Friday, July 19, 2013

വെപ്പുപല്ല് വേണോ ?


'' എന്തിനാ ഈ കേടുവന്ന പല്ലൊക്കെ വെച്ചോണ്ടിരിക്കുന്നത്. എന്നിട്ട് എപ്പോഴും പല്ലു വേദനിക്കുന്നൂ എന്ന ആവലാതീം. ഒക്കെ അങ്ങിട്ട് പറിച്ചു കളഞ്ഞൂടേ '' പ്രമേഹത്തിന്ന് പതിവായി ചികിത്സയ്ക്ക് ചെല്ലുന്ന കൂട്ടത്തില്‍ കുറച്ചു ദിവസങ്ങളായി അനുഭവപ്പെട്ടു വരുന്ന പല്ലുവേദനയെക്കുറിച്ച് അമ്മ പരാതി പറഞ്ഞതിന്ന് ചന്ദ്രന്‍ ഡോക്ടര്‍ മറുപടി നല്‍കിയതാണ്.

'' മുഴുവനും എടുത്തു കളഞ്ഞാല്‍ എന്തെങ്കിലും കടിക്കണച്ചാല്‍
 എന്താ ചെയ്യാ എന്നു വിചാരിച്ചിട്ടാണ് '' അമ്മ വിഷമം അറിയിച്ചു.

'' അതിനല്ലേ വെപ്പുപല്ല് '' ഡോക്ടര്‍ പറഞ്ഞു '' നല്ല സെറ്റ് പല്ല് വെപ്പിച്ചാല്‍ ശരിക്കുള്ള പല്ലുപോലെത്തന്നെയുണ്ടാവും ''. അമ്മ എന്‍റെ മുഖത്തേക്ക് നോക്കി.

'' ശരി സാര്‍, അങ്ങിനെ ചെയ്തോളം '' ഞാന്‍ സമ്മതിച്ചു.

'' വെപ്പുപല്ല് വെച്ചാല്‍ നന്നായിരിക്കും അല്ലേ '' തിരിച്ചു പോരുമ്പോള്‍ അമ്മ ചോദിച്ചു.

'' പിന്നെന്താ, മുടിയൊന്ന് കറുപ്പിക്കുംകൂടി ചെയ്താല്‍ എന്‍റെ അനിയത്തിയാണെന്നേ ആളുകള് കരുതൂ ''.

'' മിണ്ടാണ്ടിരുന്നോ. നിന്‍റെയൊരു തമാശ '' അമ്മ എന്നെ ശാസിച്ചുവെങ്കിലും ആ മുഖം സന്തോഷം നിറഞ്ഞിരുന്നു.

ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഡെന്‍റിസ്റ്റിനെത്തന്നെ സമീപിച്ചു. ഒന്നരാടം ദിവസങ്ങളിലാണ് പല്ല് പറിക്കുക. ആ സമയത്ത് എന്‍റെ മൂത്ത മകന് രണ്ടു വയസ്സ് ആയിട്ടേയുള്ളു. അവനേയും എടുത്ത് അമ്മ ബസ്സില്‍ പാലക്കാടെത്തും. ഓഫീസ് ജോലി കഴിഞ്ഞ ശേഷം സ്റ്റോപ്പില്‍  കാത്തുനിന്ന് ഞാന്‍ അവരെ കൂട്ടിക്കൊണ്ട് പോവും. അമ്മയുടെ പല്ലു വലിക്കുന്ന നേരം ഞാന്‍ വാങ്ങിക്കൊടുത്ത ചോക്ലേറ്റും രുചിച്ച് മകന്‍ എല്ലാം നോക്കിയിരിക്കും. ഏതാനും ദിവസംകൊണ്ട് പല്ലുകള്‍ മുഴുവന്‍ എടുത്തു കഴിഞ്ഞു. 

'' തൊണ്ണ് ഉണങ്ങിയിട്ടേ പല്ല് വെക്കാന്‍ പറ്റൂ. ഒരു മാസം കഴിഞ്ഞിട്ട് വരൂ '' പല്ലുകള്‍ മുഴുവനും എടുത്ത ശേഷം ഡോക്ടര്‍ പറഞ്ഞു.

'' നല്ലതന്നെ വെക്കാല്ലേ '' പിറ്റേന്ന് അമ്മ ചോദിച്ചു.

'' എന്താ സംശയം. എന്‍റെ അമ്മ സുന്ദരിയാവണ്ടേ '' ഞാന്‍ ചിരിച്ചു, അമ്മയും. ഡോക്ടര്‍ പറഞ്ഞതുപോലെ ഒരുമാസം കഴിഞ്ഞതും ഞങ്ങള്‍ ചെന്നു. അന്ന് അദ്ദേഹം അമ്മയുടെ പല്ലിന്‍റെ അളവെടുത്തു.

'' അടുത്ത തിങ്കളാഴ്ച വന്നോളൂ. പല്ല് വെച്ചിട്ടു പോവാം '' അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ഞങ്ങള്‍ ചെന്നു. ഡോക്ടര്‍ വെപ്പുപല്ല് വെച്ചുകൊടുത്തു.

'' എന്തെങ്കിലും വിഷമം തോന്നുന്നുണ്ടെങ്കില്‍ വന്നോളൂ. ശരിയാക്കി തരാം '' അദ്ദേഹം പറഞ്ഞു.

'' കാണുമ്പോള്‍ എങ്ങിനെയുണ്ട് '' തിരിച്ചു പോരുമ്പോള്‍ അമ്മ ചോദിച്ചു.

'' എന്താ ഒരു ചന്തം. ആരെങ്കിലും കണ്ണു വെക്ക്വോന്നാ എനിക്കു പേടി '' ഞാന്‍ പറഞ്ഞു.

'' അതേ, നമുക്ക് ഡോക്ടറെ ഒന്നു കാണണം. താഴത്തെ വരീലെ പല്ല് വെക്കുമ്പോള്‍ എന്തോ ഒരു അസ്കിത ''.

പിറ്റേന്ന് അമ്മയെക്കൂട്ടി ഡോക്ടറെ ചെന്നു കണ്ടു. അദ്ദേഹം വെപ്പുപല്ല് വാങ്ങി രാകി ശരിയാക്കി കൊടുത്തു.

'' ഇപ്പോള്‍ എങ്ങിനെയുണ്ട് '' അദ്ദേഹം അന്വേഷിച്ചു.

'' ഇപ്പൊ കുഴപ്പൂല്യാ '' അമ്മയ്ക്ക് തൃപ്തിയായി. പക്ഷെ അമ്മ അധിക ദിവസം ആ പല്ല് ഉപയോഗിച്ചില്ല. ചോദിച്ചാല്‍ '' വീട്ടിലിരിക്കുമ്പോള്‍ എന്തിനാ ആ കുന്ത്രാണ്ടം വായില്‍ തിരുകുന്നത് '' എന്നു പറയും.

അഞ്ചാറു മാസം കടന്നുപോയി. ഒരുദിവസം എന്തോ തിരയുന്ന കൂട്ടത്തില്‍ ഒരു ടിന്നില്‍ അമ്മ വെപ്പുപല്ല് സൂക്ഷിച്ചു വെച്ചിരിക്കുന്നത് കണ്ടു. 




'' അമ്മ പല്ല് വെക്കില്യാന്ന് ഉറപ്പിച്ച്വോ '' ഞാന്‍ അമ്മയോട് ചോദിച്ചു.

'' നിന്‍റെ ഓരോരോ കേനക്കേടേ. ആ കാശുണ്ടെങ്കില്‍ അര പവന്‍റെ മോതിരം വാങ്ങിക്കായിരുന്നു ''.

'' എന്നിട്ട് അത് വായില്‍ തിരുകി നടക്കാനോ '' അമ്മ അതിന് പ്രതികരിച്ചില്ല

ഞാന്‍ ഒരു കാര്‍ഡ്ബോര്‍ഡ് എടുത്തു. അതില്‍ കരിക്കട്ടകൊണ്ട് '' ഒരു സെറ്റ് പഴയ വെപ്പുപല്ല് കൊടുക്കാനുണ്ട്. ആവശ്യക്കാര്‍ സമീപിക്കുക '' എന്നെഴുതി അതിന്‍റെ ചുവടെ അമ്മയുടെ പേരും ചേര്‍ത്തു.

'' ഇത് ഒരു പട്ടികയില്‍ തറച്ച് റോഡോരത്ത് വെച്ചോട്ടെ അമ്മേ '' ഞാന്‍ അമ്മയെ സമീപിച്ച് ബോര്‍ഡ് കാണിച്ചുകൊടുത്തു. അമ്മ അക്ഷരങ്ങളിലൂടെ കണ്ണോടിച്ചു.

'' കല്യാണം കഴിഞ്ഞ് ഒരു കുട്ടിയായി. എന്നിട്ടും നിന്‍റെ കുട്ടിക്കളി വിട്ടിട്ടില്ല '' അമ്മ ആ കാര്‍ഡ്ബോര്‍ഡ് വലിച്ചെറിഞ്ഞു. മുറ്റത്തെ തുളസിത്തറയും കടന്ന് ഒരു ഓരത്ത് അത് പറന്നു വീണു.