Friday, March 25, 2016

സൌമിത്രേയം.

കര്‍ക്കിടകമാസക്കാലത്ത് രാമായണപാരായണം ചെയ്യുന്ന പതിവ് വളരെ മുമ്പു മുതലേ വീട്ടിലുണ്ടായിരുന്നു. ആദ്യകാലത്ത് എന്‍റെ മുത്തശ്ശിയാണ് വായിച്ചിരുന്നത്. ഉച്ചയൂണിന്നുശേഷവും രാത്രിയിലും ആണ് വായിക്കാറ്. കുളി കഴിഞ്ഞാല്‍ ഈറനോടുകൂടി മുത്തശ്ശി അഹല്യാവൃത്താന്തവും ആദിത്യസ്തുതിയും ജപിക്കും. അവര്‍ക്ക് അതെല്ലാം ഹൃദിസ്ഥമായിരുന്നു. അതെല്ലാം കേട്ടാണ് ഞാന്‍ വളര്‍ന്നത്. മുത്തശ്ശിക്കുശേഷം അമ്മ രാമായണം വായിക്കുന്ന ദൌത്യം ഏറ്റെടുത്തു. രണ്ടു ദശാബ്ദങ്ങള്‍ക്കുശേഷം അമ്മയും മണ്‍മറഞ്ഞു. ഇപ്പോള്‍ ഞാനും ഭാര്യയും അതു നിര്‍വ്വഹിക്കുന്നു. 

ഓരോ തവണ വായിച്ചു തീരുമ്പോഴും ലക്ഷ്മണന്‍ എന്ന കഥാപാത്രം എന്‍റെ മനസ്സില്‍ വേദന പകരാറുണ്ട്.  ഇതിഹാസനായകനെ  നിഴല്‍പോലെ എന്നും പിന്‍തുടര്‍ന്ന ഈ അനുജന് തന്‍റേതായ അഭിപ്രായങ്ങളോ അഭിലാഷങ്ങളോ ഉണ്ടായിരുന്നില്ല. ജ്യേഷ്ഠന്‍റെ ആജ്ഞാനുവര്‍ത്തി മാത്രമായിരുന്നു അയാള്‍ ജീവിതംതന്നെ ജ്യേഷ്ഠന് സമര്‍പ്പിച്ചതാണ് . എന്നിട്ടും  അയാള്‍ക്കായി വിധി ഒരുക്കിയത്  ഒരു ദുരന്തമായിരുന്നു. 

ലക്ഷ്മണനിലൂടെ രാമായണം അവതരിപ്പിക്കണമെന്ന് എനിക്കു മോഹം തോന്നി. ഒരു ദിവസം ഒരു അദ്ധ്യായം വീതം ഒരു കര്‍ക്കിടകമാസത്തില്‍ ഞാനിത് എഴുതി തീര്‍ത്തു. അങ്ങിനെയാണ് ''സൌമിത്രേയം '' എന്ന ഈ കൃതി രൂപം കൊള്ളുന്നത് രാമായണമാണ് ഇതിവൃത്തമെങ്കിലും ഒരു നോവലിന്‍റെ രസനീയതയോടെ ഇത്  വായിച്ചാസ്വദിക്കാനാകും.

എന്‍റെ സുഹൃത്തും കഥാകൃത്തുമായ ശ്രി.സി.വി. കൃഷ്ണകുമാര്‍ ധാരാളം വായിക്കുന്ന ഒരാളാണ്. ഈ നോവലിന്ന് അവതാരിക എഴുതിയതിന്നു പുറമേ ചിത്രകലയില്‍ ബിരുദധാരിയായ അദ്ദേഹം ഇതിന്‍റെ കവര്‍പേജും വരച്ചുതന്നു.


 





 '' ഏകതത്വ പബ്ലിക്കേഷന്‍സ് പാലക്കാടാണ് '' പുസ്തകം പ്രസിദ്ധീകരിച്ചത്. ഈ കഴിഞ്ഞ പതിനേഴാം തിയ്യതി ( 2016 മാര്‍ച്ച് 17 ) രാമനവമിയായിരുന്നു. പാലക്കാട് കോട്ടയിലുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ '' ആഞ്ജനേയ സേവാ സമിതി ''യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ പരിസമാപ്തി അന്നാണ്. ആ വേദിയില്‍വെച്ച് എന്‍റെ പുസ്തകം പ്രകാശനം ചെയ്യാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണെന്ന് ഞാന്‍ കരുതി. ആഞ്ജനേയ സേവാ സമിതിയുടെ ഭാരവാഹികളുമായി ഞാന്‍ ബന്ധപ്പെട്ടു. എല്ലാവിധ സഹായസഹകരണങ്ങളും ചെയ്യാമെന്ന് അവര്‍ ഏറ്റു.
ആ സമയത്തിന്ന് പുസ്തകം തയ്യാറാവണമല്ലോ. ഞാന്‍ പബ്ലിഷറോട് വിവരം പറഞ്ഞു. അദ്ദേഹം പുസ്തകം ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കി. പതിനാറാം തിയ്യതി വൈകുന്നേരം പുസ്തകം എത്തിച്ചു തരികയും ചെയ്തു. രാമനവമി ഉത്സവദിവസം രാവിലെ ഞാന്‍ പാലക്കാട് കോട്ടയിലെത്തി. കോട്ടമൈതാനത്തേക്കുള്ള വഴിയില്‍ വാഹനത്തിരക്കായിരുന്നു. പ്രസാദ ഊട്ടില്‍ പങ്കെടുക്കാനെത്തിയവരെക്കൊണ്ട് കോട്ടയുടെ വിസ്തൃതമായ മുന്‍വശവും പാര്‍ക്കിങ്ങ് ഗ്രൌണ്ടും നിറഞ്ഞിരുന്നു. തൊഴാനെത്തിയവരുടെ ക്യൂ നീണ്ടു കിടക്കുകയാണ്. ഞാന്‍ സംഘാടകരെ കണ്ടു. ഭഗവാന്‍റെ മുന്നില്‍ പുസ്തകത്തിന്‍റെ ഒരു കോപ്പി സമര്‍പ്പിക്കാന്‍ അവര്‍ അവസരം ഉണ്ടാക്കിത്തന്നു.

ഉത്സവം പ്രമാണിച്ചുണ്ടാക്കിയ പ്രത്യേകവേദിയില്‍ സംഗീതകച്ചേരി പത്തു മണിക്ക് ആരംഭിക്കുമെന്ന അറിയിപ്പുണ്ടായി. അതിനുമുമ്പാണ് പ്രസാദ ഊട്ടിന്‍റെ ഉല്‍ഘാടനകര്‍മ്മം. പാലക്കാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ശ്രിമതി പ്രമീളാ ശശിധരന്‍, കൌണ്‍സിലര്‍മാര്‍  ആഞനേയ സേവാസമിതി ഭാരവാഹികള്‍ എന്നിവരടങ്ങിയ വേദിയിലേക്ക് എന്നേയും ക്ഷണിച്ചു. ഉല്‍ഘാടനകര്‍മ്മത്തിന്നുശേഷം പുസ്തകത്തിന്‍റെ ഒരു കോപ്പി നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രിമതി പ്രമീളാ ശശിധരന്‍ ആഞ്ജനേയ സേവാ സമിതി പ്രസിഡണ്ട് ശ്രി. കെ. ശങ്കരന്ന് നല്‍കി പുസ്തകത്തിന്‍റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.

 ആശംസ പ്രസംഗങ്ങള്‍  പുസ്തകത്തെക്കുറിച്ചുള്ള എന്‍റെ ലഘുവിവരണം, ആഞ്ജനേയ സേവാ സമിതി നിര്‍ദ്ധനരായ രോഗികള്‍ക്ക് നല്‍കിവരാറുള്ള  ചികിത്സാ സഹായം നിര്‍ദ്ധനകുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക്  നല്‍കുന്ന മംഗല്യ സഹായം എന്നിവയുടെ വിതരണം എന്നീ ചടങ്ങുകളോടെ യോഗം സമാപിച്ചു. പുസ്തകത്തിന്‍റെ കവര്‍ച്ചിത്രം വരച്ചുതരികയും ചെയ്ത എന്‍റെ സുഹൃത്ത്      ശ്രി. സി.വി.കൃഷ്ണകുമാര്‍, പുസ്തകം പ്രസിദ്ധീകരിച്ച ഏകതത്വ പബ്ലിക്കേഷന്‍സ് പാലക്കാട്, ഉടമ ശ്രി. ഇ.ടി. മുരളിധരന്‍, ആഞ്ജനേയ സേവാ സമിതി, കദളിവനം, പാലക്കാടിന്‍റെ ഭാരവാഹികള്‍, വിശിഷ്യ സെക്രട്ടറി ശ്രി. വി. കാശിവിശ്വനാഥന്‍ എന്നിവരോട് എനിക്കുള്ള കൃതജ്ഞത ഞാന്‍ രേഖപ്പെടുത്തുന്നു.