് '' അജിതന്‍ പറഞ്ഞു.

കരുണ ഹോസ്പിറ്റലിലും വെല്‍കെയര്‍ ഹോസ്പിറ്റലിലും മാസ്റ്ററെ കണ്ടെത്താനായില്ല. ഞങ്ങള്‍ ജില്ലാ ആസ്പത്രിയിലേക്ക് തിരിച്ചു. അവിടേയും എത്തിയിട്ടില്ല. ഇനിയെന്തു വേണം എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ പാലന ഹോസ്പിറ്റലിലെ ആംബുലന്‍സ് എത്തി. അതില്‍ നിന്നും മാസ്റ്ററുടെ മകന്‍ കരഞ്ഞുകൊണ്ട് ഇറങ്ങി. ഞങ്ങള്‍ വേഗം അടുത്തേക്ക് ചെന്നു.

'' എന്‍റെ അച്ഛന്‍ പോയി '' പൊട്ടികരയുന്ന മകനെ എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ ഏല്‍പ്പിച്ച് തിരിച്ചു പോരുന്ന വഴി കടവത്തെത്തിയപ്പോള്‍ എത്രയോ കൊല്ലങ്ങളായി മാസ്റ്റര്‍ കൊണ്ടു നടന്ന ക്ലബ്ബിലേക്ക്  ഞാന്‍ നോക്കി.


                                                                  - 5 -

ചന്ദ്രന്‍ മാസ്റ്ററുടെ മരണത്തോടെ ക്ലബ്ബ് ഏതാണ്ട് നിര്‍ജ്ജീവമായി. മാസത്തിലൊരിക്കലോ മറ്റോ തുറന്ന് അടിച്ചു വാരും. കുറച്ചു നേരം അവിടെ ചിലവഴിക്കും. ക്ലബ്ബ് നില നിന്നിരുന്ന കെട്ടിടംഉടമസ്ഥന്‍ ഒരു ദിവസം പൊളിച്ചു മാറ്റിയതോടേ അതും തീര്‍ന്നു. താവളം
 നഷ്ടപ്പെട്ട ഞങ്ങള്‍റെയില്‍വേ സ്റ്റേഷനിലേക്ക് ചേക്കേറി. വൈകുന്നേരം ആറരയോടെ എത്തും. രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ഒഴിഞ്ഞ ചാരുബെഞ്ചില്‍ ഇരിക്കും. എട്ടു മണി വരെ നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞങ്ങിനെ കൂടും.

പതിവുപോലെ അന്നും ഞാനും അജിതനും ബാലന്‍ മാസ്റ്ററും മൊയ്തുവും ഒത്തുകൂടി.

'' ഇന്നെന്താ നമ്മടെ ആളെ കാണാത്തത് '' ഏഴുമണി കഴിഞ്ഞപ്പോള്‍ മൊയ്തു ചോദിച്ചു. മാധവന്‍ നായരെ ഉദ്ദേശിച്ചാണ് ആ ചോദ്യം.

'' ചിലപ്പോള്‍ കുന്നംകുളത്തേക്ക് പോയിട്ടുണ്ടാവും '' ഞാന്‍ പറഞ്ഞു. ഏഴര ആവുമ്പോഴേക്ക് മാധവന്‍ നായരെത്തി.

'' മാധവേട്ടാ  ഇന്നെന്താ ഇത്ര വൈകിയത് '' മൊയ്തു അന്വേഷിച്ചു.

'' അത്താഴംപൊറ്റക്കാവില്‍ പോയിരുന്നു. നേരം വൈകിയപ്പോള്‍ ഇന്നിനി പോരുന്നില്ല എന്ന് വിചാരിച്ചതാണ്. റോഡില്‍ കയറിയപ്പോള്‍ ഒരു ബസ്സ് വന്നുനിന്നു. ഞാനതില്‍ കേറി പോരും
ചെയ്തു ''.

'' അത് ഏതായാലും നന്നായി ''.

'' ദക്ഷിണ കൊടുത്തപ്പോള്‍ ശാന്തിക്കാരന്‍ തന്നതാണ്. ഇനി അതില്ലാത്ത കുറവ് വേണ്ടാ '' നെറ്റിയില്‍ തൊട്ട ചന്ദനവും പൂവും അദ്ദേഹം കാണിച്ചു തന്നു.

'' ഇഷ്ടാ, നമുക്ക് ഇങ്ങിനെയൊക്കെ ആയാല്‍ മതിയോ '' അത്താഴംപൊറ്റക്കാവും തിരുവഞ്ചി അമ്പലവും പുതുക്കി പണിയുന്ന വിവരങ്ങള്‍ വര്‍ണ്ണിച്ചതിന്നു ശേഷം പൊടുന്നനെ മാധവേട്ടന്‍
ചോദിച്ചു. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല.

'' എന്നും നമുക്ക് ഇങ്ങിനെ സ്റ്റേഷനില്‍ കൂടിയാല്‍ മതിയോ. രണ്ടു മൂന്ന്  മാസം കഴിഞ്ഞാല്‍
മഴക്കാലമാവും. പിന്നെ നമ്മള്‍ എവിടെ കൂടും ''. സത്യത്തില്‍ ഞങ്ങളാരും അതിനെക്കുറിച്ച്
ചിന്തിച്ചിരുന്നില്ല.

'' നമുക്ക് റോഡോരത്ത് നാലോ അഞ്ചോ സെന്‍റ് സ്ഥലം വാങ്ങിക്കാം. അതില് ഒരു രണ്ടു നില കെട്ടിടം ഉണ്ടാക്കണം. താഴെ പീടിക മുറികള്‍. മുകളില്‍ ഒരു ഹാള്‍. എന്തെങ്കിലും മീറ്റിങ്ങ് കൂടാന്‍ കെടക്കട്ടെ അങ്ങിനെയൊന്ന്. പിന്നെ ഒരു മുറി. പത്തുക്ക് പത്ത് മതി. നമുക്ക് കുറച്ചു നേരം ഇരിക്കാനും വേണച്ചാല്‍ ചീട്ടുകളിക്കാനും അതൊക്കെ ധാരാളം മതി '' ഒന്നു നിര്‍ത്തി അദ്ദേഹം തുടര്‍ന്നു '' നമ്മളെല്ലാവരും കുറേശ കാശെടുത്താല്‍ മതി. സംഗതി ക്ലീന്‍ ''. ആരും
ഒന്നും പറഞ്ഞില്ല. ഇത് നടപ്പിലാക്കാന്‍ പറ്റുമോ എന്ന സംശയത്തിലാണ് എല്ലാവരും.

'' എടോ, ആ സ്ഥലം കിട്ട്വോ എന്ന് താന്‍ ഒന്ന് അന്വേഷിക്ക് '' റെയില്‍വെ സ്റ്റേഷന്നടുത്തുള്ള സ്ഥലത്തെക്കുറിച്ചന്വേഷിക്കാന്‍ മാധവേട്ടന്‍ എന്നെ ഏല്‍പ്പിച്ചു.

നേരം ഏഴേ മുക്കാലായി. ബാലന്‍ മാസ്റ്റര്‍ എഴുന്നേറ്റു. അദ്ദേഹത്തിന്ന് പോവാനുള്ള ബസ്സ് എത്താറായി.

'' മാധവേട്ടാ, നിങ്ങള്‍ വരുന്നോ '' മാഷ് ചോദിച്ചു.

'' നിങ്ങള് നടന്നോ. ഞാന്‍ കുറച്ചു കഴിഞ്ഞിട്ടേയുള്ളു '' മാധവേട്ടന്‍ പോവാന്‍ ഒരുക്കമല്ല.

എട്ടുമണി കഴിഞ്ഞതും എല്ലാവരും എഴുന്നേറ്റു. എന്‍റെ വീട് സ്റ്റേഷനടുത്താണ്. മാധവേട്ടനും
മൊയ്തുവിനും തെക്കു ഭാഗത്തേക്ക് പോവണം. അജിതന് വടക്കു ഭാഗത്തേക്കും.

'' റെയില് കടക്കുമ്പോള്‍ തടഞ്ഞു വീഴണ്ടാ '' അജിതന്‍ അവരോട് പറഞ്ഞു. ആ നേരത്താണ്      '' സാര്‍ '' എന്നൊരു വിളി കേട്ടത്. ഒരു കോണ്ട്രാക്ടര്‍ മാധവേട്ടനെ വിളിച്ചതാണ്.

'' ഞാന്‍ ഇയാളുടെ കൂടെ ഈ വഴിക്ക് പോവുന്നു '' മാധവേട്ടന്‍ അയാളോടൊപ്പം നടന്നകന്നു.

കഴിഞ്ഞ രാത്രി വീട്ടിലേക്ക് പോവുന്ന വഴിക്ക് മാധവേട്ടനെ ബൈക്ക് ഇടിച്ച വിവരം പിറ്റേന്ന് ഒലവക്കോടുനിന്ന് രാധാകൃഷ്ണന്‍ വിളിച്ചു പറഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത്.

'' വിവരം അന്വേഷിച്ച് താന്‍ എന്നെ വിളിച്ചറിയിക്ക്വോ '' അദ്ദേഹം ചോദിച്ചു. ഞാന്‍ സമ്മതിച്ചു. പക്ഷെ അത് വേണ്ടി വന്നില്ല. അതിനുമുമ്പേ രാധാകൃഷ്ണന്‍ ഒരിക്കല്‍ കൂടി വിളിച്ചു.

'' മാധവേട്ടന്‍ പോയി. ബോഡി പാലനയിലുണ്ടത്രേ ''.

  മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ എടുക്കുന്നതിന്നു മുമ്പ് ഞാനും അജിതനും ബാലന്‍
മാസ്റ്ററും ആസ്പത്രിയിലെത്തി. മോഹങ്ങള്‍ ബാക്കിവെച്ച് വേര്‍പിരിഞ്ഞ മാധവേട്ടന്‍റെ ദേഹം
ടേബിളില്‍ കിടപ്പുണ്ടായിരുന്നു.

Sunday, January 27, 2013

നന്മയിലേക്ക് ഒരു ചുവടുവെപ്പ്.

ആസ്പത്രിയില്‍ ആരേയോ കാണാന്‍ ചെന്നപ്പോഴാണ് ഞാന്‍ അവരെ കണ്ടത്. ഓട്ടോ റിക്ഷയില്‍ ആ അമ്മയും മകനും കാഷ്വാലിറ്റിക്കു മുമ്പില്‍ വന്നിറങ്ങി. പത്തമ്പത്തഞ്ച് 
വയസ്സാവും ആ സ്ത്രീക്ക്. വെള്ള ബ്ലൌസും മല്ലുമുണ്ടുമാണ് വേഷം. ഒരു ഇര്‍ക്കില കരയന്‍ 
വേഷ്ടി തോളിലൂടെ ഇട്ടിട്ടുണ്ട്. എന്തെല്ലാമോ കുത്തി നിറച്ച ഒരു പ്ലാസ്റ്റിക്ക്സഞ്ചി ഇടത്തെ കയ്യില്‍ തൂക്കിപ്പിടിച്ചിട്ടുണ്ട്. 


മുഷിഞ്ഞൊരു ഡബിള്‍വേഷ്ടിയും അതിലേറെ മുഷിഞ്ഞ ഫുള്‍ കൈ ഷര്‍ട്ടുമാണ് ചെറുപ്പക്കാരന്‍ അണിഞ്ഞിരുന്നത്. ചകിരിപോലത്തെ എണ്ണമയമില്ലാത്ത മുടി ചീകിയ മട്ടില്ല. കറുത്ത താടി മുഖത്തിന്ന് ഒരു ആവരണമായി തോന്നും. ആ അമ്മയുടെ തോളില്‍ 
പിടിച്ച് കഷ്ടപ്പെട്ടാണ് അയാള്‍ അകത്തേക്ക് ചെന്നത്.


 '' പത്തു പതിനഞ്ചു ദിവസമായി ഇവന് ഒരേ പനി '' ആ സ്ത്രീ ഡ്യൂട്ടി ഡോക്ടറോട് പറയുന്നതു കേട്ടു.


'' എന്നിട്ട് എന്താ ചെയ്തത് '' ഡോക്ടര്‍ അന്വേഷിച്ചു.



'' മൂത്താരുടെ മരുന്നു കടേന്ന് ഗുളിക വാങ്ങി കൊടുത്തിട്ടുണ്ട് ''.



'' ബ്ലഡ് ചെക്ക് ചെയ്യേണ്ടി വരും '' അയാളെ പരിശോധിച്ച ശേഷം ഡോക്ടര്‍  പറഞ്ഞു.


'' നിന്‍റെ കയ്യില്‍ കാശുണ്ടോടാ മകനേ '' അയമ്മ മകനോട് ചോദിക്കുന്നത് കേട്ടു.



ആ രംഗം പിന്നീട് പലപ്പോഴും മനസ്സില്‍ എത്തി. നിസ്സഹായയായ അമ്മ മകന്‍റെ ചികിത്സയ്ക്കു വേണ്ടി കഷ്ടപ്പെടുന്ന പല രംഗങ്ങള്‍ കണ്‍ മുന്നിലൂടെ കടന്നുപോവുന്നതു പോലെ. അത് വികസിച്ച് രൂപാന്തരം പ്രാപിച്ച് ഒരു കഥയായി മാറി.



'' നന്മയിലേക്ക് ഒരു ചുവടുവെപ്പ് '' എന്ന എന്‍റെ രണ്ടാമത്തെ നോവലിന്‍റെ ജനനം 
അങ്ങിനെയാണ്. 2011 മെയ് 5 നാണ് നോവല്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തു തുടങ്ങിയത്. ഇന്നലെ ( 2013 ജനവരി 26 ) അത് പൂര്‍ത്തീകരിച്ചു. അറുപത്തി മൂന്ന് അദ്ധ്യായങ്ങളുള്ള ഈ നോവല്‍ എഴുതിക്കൊണ്ടിരിക്കുന്നതിന്നിടയില്‍തന്നെ 32 അദ്ധ്യായങ്ങളുള്ള എന്‍റെ മൂന്നാമത്തെ നോവലായ '' നിഴലായ് എന്നുമൊപ്പം '' 32 ദിവസംകൊണ്ട് തീര്‍ക്കാനായി.


മാര്‍ക്കറ്റിങ്ങ് രംഗത്ത് ജോലി ചെയ്യുന്നവരുടെ പ്രയാസങ്ങളിലേക്ക് വിരല്‍ 
ചൂണ്ടുന്നതോടൊപ്പം സ്വന്തം കുടുംബം നില നിര്‍ത്താന്‍ പട പൊരുതുന്ന ഒരു പാവം വീട്ടമ്മയുടെ കഥയാണ് ഈ നോവല്‍.


മാസങ്ങളോളമുള്ള ഒരു യജ്ഞം പൂര്‍ത്തിയാവുന്നതിലുള്ള  സംതൃപ്തി  ഓരോ നോവല്‍ എഴുതി കഴിയുമ്പോഴും എനിക്ക് അനുഭവപ്പെടാറുണ്ട്. അനൂപും ഇന്ദിരയും ഗോപാലകൃഷ്ണനും പ്രദീപും മനസ്സില്‍ നിന്ന് ഇറങ്ങി പോയി. അതോടെ എന്തോ ഒരു സുഖം തോന്നുന്നു.

Tuesday, January 1, 2013

വിവാഹ സമ്മാനം. 

വേനല്‍ കാലത്തെ ഒരു ദിവസം. സന്ധ്യ മയങ്ങിക്കഴിഞ്ഞു. വീടിന്‍റെ ഉമ്മറത്താഴ്വാരത്തില്‍ ഞങ്ങള്‍ ഇരിക്കുകയാണ്. പൊടുന്നനെ റെയിലോരത്തുകൂടി ഒരു പെട്രോമാക്സ് വിളക്കിന്‍റെ വെളിച്ചത്തില്‍ കുറെപേര്‍ നടന്നുപോകുന്നത് കണ്ടു.

'' മുത്തശ്ശി, അത് നോക്കൂ '' ഞാന്‍ ചൂണ്ടിക്കാണിച്ചു '' എവിടേക്കാ അവരൊക്കെ പോണത് ''.

മുത്തശ്ശി അങ്ങോട്ടേക്ക് നോക്കി '' ആറുപുഴയില് കല്യാണം ഉണ്ട് എന്ന് തോന്നുന്നു. ആണിന്‍റെ ആള്‍ക്കാരാവും ആ പോണത് ''.

കല്യാണം എന്നാല്‍ എന്താണെന്ന് അറിഞ്ഞുകൂടാത്ത പ്രായം. ഞാന്‍ മുത്തശ്ശിയോട് സംശയം ചോദിച്ചു.

'' അതോ ആണുങ്ങള്‍ പെണ്ണുങ്ങള്‍ക്ക് പുടവ കൊടുക്കുന്നതാണ് കല്യാണം ''.

'' അപ്പൊ ഞാന്‍ എപ്പഴാ മുത്തശ്ശ്യേ പുടവ കൊടുക്ക്വാ ''.

'' ചെക്കന്‍റെ ഒരു ചോദ്യം കേട്ടില്ലേ '' അമ്മയ്ക്ക് ദേഷ്യം വന്നു '' ഇനി അത് കഴിഞ്ഞിട്ടു മതി മൂന്നാം ക്ലാസ്സില്‍ നിന്ന് നാലിലേക്ക് പോണത് ''.

ആദ്യമായി ഞാന്‍ ഒരു കല്യാണത്തില്‍ പങ്കു കൊള്ളുന്നത് അതിനടുത്ത കൊല്ലമാണെന്ന് തോന്നുന്നു.

അതും പുടമുറി കല്യാണമായിരുന്നു. വൈകുന്നേരത്തോടെ മുത്തശ്ശി എന്‍റെ കയ്യും പിടിച്ച് കല്യാണ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയതും '' കുറുമ്പ് കാട്ടാതെ കുട്ടികളോടൊപ്പം ഇരുന്നോളണം '' എന്നും പറഞ്ഞ് മുത്തശ്ശി എന്നെ പന്തലിലാക്കി ഉള്ളിലേക്ക് പോയി.

മറ്റു കുട്ടികള്‍ എന്നെ ശ്രദ്ധിക്കുന്ന മട്ടില്ല. ഞാന്‍ പുറകിലെ ഒരു കസേലയില്‍ ഇരിപ്പുറപ്പിച്ചു. ഇരുട്ട് പരക്കുന്നതിന്ന് മുമ്പേ പന്തലില്‍ പെട്രോമാക്സ് വിളക്ക് തെളിഞ്ഞു. വീട്ടിലേക്ക് വരുന്ന വഴിയില്‍സ്റ്റാന്‍ഡില്‍ ഉറപ്പിച്ച ഗ്യാസ് ലൈറ്റുകളാണ്.

 '' കല്യാണക്കാരെത്തി '' ആരോ വിളിച്ചു പറഞ്ഞു. പൊടുന്നനെ ഒരു തിരക്ക്. ഒരു സംഘം ആളുകള്‍ പന്തലിലേക്ക് കടന്നു. വിവാഹ ചടങ്ങുകളെക്കുറിച്ചുള്ള നേരിയ ഓര്‍മ്മപോലും എനിക്കില്ല.

'' കുട്ടികള്‍ക്ക് ആദ്യം കൊടുക്ക്വാ. അതേള് കിടന്ന് ഉറങ്ങണ്ടാ '' എന്ന് ഏതോ കാരണവര്‍ വിളിച്ചു പറയുന്നത് കേട്ട് മറ്റു കുട്ടികളോടൊപ്പം മുറ്റത്തെ പന്തലില്‍ വിരിച്ച പുല്ലുപായയില്‍ ചെന്നിരുന്ന് വാഴയിലയില്‍ വിളമ്പിയ ചോറും കറികളും പായസവും ഞാനും വാരി തിന്നു.

പിന്നെ ഓര്‍മ്മയിലുള്ള കല്യാണങ്ങളെല്ലാം തന്നെ പകല്‍ നേരത്താണ്. ബന്ധുഗൃഹങ്ങളില്‍ നടക്കുന്ന വിവാഹങ്ങളില്‍ മാത്രമേ ആ കാലത്ത്  വീട്ടുകാര്‍ സംബന്ധിക്കാറുള്ളു. അതിനാല്‍ വളരെ വിരളമായേ ഞാന്‍ കല്യാണങ്ങളില്‍ പങ്കു കൊണ്ടിട്ടുള്ളു. മിക്ക വിവാഹങ്ങളും വീടുകളിലാണ് നടത്തുക. ചിലത് ഏതെങ്കിലും ക്ഷേത്രങ്ങളിലാവും. കല്യാണമണ്ഡപങ്ങള്‍ തീര്‍ത്തും ഇല്ലായിരുന്നു. വീട്ടുമുറ്റത്താണ് പന്തല്‍ ഒരുക്കുക.

പന്തലില്‍ പ്രവേശിക്കുന്ന അതിഥികളുടെ ദേഹത്ത് പനിനീര്‍ തളിക്കുന്നത് കുട്ടികളാണ്. ഒരിക്കലും അതിനുള്ള അവസരം എനിക്ക് കിട്ടിയിട്ടില്ല. തലയിലും കൈകളിലും വീഴുന്ന പനിനീര്‍ത്തുള്ളികള്‍ കൈകൊണ്ടു തുടച്ച് അതും വാസനിച്ച് ഞാന്‍ ചടങ്ങുകള്‍ നോക്കിയിരിക്കും. നാദസ്വരത്തിന്‍റേയും തകിലുവാദ്യത്തിന്‍റേയും അകമ്പടിയോടെ താലി കെട്ടുന്നതും മാലയിടുന്നതും കൌതുകത്തോടെ നോക്കി നില്‍ക്കും. അതിന്നു ശേഷമാണ് സദ്യ തുടങ്ങുക.

മുതിര്‍ന്ന് ജോലിയൊക്കെ കിട്ടിയതിന്ന് ശേഷമാണ് ബന്ധുക്കളല്ലാത്തവരുടെ വിവാഹങ്ങളില്‍ പങ്കു കൊള്ളുന്നത്. പഠിപ്പു കഴിഞ്ഞ് ജോലി കിട്ടിയിട്ട് അധികം ആയിട്ടില്ല. വളയന്‍ കുന്നിലെ മനയ്ക്കല്‍ പിറ്റേന്ന് വിവാഹമാണ്.

'' നീ മനയ്ക്കല്‍ ചെന്ന് ആളെ കാണിച്ച് വല്ലതും സഹായിക്ക് '' രാത്രി ഊണു കഴിക്കുന്ന സമയത്ത് അമ്മ പറഞ്ഞു '' വാല്യേകാരായാല്‍ അതൊക്കെ വേണം. നാളെ മേലാല്‍ നമുക്കും ആവശ്യം വരും ''.

ടോര്‍ച്ചുമായി ഞാന്‍ ചെന്നു. എന്നെ കൂടാതെ വേറേയും എട്ടുപത്തുപേരുണ്ട്. ചിലര്‍ പാചകക്കാരെ സഹായിക്കാന്‍ നില്‍ക്കുന്നു. വേറെ ചിലര്‍ പന്തലും പരിസരവും അലങ്കരിക്കാന്‍ ഒരുങ്ങുകയാണ്.

'' താന്‍ വാടോ. നമുക്ക് കാനോപ്പി ഉണ്ടാക്കാം '' സിഗററ്റും വലിച്ച് പന്തല്‍ പണി നോക്കിയിരിക്കുന്ന ഏട്ടന്‍ രാജ എന്നോട് പറഞ്ഞു. അദ്ദേഹം ഡ്രോയിങ്ങ് മാസ്റ്ററായി ജോലി ചെയ്ത ആളാണ്. വിവിധ നിറത്തിലുള്ള വര്‍ണ്ണ കടലാസുകള്‍ അദ്ദേഹം പല ഡിസൈനുകളില്‍ വെട്ടിയുണ്ടാക്കി. അതെല്ലാം ഞാന്‍ മനോധര്‍മ്മമനുസരിച്ച് പന്തലില്‍ തൂക്കിയ മല്ലുമുണ്ടിന്‍റെ മേല്‍ത്തട്ടിയില്‍ പല ഭാഗത്തായി ഒട്ടിച്ചു.

'' കേമായിട്ടുണ്ട്. തനിക്ക് നല്ല കലാബോധം ഉണ്ട്‌ട്ടോ.  '' എല്ലാം കഴിഞ്ഞപ്പോള്‍ ഏട്ടന്‍ രാജ എന്നെ അഭിനന്ദിച്ചു.

ഇടയ്ക്കിടയ്ക്ക് കിട്ടുന്ന ചായയും കുടിച്ച് സിഗററ്റും ബീഡിയും മാറി മാറി വലിച്ച് അര്‍ദ്ധരാത്രി കഴിഞ്ഞും ഞങ്ങള്‍ അവിടെ കൂടി. ഉറക്കം കീഴ്പ്പെടുത്തിയപ്പോള്‍ പന്തലില്‍ പുല്ലുപായ വിരിച്ച് എല്ലാവരും കിടന്നു. പിറ്റേന്നു കാലത്ത് വീട്ടില്‍ ചെന്ന് കുളിച്ചൊരുങ്ങി ചെന്ന ഞാന്‍ കല്യാണം കഴിഞ്ഞ് വധുവുമായി വരന്‍റെ സംഘം പോവുന്നതുവരെ ആദ്യാവസാനക്കാരനായി അവിടെത്തന്നെ ഉണ്ടായിരുന്നു.

സദ്യയുടെ വിഭവങ്ങള്‍ അന്നും ഇന്നും മിക്കവാറും ഒരുപോലെതന്നെയാണ്. എന്നാല്‍ വൈകുന്നേരം നടത്തുന്ന ചായ സല്‍ക്കാരത്തിന്‍റെ കാര്യത്തില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട്.

വരന്‍റെ വീട്ടില്‍ കല്യാണത്തോടനുബന്ധിച്ച് ചായ സല്‍ക്കാരമാണ് പതിവ്. വധുവിനെ വിരുന്നു കൂട്ടി കൊണ്ടു വരുന്നതിനോടനുബന്ധിച്ച് അടുത്ത ബന്ധുക്കള്‍ക്കു മാത്രം ചെറിയൊരു സദ്യയുണ്ടാവും. 

ലഡ്‌ഡു, ജിലേബി, മൈസൂര്‍പ്പാവ് എന്നിവയിലൊരെണ്ണം, ലേശം മിക്സ്ചറോ, കായ വറുത്തതോ, ഒന്നോ രണ്ടോ ബിസ്ക്കറ്റ്, ഒരു പച്ചനാടന്‍ പഴം എന്നിവയായിരിക്കും ചായ സല്‍ക്കാരത്തിന്നുള്ള സ്ഥിരം വിഭവങ്ങള്‍.  പേപ്പര്‍ പ്ലേറ്റുകള്‍ വരുന്നതിന്നു മുമ്പ് പ്ലേറ്റുകളും കപ്പുകളും വാടകയ്ക്ക് എടുക്കുകയായിരുന്നു.

വിവാഹത്തിനെത്തുന്നവര്‍ വധുവരന്മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. മിക്കവരും സ്റ്റീല്‍ പാത്രങ്ങളാണ് സമ്മാനമായി നല്‍കുക. പക്ഷെ ഭൂരിഭാഗം ആളുകളും കവറിനകത്ത് പണം വെച്ചു നല്‍കും. കിട്ടുന്ന തുക പന്തലില്‍ വെച്ചു തന്നെ ഒരു പുസ്തകത്തില്‍ കുറിച്ചു വെക്കുന്ന രീതി ചിലയിടങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങിനത്തെ ഒരു അനുഭവം മനസ്സില്‍ മായതെ കിടപ്പുണ്ട്.

വിവാഹത്തോടനുബന്ധിച്ച സല്‍ക്കാരത്തില്‍ ഞാന്‍ പങ്കുകൊള്ളാന്‍ ചെന്നതായിരുന്നു. എന്‍റെ ഒരു പരിചയക്കാരനാണ് അവിടെ പണം വാങ്ങി പുസ്തകത്തില്‍ എഴുതി വെക്കുന്നത്. കുറച്ചു നേരം അയാള്‍ എന്നോട് ഒപ്പമിരിക്കാന്‍ ആവശ്യപ്പെട്ടു. ആളുകള്‍ കൊടുക്കുന്ന സംഖ്യ അയാള്‍ ബുക്കില്‍ കുറിച്ചു വെക്കുന്നത് ഞാന്‍ നോക്കിയിരുന്നു. ഇരുപത്തഞ്ച് ഉറുപ്പിക, പത്തുറുപ്പിക, അഞ്ചുറുപ്പിക എന്നിവയാണ് മിക്കവരും നല്‍കിയിട്ടുള്ളത്. ഏതോ ഒരാള്‍ മാത്രം നൂറു രൂപ നല്‍കിയിരിക്കുന്നു.

'' ചെക്കന്‍റെ വാപ്പയുടെ മുതലാളി എത്തിച്ചതാണ് '' പുസ്തകത്തില്‍ എഴുതുന്നതിന്നിടെ സുഹൃത്ത് പറഞ്ഞു.

അപ്പോഴാണ് ആ സ്ത്രി എത്തിയത്. ഉടുത്ത മുണ്ടിന്‍റെ കോന്തലയഴിച്ച് ഇരുപത്തഞ്ചു പൈസയുടെ  കുറച്ച് നാണയങ്ങള്‍ അവര്‍ നീട്ടി. കൂട്ടുകാരന്‍ അതു വാങ്ങി എണ്ണുന്നത് കണ്ടു. എട്ടെണ്ണമാണ് ആ സ്ത്രീ തന്നത്

'' എന്താ പേര് എഴുതണ്ടത് '' പണം മേശവലിപ്പിലിട്ട് സുഹൃത്ത് ചോദിച്ചു.

'' പേരൊന്നും എഴുതണ്ടാ. എന്‍റേല് ഇതേയുള്ളു '' അവര്‍ പാര്‍ട്ടി നടക്കുന്ന ഇടത്തേക്ക് പോയി.

കാലം കടന്നു പോവുന്നതിനോടൊപ്പം മറ്റെല്ലാ രംഗങ്ങളിലെപോലെ വിവാഹ ആഘോഷങ്ങള്‍ക്കും മാറ്റങ്ങളുണ്ടായി. വീടുകളില്‍വെച്ച് വിവാഹം നടത്തുന്ന രീതി തീരെ ഇല്ലാതായിട്ട് കാലം കുറച്ചായി. 

ജനം കല്യാണമണ്ഡപങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും ഒരുപോലെ നിരവധി കല്യാണ മണ്ഡപങ്ങള്‍ ഉടലെടുത്തു. പൂട്ടി കിടന്ന സിനിമ തിയേറ്ററുകള്‍ രൂപം മാറി വിവാഹവേദിയായി. കല്യാണമണ്ഡപത്തിന്‍റെ ഒഴിവനുസരിച്ച് വിവാഹ ദിവസം നിശ്ചയിക്കുന്ന മട്ടിലേക്ക് കാര്യങ്ങള്‍ നീങ്ങി.

ഭക്ഷണം കഴിക്കാന്‍ ആരെങ്കിലും വന്നു വിളിച്ചാല്‍ മാത്രം  ചെന്ന് നിലത്ത് വിരിച്ച പുല്ലുപായയില്‍ സ്ഥലം പിടിക്കുന്നതിന്നു പകരം അടച്ചിട്ട ഡൈനിങ്ങ് ഹാളിന്നു മുമ്പില്‍ അക്ഷമരായി കാത്തുനിന്ന് വാതില്‍ തുറക്കുമ്പോള്‍ തിക്കും തിരക്കും കൂട്ടി അകത്തേക്ക് തള്ളി കയറുന്ന രീതി നിലവില്‍ വന്നു.

കടലാസു പ്ലേറ്റില്‍ ലഡ്ഢുവും മിക്സ്ചറും ബിസ്ക്കറ്റും പഴവുമൊക്കെ അതിഥികളുടെ മുന്നില്‍ എത്തിക്കുന്നതിന്നു പകരം  പ്ലേറ്റും കയ്യിലെടുത്ത് വിളമ്പുകാരന്‍റെ മുന്നില്‍ കൈ നീട്ടി നില്‍ക്കുന്ന സമ്പ്രദായം ആയതോടെ സല്‍ക്കാര ചടങ്ങുകള്‍ക്കും മാറ്റങ്ങളായി.

'' സമ്മാനങ്ങള്‍ ഒഴിവാക്കുക, സാന്നിദ്ധ്യമാണ് ഏറ്റവും നല്ല സമ്മാനം '' തുടങ്ങിയ വാചകങ്ങള്‍ ചില കല്യാണക്കുറികളില്‍ ചേര്‍ത്തു കാണാറുണ്ടെങ്കിലും തിളങ്ങുന്ന കടലാസ്സില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക്ക് ക്യാരി ബാഗിലിട്ടു കൊണ്ടുവരുന്ന സമ്മാനപ്പൊതികളും കറന്‍സി നോട്ടുകളിട്ട കവറുകളും  വധു വരന്മാര്‍ക്ക് സമ്മാനം നല്‍കുന്ന പതിവ് ഇപ്പോഴുമുണ്ട്.  ചിലപ്പോഴെങ്കിലും ഇത്തരം സമ്മാനങ്ങള്‍ ബുദ്ധിമുട്ടായി മാറാറുണ്ട്.

മക്കളുടെ വിവാഹം കഴിഞ്ഞ സമയം. ഒരു സൌഹൃദ സംഭാഷണത്തിനിടെ വിവാഹ സമ്മാനങ്ങള്‍ ചര്‍ച്ചാ വിഷയമായി.

'' എന്തൊക്കെയാടോ സമ്മാനങ്ങള്‍ കിട്ടിയത് '' ഒരു സുഹൃത്ത് ചോദിച്ചു. ഓര്‍മ്മയില്‍ നിന്ന് ഞാന്‍ ആ ലിസ്റ്റ് പറഞ്ഞു തുടങ്ങി.

ഗണപതി പൊട്ടിയത് - ഒന്ന്, പൊട്ടാത്തത് മൂന്ന്.
ശിവന്‍ - ഒന്ന്.
മഹാലക്ഷ്മി - രണ്ട്.
സരസ്വതി - ഒന്ന്.
രാധയും കൃഷ്ണനും - നാല്.
നോണ്‍ സ്റ്റിക്ക് തവ - എട്ട്.

'' മതി, മതി '' സുഹൃത്ത് തടഞ്ഞു '' ഇതിലും വെച്ച് ഗംഭീരന്‍ ഒന്ന് എന്‍റെ മകന് കിട്ടി ''.

'' എന്താ സാധനം '' ഞാന്‍ ചോദിച്ചു.

'' ഒരു കവറ്. പേരെഴുതാത്ത ബ്രൌണ്‍ കവറ് ''.

'' ആളെ മനസ്സിലാക്കണ്ടാ എന്ന് വിചാരിച്ചാവും '' ഞാന്‍ പറഞ്ഞു.

'' ആയിരിക്കും. കാരണം അതിനകത്ത് ഒന്നും ഉണ്ടായിരുന്നില്ല ''.

രണ്ടു രൂപ കല്യാണ സമ്മാനം നല്‍കി പേരു പറയാതെ പോയ സ്ത്രീയെ എനിക്ക് ഒര്‍മ്മ വന്നു.





എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍ .